അവസാനമില്ലാതെ ധൂര്‍ത്ത്; ഇന്നോവയ്ക്കായി 3.22 കോടി! മുഖ്യമന്ത്രിക്ക് പിന്നാലെ പത്ത് മന്ത്രിമാര്‍ക്കും പുതിയ കാർ വാങ്ങുന്നു
Jaihind TV News Report
Jaihind TV Web Desk
August 13, 2022
1 min read
•
Updated: June 28, 2026
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പിന്നാലെ സംസ്ഥാനത്തെ പത്ത് മന്ത്രിമാര്‍ക്കും പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ തീരുമാനം. ഇതിനായി 3 കോടി 22 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കാറുകള്‍ പഴയതായതുകൊണ്ടാണ് മാറ്റിവാങ്ങാന്‍ തീരുമാനം എടുത്തതെന്നാണ് വിശദീകരണം.
സംസ്ഥാന മന്ത്രിസഭയിലെ പത്ത് മന്ത്രിമാര്‍ക്കാണ് പുതിയ ഇന്നോവ ക്രിസ്റ്റകള്‍ വാങ്ങുവാന്‍ തീരുമാനം എടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ഇതിനായി തുക അനുവദിച്ച് ഉത്തരവിറക്കി. 3 കോടി 22 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പുതിയ വാഹനം വന്നാല്‍ മന്ത്രിമാര്‍ ഉപയോഗിച്ചിരുന്ന പഴയ കാറുകള്‍ വിനോദ സഞ്ചാര വകുപ്പിലേക്ക് തിരികെ നല്‍കും. മന്ത്രിമാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പഴയതായതിനാലാണ് പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങുന്നതെന്നാണ് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
കഴിഞ്ഞ മാസമാണ് പുതിയ രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഉപയോഗിക്കാനായിരുന്നു ഈ കാറുകള്‍. ഡല്‍ഹിയിലേക്കാണ് ഈ കാറുകള്‍ വാങ്ങിയത്. ഇതിനായി 72 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. അതിന് മുന്‍പ് ജൂണ്‍ മാസം അവസാനം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ധനവകുപ്പിന്‍റെയും ധനമന്ത്രിയുടെയും എതിര്‍പ്പ് മറികടന്ന് അഡ്വക്കേറ്റ് ജനറലിന് പുതിയ കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അഞ്ച് വര്‍ഷം പഴക്കവും 86,000 കിലോമീറ്ററും മാത്രം ഓടിയ കാര്‍ മാറ്റുന്നതില്‍ ധനവകുപ്പിന് എതിര്‍പ്പുണ്ടായിരുന്നു. എന്നിട്ടും എജിയുടെ ഉപയോഗത്തിനായി ഇന്നോവ ക്രിസ്റ്റ കാര്‍ വാങ്ങാന്‍ 16,18,000 രൂപയാണ് മന്ത്രിസഭാ തീരുമാനത്തിലൂടെ നീക്കിവെച്ചത്.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മുഖ്യമന്ത്രിക്ക് അകമ്പടിയായി പോകാന്‍ നാല് ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് ആഭ്യന്തര വകുപ്പ് നാല് ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങിയത്. ഇവയുടെ നിറം പിന്നീട് വെള്ളയില്‍ നിന്ന് കറുപ്പാക്കി മാറ്റുകയും ചെയ്തിരുന്നു. പഴക്കം ചെന്ന രണ്ട് കാറുകള്‍ മാറ്റണമെന്നാണ് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര വകുപ്പിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടത്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് കാര്‍ വാങ്ങുന്നതിന് ഒരു ഘട്ടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പ്രളയ കാലത്തെ പ്രതിസന്ധി പരിഗണിച്ചായിരുന്നു ഇത്. പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുന്ന ബില്ലുകളില്‍ ധനവകുപ്പിന്‍റെ പ്രത്യക അനുമതി ഈ ഘട്ടത്തില്‍ ആവശ്യമായിരുന്നു. എന്നാല്‍ ഇത് മറികടന്ന് ടൂറിസം വകുപ്പ് ഡയറക്ടര്‍ രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ മന്ത്രിസഭ വഴി അനുമതി വാങ്ങുകയായിരുന്നു. എന്നാല്‍ അന്ന് ആര്‍ക്ക് വേണ്ടിയാണ് പുതിയ കാറുകള്‍ വാങ്ങുന്നതെന്ന് വകുപ്പോ മന്ത്രിസഭയോ വ്യക്തമാക്കിയിരുന്നില്ല.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10