കേന്ദ്രസർക്കാരിന്റെ മണ്ഡലപുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി വിജയ്. പാർലമെന്റിലെ ലോക്‌സഭാ സീറ്റുകളുടെ ആകെ എണ്ണം നിലവിലെ 543 ആയി തന്നെ നിലനിർത്തണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ജനസംഖ്യാ നിയന്ത്രണം കാര്യക്ഷമമായി നടപ്പിലാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യവും സ്വാധീനവും കുറയാൻ പുതിയ മണ്ഡലപുനർനിർണയം കാരണമാകുമെന്നും, അതിനാൽ ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ അവകാശങ്ങൾ സംരക്ഷിക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
നാല് പ്രധാന ആവശ്യങ്ങളാണ് തമിഴ്‌നാട് സർക്കാർ ഈ പ്രമേയത്തിലൂടെ മുന്നോട്ടുവെച്ചിരിക്കുന്നത്:
ലോക്‌സഭയിലെ ആകെ അംഗസംഖ്യ 543 ആയി ശാശ്വതമായി നിലനിർത്തുക.
സംസ്ഥാനങ്ങൾ തമ്മിലുള്ള നിലവിലെ സീറ്റ് വിഭജന അനുപാതം തുടരുക.
ജനസംഖ്യയും സംസ്ഥാനങ്ങളും തമ്മിലുള്ള 2.2:1 എന്ന അനുപാതം അതേപടി നിലനിർത്തുക.
2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതൽ തന്നെ നിലവിലുള്ള 543 സീറ്റുകളുടെ അടിസ്ഥാനത്തിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പിലാക്കുക.
വനിതാ സംവരണം എന്നത് ആരുടെയും ഔദാര്യമല്ലെന്നും, മറിച്ച് അത് സ്ത്രീകളുടെ ജനാധിപത്യപരമായ അവകാശവും സാമൂഹിക നീതിയുടെ ഭാഗവുമാണെന്നും വിജയ് ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, സംവരണം നടപ്പിലാക്കുന്നതിൽ ഇനി ഒട്ടും കാലതാമസം ഉണ്ടാകരുതെന്നും കൂട്ടിച്ചേർത്തു. അതേസമയം, മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം തങ്ങളുടെ നിലപാടിനോട് പൂർണ്ണമായും ചേർന്നുനിൽക്കുന്നതാണെന്ന് ഡി.എം.കെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ പ്രതികരിച്ചു. മുൻകാലങ്ങളിൽ സ്വീകരിച്ച ശക്തമായ പ്രതിരോധ നടപടികൾ കൊണ്ടാണ് തമിഴ്‌നാടിന് 39 സീറ്റുകൾ നിലനിർത്താൻ കഴിഞ്ഞതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.