നൂറുദിന കർമ്മപരിപാടിയിലെ വാഗ്ദാനം പാലിച്ച് സർക്കാർ: പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ സ്കോളർഷിപ്പ് കുടിശ്ശിക തീർപ്പാക്കി; 30 കോടി കൂടി അനുവദിച്ച് സർക്കാർ
സംസ്ഥാനത്തെ പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് കുടിശ്ശിക പൂർണ്ണമായും തീർപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിച്ചു. ഇതിനായി 30 കോടി രൂപ കൂടി അധികമായി അനുവദിച്ച് ഉത്തരവിറക്കിയതായി പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി അറിയിച്ചു. ഒ.ഇ.സി., ഒ.ബി.സി. വിഭാഗങ്ങളിലെ പോസ്റ്റ് മെട്രിക് വിദ്യാർഥികൾക്ക് ലഭിക്കാനുണ്ടായിരുന്ന ആകെ 310 കോടി രൂപയുടെ കുടിശ്ശികയാണ് ഈ പുതിയ ഉത്തരവിലൂടെ പൂർണ്ണമായി പരിഹരിക്കപ്പെടുന്നത്.
പുതിയ യു.ഡി.എഫ്. സർക്കാർ അധികാരമേറ്റെടുത്ത് 84 ദിവസത്തിനുള്ളിൽ പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ ക്ഷേമത്തിനായി ആകെ 310 കോടി രൂപ അനുവദിച്ചു കഴിഞ്ഞതായി സർക്കാർ വ്യക്തത വരുത്തി. അനുവദിച്ച തുക അർഹരായ വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് (DDT) എത്തിക്കുന്നതിനുള്ള തുടർനടപടികൾ പിന്നാക്ക ക്ഷേമവകുപ്പ് വേഗത്തിലാക്കും.
മുൻ സർക്കാരിന്റെ കാലത്തുണ്ടായ സ്കോളർഷിപ്പ് വിതരണത്തിലെ കാലതാമസം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് നിലവിലെ സർക്കാർ അടിയന്തര പ്രാധാന്യത്തോടെ വിഷയത്തിൽ ഇടപെട്ടത്. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയ സുപ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ഇതോടെ പൂർത്തീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.