Logo
Thu, Aug 13, 2026 • 12:54 PM
LIVE TV
Watch

No business videos available

No Middle East videos available

കുട്ടികളെ സോഷ്യൽ മീഡിയയിൽ തളച്ചിട്ടോ? ടെക് ഭീമന്മാർക്കെതിരായ 3,000 കേസുകൾക്ക് കോടതിയുടെ പച്ചക്കൊടി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 13, 2026
1 min read
SHARE:
SAVE: Login to save

കുട്ടികളെ സോഷ്യൽ മീഡിയയിൽ തളച്ചിട്ടോ? ടെക് ഭീമന്മാർക്കെതിരായ 3,000 കേസുകൾക്ക് കോടതിയുടെ  പച്ചക്കൊടി

വാഷിങ്ടൺ: കുട്ടികളെയും കൗമാരക്കാരെയും സോഷ്യൽ മീഡിയയോട് അമിതമായി അടുപ്പിക്കുന്ന തരത്തിൽ പ്ലാറ്റ്ഫോമുകൾ രൂപകൽപ്പന ചെയ്തുവെന്ന ആരോപണത്തിൽ മെറ്റ, ഗൂഗിൾ, ടിക് ടോക്, സ്നാപ്ചാറ്റ് ഉൾപ്പെടെയുള്ള ടെക് കമ്പനികൾക്കെതിരായ 3,000-ത്തിലേറെ കേസുകൾ മുന്നോട്ടുകൊണ്ടുപോകാൻ യു.എസ്. അപ്പീൽ കോടതി അനുമതി നൽകി.

കമ്പനികൾ സമർപ്പിച്ച ഹർജികൾ തള്ളിയാണ് സാൻഫ്രാൻസിസ്കോ ആസ്ഥാനമായ ഒൻപതാം സർക്യൂട്ട് അപ്പീൽ കോടതി നിർണായക വിധി പുറപ്പെടുവിച്ചത്. യു.എസ്. കമ്യൂണിക്കേഷൻസ് ഡീസൻസി ആക്ടിലെ സെക്ഷൻ 230 പ്രകാരമുള്ള നിയമപരിരക്ഷ ചൂണ്ടിക്കാട്ടി കേസുകൾ പ്രാരംഭ ഘട്ടത്തിൽ തന്നെ തള്ളണമെന്നായിരുന്നു കമ്പനികളുടെ ആവശ്യം.

എന്നാൽ, സെക്ഷൻ 230ന്റെ പരിരക്ഷയുടെ അടിസ്ഥാനത്തിൽ ഈ ഘട്ടത്തിൽ കേസുകൾ പൂർണമായി അവസാനിപ്പിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ കുട്ടികളുടെ ഓൺലൈൻ സുരക്ഷയും സാമൂഹികമാധ്യമ കമ്പനികളുടെ ഉത്തരവാദിത്വവും സംബന്ധിച്ച നിർണായക നിയമപോരാട്ടത്തിന് വഴിതുറന്നു.

 കുട്ടികളെ കൂടുതൽ സമയം ഓൺലൈനിൽ നിർത്താൻ ഫീച്ചറുകൾ

ഉപയോക്താക്കളെ പരമാവധി സമയം പ്ലാറ്റ്ഫോമുകളിൽ തുടരാൻ പ്രേരിപ്പിക്കുന്ന തരത്തിൽ സാമൂഹികമാധ്യമ കമ്പനികൾ വിവിധ ഫീച്ചറുകൾ മനഃപൂർവം രൂപകൽപ്പന ചെയ്തെന്നാണ് പരാതിക്കാരുടെ പ്രധാന ആരോപണം. ഇതിന്റെ ഭാഗമായി കുട്ടികളിലും കൗമാരക്കാരിലും അമിതമായ സോഷ്യൽ മീഡിയ ഉപയോഗം വളരുകയും അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തെന്നാണ് ആരോപണം.

കമ്പനികൾ നിയമപരമായി ഉത്തരവാദികളാണെന്ന് കോടതി അന്തിമമായി വിധിച്ചിട്ടില്ല. എന്നാൽ, പരാതികളിൽ ഉന്നയിച്ച വാദങ്ങൾ കീഴ്ക്കോടതികളിൽ വിശദമായി പരിശോധിക്കാമെന്നാണ് അപ്പീൽ കോടതി വ്യക്തമാക്കിയത്.

സംസ്ഥാനങ്ങളും സ്കൂളുകളും രക്ഷിതാക്കളും പരാതിക്കാർ

വിവിധ യു.എസ്. സംസ്ഥാനങ്ങൾ, നഗരസഭകൾ, സ്കൂൾ ജില്ലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, രക്ഷിതാക്കൾ, വ്യക്തികൾ തുടങ്ങിയവരാണ് ടെക് കമ്പനികൾക്കെതിരെ കേസുകൾ ഫയൽ ചെയ്തിരിക്കുന്നത്. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിൽ ടെക് കമ്പനികൾ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് കോടതിയുടെ നിർണായക ഇടപെടൽ.

കേസുകൾ ഇനി കീഴ്ക്കോടതികളിൽ വിശദമായി പരിഗണിക്കപ്പെടും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ രൂപകൽപ്പനയും കുട്ടികളുടെ മാനസികാരോഗ്യത്തിൽ അവയ്ക്കുണ്ടാകുന്ന സ്വാധീനവും സംബന്ധിച്ച കൂടുതൽ നിയമനടപടികൾക്ക് കോടതി വിധി വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10