ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കൈകോർക്കുന്നു; ലഹരിക്കെതിരെ കേരളത്തിന്റെ ‘ഓപ്പറേഷൻ തൂഫാന്’ ശക്തമായ പിന്തുണ
തിരുവനന്തപുരം: കേരള സർക്കാർ നടപ്പാക്കുന്ന ലഹരിവിരുദ്ധ പ്രത്യേക ദൗത്യമായ ‘ഓപ്പറേഷൻ തൂഫാൻ' ശക്തിപ്പെടുത്താൻ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കൈകോർക്കുന്നു. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളാണ് അന്തർസംസ്ഥാന ലഹരിക്കടത്ത് തടയുന്നതിനും വിവരങ്ങൾ പങ്കുവെക്കുന്നതിനുമായി സംയുക്ത നീക്കത്തിന് തയ്യാറായത്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. വിവിധ സംസ്ഥാനങ്ങളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്ത് ലഹരിമാഫിയക്കെതിരായ ഏകോപിത നടപടികൾക്ക് രൂപം നൽകി.
കേരളത്തിലേക്ക് കടത്താൻ ശ്രമിക്കുന്ന മാരക ലഹരിവസ്തുവായ എംഡിഎംഎ ഉൽപാദിപ്പിക്കുന്ന ലബോറട്ടറികൾ കർണാടകയിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും, ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആഭ്യന്തരമന്ത്രിയെ അറിയിച്ചതായും യോഗത്തിൽ വ്യക്തമാക്കി. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ ലഹരിവസ്തുക്കൾ എത്തുന്നത് ആന്ധ്രപ്രദേശ് വഴിയാണെന്നും അന്വേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ആഭ്യന്തരമന്ത്രി വരും ദിവസങ്ങളിൽ നേരിട്ട് സന്ദർശിച്ച് തുടർ സഹകരണം ഉറപ്പാക്കും. ഇതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ചതായും സർക്കാർ അറിയിച്ചു.
ഇതിനൊപ്പം, മറ്റ് സംസ്ഥാനങ്ങളിലെ ജയിലുകളിൽ ലഹരിക്കേസുകളിൽ അറസ്റ്റിലായി കഴിയുന്ന മലയാളികളുടെ വിവരങ്ങൾ ശേഖരിക്കാനും ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. ബെംഗളൂരുവിലെ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ മാത്രം 63 മലയാളികൾ ലഹരിക്കേസുകളിൽ കഴിയുന്നുവെന്ന വിവരം അടുത്തിടെ പുറത്തുവന്നിരുന്നു.
“ലഹരിമാഫിയക്കെതിരായ നടപടികളിലും രഹസ്യവിവര കൈമാറ്റത്തിലും കേന്ദ്ര ഏജൻസികളുടെ പൂർണ പിന്തുണ ലഭിക്കും. കേരളത്തിലേക്കുള്ള ലഹരിവസ്തുക്കളുടെ ഒഴുക്ക് പൂർണമായും തടയുകയാണ് ലക്ഷ്യം,” ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
പ്രധാന തീരുമാനങ്ങൾ
* അഞ്ച് സംസ്ഥാനങ്ങളും എസ്.പി. റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥനെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസറായി നിയമിക്കും.
* റവന്യൂ ഇന്റലിജൻസ്, കസ്റ്റംസ്, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളും പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കും.
* ലഹരിക്കടത്ത് സംഘങ്ങളുടെ താവളങ്ങൾ, നീക്കങ്ങൾ, രഹസ്യവിവരങ്ങൾ എന്നിവ സംസ്ഥാനങ്ങൾ തമ്മിൽ കൈമാറും.
* അഞ്ച് സംസ്ഥാനങ്ങളുടെയും ഡി.ജി.പി.മാർ തമ്മിൽ സ്ഥിരമായ ഏകോപനവും ആശയവിനിമയവും ഉറപ്പാക്കും.
* വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, സംസ്ഥാന അതിർത്തികൾ എന്നിവിടങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കും.
* കുറിയർ സർവീസുകളും ഭക്ഷണ വിതരണ ഓൺലൈൻ പ്ലാറ്റ്ഫോമുകളും നിരീക്ഷണ പരിധിയിൽ കൊണ്ടുവരും.
* തെലങ്കാനയിൽ നടപ്പിലാക്കിയിരിക്കുന്നതുപോലെ, കോളജ് പ്രവേശന സമയത്ത് ലഹരിവസ്തുക്കൾ ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം വിദ്യാർഥികളിൽ നിന്ന് വാങ്ങുന്ന മാതൃക കേരളത്തിലും നടപ്പാക്കാനുള്ള സാധ്യത വിദ്യാഭ്യാസ വകുപ്പുമായി ചർച്ച ചെയ്യും.
കേരളത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ സംയുക്ത നീക്കം, ദക്ഷിണേന്ത്യയിൽ ലഹരിമാഫിയയുടെ പ്രവർത്തനങ്ങൾ ചെറുക്കുന്നതിനും അന്തർസംസ്ഥാന ലഹരിക്കടത്ത് തടയുന്നതിനും ശക്തമായ സഹകരണ മാതൃകയാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.