Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അമേരിക്കൻ അന്വേഷണ ഏജൻസിയെ വിറപ്പിച്ച് ഹാക്കർമാർ; എഫ്.ബി.ഐയുടെ നിർണായക ഡേറ്റാബേസ് ചോർത്തി

അമേരിക്കൻ അന്വേഷണ ഏജൻസിയെ വിറപ്പിച്ച് ഹാക്കർമാർ; എഫ്.ബി.ഐയുടെ നിർണായക ഡേറ്റാബേസ് ചോർത്തി

ലോകത്തെ പ്രധാന അന്വേഷണ ഏജൻസികളിലൊന്നായ അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്.ബി.ഐ) നിർണായക വിവരശേഖരത്തിന് നേരെ സൈബർ ആക്രമണം. നിയമപാലക ഏജൻസികളുടെ വിവരവിനിമയത്തിൽ പ്രധാന പങ്കുവഹിക്കുന്ന നാഷണൽ ക്രൈം ഇൻഫർമേഷൻ സെന്റർ (എൻ.സി.ഐ.സി) ഡേറ്റാബേസിലേക്കാണ് ഹാക്കർമാർ കടന്നുകയറിയതെന്നാണ് റിപ്പോർട്ടുകൾ. സമീപ മാസങ്ങൾക്കിടെ എഫ്.ബി.ഐ നേരിടുന്ന രണ്ടാമത്തെ വലിയ സൈബർ സുരക്ഷാ വീഴ്ചയാണിത്.

അമേരിക്കയിലുടനീളമുള്ള പൊലീസ് സേനകളും അന്വേഷണ ഏജൻസികളും ദൈനംദിന പ്രവർത്തനങ്ങൾക്കായി ആശ്രയിക്കുന്ന സംവിധാനമാണ് എൻ.സി.ഐ.സി. പിടികിട്ടാപ്പുള്ളികളെ കണ്ടെത്താനും, നിലവിലുള്ള അറസ്റ്റ് വാറണ്ടുകൾ പരിശോധിക്കാനും, പശ്ചാത്തല പരിശോധനകൾക്കുമായി ഈ ഡേറ്റാബേസ് ഉപയോഗിക്കുന്നു. നുഴഞ്ഞുകയറ്റം അടുത്ത ദിവസങ്ങളിലാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, എത്രത്തോളം വിവരങ്ങൾ ചോർന്നിട്ടുണ്ടെന്നോ ഹാക്കിങ്ങിന്റെ പൂർണ്ണരൂപം എന്താണെന്നോ സ്ഥിരീകരിച്ചിട്ടില്ല. എഫ്.ബി.ഐ സംഭവത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

വിവരങ്ങൾ ചോരുന്നതിനേക്കാൾ വലിയ അപകടസാധ്യത ഡേറ്റാബേസിലെ വിവരങ്ങളുടെ കൃത്യതയിൽ ഹാക്കർമാർ തിരിമറി നടത്താനുള്ള സാധ്യതയാണെന്ന് മുൻ എഫ്.ബി.ഐ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിച്ചു. വിവരങ്ങളിൽ മാറ്റം വരുത്തിയാൽ നിരപരാധികൾ കുറ്റവാളികളായി ചിത്രീകരിക്കപ്പെടാനോ, കുറ്റവാളികളുടെ വിവരങ്ങൾ മായ്ക്കപ്പെടാനോ ഇടയുണ്ടെന്നും, ഇത് ഫെഡറൽ-പ്രാദേശിക അന്വേഷണ ഏജൻസികൾ തമ്മിലുള്ള ഏകോപനത്തെയും വിശ്വാസ്യതയെയും ബാധിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അമേരിക്കയിലെ പ്രമുഖ ബാങ്കുകൾ, നാഷണൽ സെക്യൂരിറ്റി ഏജൻസി (എൻ.എസ്.എ), ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (എഫ്.എ.എ) എയർ ട്രാഫിക് കൺട്രോൾ സംവിധാനം എന്നിവയ്ക്കെതിരെ സമീപകാലത്തുണ്ടായ സൈബർ ആക്രമണങ്ങളുടെയും സാങ്കേതിക തടസ്സങ്ങളുടെയും പശ്ചാത്തലത്തിലാണ് പുതിയ സംഭവം. ഇതിനിടെ, എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേൽ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഏജൻസിയുടെ സൈബർ സുരക്ഷാ നടപടികളെയും മുൻപ് പൂർത്തിയായ 'ഓപ്പറേഷൻ വിന്റർ ഷീൽഡ്' പദ്ധതിയെയും പ്രശംസിച്ച് സംസാരിച്ചെങ്കിലും, എൻ.സി.ഐ.സി ഡേറ്റാബേസിലെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് പരാമർശിച്ചില്ല.

കഴിഞ്ഞ സെപ്റ്റംബറിൽ 'ഷൈനിഹണ്ടേഴ്സ്' (ShinyHunters) എന്ന ഹാക്കർ ഗ്രൂപ്പ് എഫ്.ബി.ഐയുടെ ജോബ് വെബ്സൈറ്റിൽ നുഴഞ്ഞുകയറി ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കനേഡിയൻ സൈബർ സുരക്ഷാ ഗവേഷകനും എഴുത്തുകാരനുമായ ഒരാളെ അറസ്റ്റ് ചെയ്ത് കുറ്റം ചുമത്തിയിരുന്നു. 2023-ലും എഫ്.ബി.ഐയുടെ ന്യൂയോർക്ക് ഫീൽഡ് ഓഫീസിലെ കംപ്യൂട്ടർ ശൃംഖലയിൽ സൈബർ നുഴഞ്ഞുകയറ്റമുണ്ടായിരുന്നു. നിലവിലെ എൻ.സി.ഐ.സി ആക്രമണത്തിന് പിന്നിൽ ഏത് സംഘമാണെന്നോ മുൻകാല സംഭവങ്ങളുമായി ബന്ധമുണ്ടോ എന്നോ വ്യക്തമായിട്ടില്ല


Related articles

See all
Popular News

ഇന്ത്യയിലെ ഗവേഷകർക്ക് സന്തോഷവാർത്ത: ഒരു വർഷത്തേക്ക് ചാറ്റ് ജിപിടി പ്ലസ് സൗജന്യമായി നൽകാൻ ഓ...

Popular News

ആപ്പിൾ സേവനങ്ങളിൽ വ്യാപക തടസ്സം: കാരണം ആഭ്യന്തര അപ്ഡേറ്റെന്ന് വിശദീകരണം

Popular News

മെറ്റയ്ക്ക് വെല്ലുവിളിയുമായി ആപ്പിൾ സ്മാർട് ഗ്ലാസ് വിപണിയിലേക്ക്; പ്രധാന സവിശേഷത സിരി എഐ

Popular News

36 മണിക്കൂർ നീണ്ട ആഗോള പ്രതിസന്ധിക്ക് വിരാമം; സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ച് മൈക്രോസോ...

Save your stories

Sign in