പ്ലാസ്റ്റിക് കറൻസി നോട്ടുകൾ വരുന്നു; ആർബിഐയുടെ നിർദേശത്തിന് കേന്ദ്രത്തിന്റെ അംഗീകാരം
ന്യൂഡൽഹി: കടലാസ് നോട്ടുകൾക്ക് പകരം പോളിമർ ഉപയോഗിച്ച് നിർമിക്കുന്ന കറൻസി നോട്ടുകൾ പുറത്തിറക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) നിർദേശത്തിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അംഗീകാരം. പരീക്ഷണാടിസ്ഥാനത്തിൽ 10 രൂപ, 20 രൂപ, 100 രൂപ വിഭാഗങ്ങളിലെ പോളിമർ നോട്ടുകൾ പുറത്തിറക്കാനാണ് തീരുമാനം. ഓരോ വിഭാഗത്തിലും 100 കോടി വീതം നോട്ടുകളാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കുക. പരീക്ഷണം വിജയകരമായാൽ പോളിമർ നോട്ടുകളുടെ ഉപയോഗം വ്യാപിപ്പിക്കും.
കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. കടലാസ് കറൻസികളേക്കാൾ കൂടുതൽ കാലം ഉപയോഗിക്കാനാകുന്നതും ഈടുനിൽക്കുന്നതുമാണ് പോളിമർ നോട്ടുകളുടെ പ്രധാന പ്രത്യേകതയെന്ന് ആർബിഐ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന തോതിൽ പണവിനിമയം നടക്കുന്ന സമ്പദ് വ്യവസ്ഥകൾക്ക് ഇത്തരം നോട്ടുകൾ കൂടുതൽ അനുയോജ്യമാണെന്നും കേന്ദ്രബാങ്ക് വ്യക്തമാക്കി.
അതേസമയം, പുതിയ നീക്കം കടലാസ് കറൻസികളുടെ പൂർണമായ അവസാനത്തെ സൂചിപ്പിക്കുന്നതല്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നിലവിൽ പ്രചാരത്തിലുള്ള കടലാസ് നോട്ടുകൾക്കൊപ്പം തന്നെയായിരിക്കും പോളിമർ നോട്ടുകളും ഉപയോഗിക്കുക. ഘട്ടംഘട്ടമായി കടലാസ് നോട്ടുകൾ പിൻവലിച്ച് പൂർണമായും പ്ലാസ്റ്റിക് നോട്ടുകളിലേക്ക് മാറാനുള്ള പദ്ധതിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
പോളിമർ നോട്ടുകളുടെ വരവ് ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ഇപ്പോൾ വിലയിരുത്താനാകില്ലെന്നും ആർബിഐ അറിയിച്ചു. നോട്ടുകൾ പ്രചാരത്തിലെത്തിയ ശേഷമേ അതിന്റെ സ്വാധീനം വ്യക്തമായി മനസ്സിലാക്കാൻ കഴിയൂ. കറൻസിയും ഡിജിറ്റൽ പണമിടപാടുകളും പരസ്പരം പൂരകമായ സംവിധാനങ്ങളായി തുടരുമെന്നാണ് ആർബിഐയുടെ നിലപാട്.
ലോകത്ത് ആദ്യമായി പോളിമർ കറൻസി അവതരിപ്പിച്ചത് ഓസ്‌ട്രേലിയയാണ്. 1988ലാണ് രാജ്യം പ്ലാസ്റ്റിക് നോട്ടുകളുടെ ഉപയോഗം ആരംഭിച്ചത്. നിലവിൽ അറുപതോളം രാജ്യങ്ങൾ പോളിമർ കറൻസി ഉപയോഗിക്കുന്നുണ്ട്. കൂടുതൽ സുരക്ഷയും ദീർഘകാല ഉപയോഗക്ഷമതയും ലക്ഷ്യമിട്ടാണ് പല രാജ്യങ്ങളും ഇത്തരം നോട്ടുകളിലേക്ക് മാറിയത്.
അതേസമയം, കറൻസി നോട്ടുകളുടെ അച്ചടിക്കുള്ള ചെലവിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. 2025-26 സാമ്പത്തിക വർഷത്തിൽ നോട്ടുകൾ അച്ചടിക്കുന്നതിനായി 4,875.2 കോടി രൂപയാണ് ചെലവായത്. 2024-25 സാമ്പത്തിക വർഷത്തിൽ ഇത് 6,372 കോടിയായിരുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ ഉപയോഗശൂന്യമായ 1,702 കോടി നോട്ടുകൾ റിസർവ് ബാങ്ക് വിപണിയിൽ നിന്ന് പിൻവലിച്ച് നശിപ്പിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. മുൻ സാമ്പത്തിക വർഷത്തിൽ പിൻവലിച്ച മുഷിഞ്ഞ നോട്ടുകളുടെ എണ്ണം 2,386 കോടിയായിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.