വെനസ്വേലയെ നടുക്കി ഇരട്ട ഭൂചലനം; ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം; 235 മരണം, ആയിരങ്ങളെ കാണാനില്ല
കാരക്കസ്: വെനസ്വേലയില്‍ വന്‍ നാശനഷ്ടം വിതച്ച് മിനിറ്റുകളുടെ ഇടവേളയില്‍ ശക്തമായ ഇരട്ട ഭൂചലനം. ദുരന്തത്തില്‍ ഇതുവരെ 235 മൃതദേഹങ്ങള്‍ കണ്ടെടുത്തു. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇരുനൂറിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് അധികൃതരുടെ പ്രാഥമിക നിഗമനം. പതിനായിരത്തിലധികം പേരെ കാണാതാവുകയും 1,500-ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍.
ബുധനാഴ്ച വൈകുന്നേരമാണ് റിക്ടര്‍ സ്‌കെയിലില്‍ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ രാജ്യം നേരിട്ടത്. വെനസ്വേലയുടെ ചരിത്രത്തില്‍ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനമാണിത്. കൂറ്റന്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ ഇരുനൂറിലേറെ ബഹുനില മന്ദിരങ്ങളാണ് ഭൂചലനത്തില്‍ നിലംപതിച്ചത്. നിലവില്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതിനേക്കാള്‍, കെട്ടിടങ്ങള്‍ക്കുള്ളില്‍ ജീവനോടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനാണ് ദുരന്തനിവാരണ സേന മുന്‍ഗണന നല്‍കുന്നത്.
തലസ്ഥാനമായ കാരക്കസിന്റെ വടക്കുള്ള തീരദേശ മേഖലയായ ലാ ഗൈറയിലാണ് ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇവിടുത്തെ വിമാനത്താവളത്തിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. രാജ്യത്തെ മുഴുവന്‍ രക്ഷാസംഘങ്ങളെയും ലാ ഗൈറയിലേക്ക് കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെനസ്വേലന്‍ ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തകര്‍ന്ന വീടുകളുടെയും ആശുപത്രികളുടെയും പുനര്‍നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ 200 മില്യണ്‍ ഡോളറിന്റെ അടിയന്തര ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. വെനസ്വേലയ്ക്ക് പിന്തുണയുമായി നിരവധി വിദേശരാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. മെക്‌സിക്കോ, ഖത്തര്‍, ബ്രസീല്‍, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ സൈനികര്‍, പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡ്, മെഡിക്കല്‍ സാമഗ്രികള്‍, വാട്ടര്‍ പ്യൂരിഫയറുകള്‍, ഡ്രോണുകള്‍ എന്നിവയടങ്ങിയ സഹായം പ്രഖ്യാപിച്ചു. ലിയോ പതിനാലാമന്‍ മാര്‍പാപ്പ ആദ്യഘട്ട സഹായമായി ഒരു ലക്ഷം യൂറോ കൈമാറി.
കൂടാതെ, വെനസ്വേലയ്‌ക്കെതിരെയുള്ള ഉപരോധങ്ങള്‍ക്ക് ഒക്ടോബര്‍ 23 വരെ യുഎസ് താല്‍ക്കാലിക ഇളവ് പ്രഖ്യാപിക്കുകയും 150 മില്യണ്‍ ഡോളറിന്റെ ധനസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കടുത്ത രാഷ്ട്രീയ അസ്ഥിരതയിലൂടെ രാജ്യം കടന്നുപോകുന്നതിനിടയിലാണ് വെനസ്വേലയെ തേടി പ്രകൃതിദുരന്തവും എത്തിയിരിക്കുന്നത്. കഴിഞ്ഞ ജനുവരി മുതല്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയും ഭാര്യയും അമേരിക്കയുടെ കസ്റ്റഡിയിലാണ്. നിലവില്‍ അമേരിക്കന്‍ പിന്തുണയുള്ള ഭരണകൂടമാണ് രാജ്യത്തുള്ളത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.