ആലപ്പുഴ 'രക്ഷാപ്രവര്‍ത്തനം': മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
ആലപ്പുഴ: നവകേരള സദസ്സിനിടെ ആലപ്പുഴയിലുണ്ടായ 'രക്ഷാപ്രവര്‍ത്തന'വുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘം പ്രതി ചേര്‍ത്ത മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ സേനാംഗങ്ങളായിരുന്ന ഷൈജു, വിപിന്‍, അരുണ്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യത്തിനായി ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്. പ്രതികളുടെ അപേക്ഷ സ്വീകരിച്ച കോടതി കേസ് ജൂണ്‍ രണ്ടിന് പരിഗണിക്കാന്‍ മാറ്റിവെച്ചു.
അതേസമയം, ഇതേ കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍ കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി തീര്‍പ്പാക്കി. ചൊവ്വാഴ്ച്ച രാവിലെ കേസ് പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാതിരുന്നതിനെ തുടര്‍ന്ന് കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഉച്ചകഴിഞ്ഞ് പ്രോസിക്യൂഷന്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
നിലവില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത് ജാമ്യമുള്ള വകുപ്പുകള്‍ മാത്രമാണെന്നും, അതിനാല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ഭാവിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താനുള്ള വിദൂരസാധ്യത പോലും അന്വേഷണ റിപ്പോര്‍ട്ടിലോ, മുന്‍കൂര്‍ ജാമ്യ അപേക്ഷയെ എതിര്‍ത്തുള്ള ഒബ്ജക്ഷന്‍ റിപ്പോര്‍ട്ടിലോ ഇല്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.