Logo
Mon, Aug 10, 2026 • 03:52 PM
LIVE TV
Watch

No business videos available

No Middle East videos available

ഊബറിനെയും ഒലയെയും സ്വിഗ്ഗിയെയും പിന്നിലാക്കി റാപ്പിഡോ; ഇന്ത്യയിലെ കൺസ്യൂമർ ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാമത്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 10, 2026
1 min read
SHARE:
SAVE: Login to save

ഊബറിനെയും ഒലയെയും സ്വിഗ്ഗിയെയും പിന്നിലാക്കി റാപ്പിഡോ; ഇന്ത്യയിലെ കൺസ്യൂമർ ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാമത്

ബെംഗളൂരു: ഊബർ, ഓല, സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ്, സെപ്റ്റോ തുടങ്ങിയ പ്രമുഖ കമ്പനികളെ പിന്നിലാക്കി ഇന്ത്യയിലെ കൺസ്യൂമർ ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാം സ്ഥാനത്തെത്തി റാപ്പിഡോ. മാർച്ച് മുതൽ മേയ് വരെയുള്ള കാലയളവിലെ കണക്കുകളിലാണ് റാപ്പിഡോയുടെ മുന്നേറ്റം.

ഡിജിറ്റൽ ആപ്പ് ഇന്റലിജൻസ് സ്ഥാപനമായ സെൻസർ ടവർ (Sensor Tower) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ മൂന്ന് മാസങ്ങളിൽ റാപ്പിഡോയ്ക്ക് പ്രതിമാസം ശരാശരി 8.2 കോടി സജീവ ഉപയോക്താക്കളാണ് (Monthly Active Users - MAUs) ഉണ്ടായിരുന്നത്. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 67 ശതമാനം വളർച്ചയാണ് റാപ്പിഡോ രേഖപ്പെടുത്തിയത്.

സജീവ ഉപയോക്താക്കളുടെ എണ്ണത്തിൽ ബ്ലിങ്കിറ്റ് 7.9 കോടി, സ്വിഗ്ഗി 6.7 കോടി, സൊമാറ്റോ 6.3 കോടി, സെപ്റ്റോ 5.8 കോടി, ഊബർ 3.9 കോടി, ഓല 2.7 കോടി എന്നിങ്ങനെയാണ് കണക്കുകൾ.

റൈഡ് ബുക്കിങ്ങിലും റാപ്പിഡോയുടെ മുന്നേറ്റം ശ്രദ്ധേയമാണ്. മാർച്ചിൽ മാത്രം റാപ്പിഡോ വഴി പ്രതിദിനം ശരാശരി 65 ലക്ഷം റൈഡുകളാണ് ബുക്ക് ചെയ്തത്. ഇതേ കാലയളവിൽ ഊബറിൽ ഏകദേശം 37 ലക്ഷം റൈഡുകളും ഓലയിൽ 15 ലക്ഷം റൈഡുകളുമാണ് നടന്നത്.

ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ റാപ്പിഡോയുടെ പ്രതിമാസ ഇടപാട് നടത്തുന്ന ഉപയോക്താക്കളുടെ എണ്ണം (Monthly Transacting Users - MTUs) 3.6 കോടിയായി. ബ്ലിങ്കിറ്റിന്റെ 2.7 കോടി, സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും 2.5 കോടി വീതമുള്ള കണക്കുകളെക്കാൾ മുന്നിലാണ് റാപ്പിഡോ.

ഡ്രൈവർമാർക്കായി സബ്‌സ്‌ക്രിപ്ഷൻ മോഡൽ
റാപ്പിഡോയുടെ വളർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങളിലൊന്ന് കമ്പനിയുടെ വ്യത്യസ്തമായ ബിസിനസ് മോഡലാണ്. ഊബറും ഓലയും ഡ്രൈവർമാരിൽ നിന്ന് സാധാരണയായി 20 മുതൽ 30 ശതമാനം വരെ കമ്മീഷൻ ഈടാക്കുമ്പോൾ, റാപ്പിഡോ സബ്‌സ്‌ക്രിപ്ഷൻ മോഡലാണ് പ്രധാനമായും പിന്തുടരുന്നത്.

‘ക്യാപ്റ്റൻമാർ’ എന്ന് വിളിക്കുന്ന ഡ്രൈവർമാർ നിശ്ചിത സബ്‌സ്‌ക്രിപ്ഷൻ തുക പ്ലാറ്റ്‌ഫോമിന് നൽകുകയും തുടർന്ന് റൈഡിൽ നിന്നുള്ള വരുമാനത്തിന്റെ വലിയൊരു ഭാഗം സ്വന്തമായി നേടുകയും ചെയ്യുന്ന രീതിയാണിത്. ഡ്രൈവർമാരെ പ്ലാറ്റ്‌ഫോമിൽ നിലനിർത്തുന്നതിനും ഉപഭോക്താക്കൾക്ക് കൂടുതൽ മത്സരാധിഷ്ഠിതമായ നിരക്കുകൾ നൽകുന്നതിനും ഈ മോഡൽ സഹായിച്ചതായാണ് വിലയിരുത്തൽ. റാപ്പിഡോയുടെ ഈ മാതൃക വിജയിച്ചതോടെ ഊബറും ഓലയും ഉൾപ്പെടെയുള്ള എതിരാളികളും സബ്‌സ്‌ക്രിപ്ഷൻ അധിഷ്ഠിത മോഡലുകളിലേക്ക് നീങ്ങാൻ തുടങ്ങിയിട്ടുണ്ട്.

ടു-വീലറിൽ നിന്ന് ക്യാബിലേക്കും
2015ൽ ഓട്ടോ, ടു-വീലർ സർവീസുകളുമായി പ്രവർത്തനം ആരംഭിച്ച റാപ്പിഡോ 2023ൽ ക്യാബ് സർവീസിലേക്കും കടന്നു. പഞ്ചാബ്, പട്‌ന, സിലിഗുരി തുടങ്ങിയ നഗരങ്ങളിൽ ഇ-റിക്ഷാ സേവനങ്ങളും കമ്പനി നൽകുന്നുണ്ട്. ദിനംപ്രതി ഓഫീസുകളിലേക്ക് യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ട് കാർ-പൂളിങ് സേവനവും റാപ്പിഡോ അവതരിപ്പിച്ചിട്ടുണ്ട്. സബ്‌സിഡിയറി കമ്പനികളിലൂടെ മറ്റ് മേഖലകളിലേക്കും കമ്പനി പ്രവർത്തനം വ്യാപിപ്പിച്ചുവരികയാണ്.

798 മില്യൺ ഡോളർ സമാഹരണം
റാപ്പിഡോയുടെ വളർച്ചയ്ക്ക് കൂടുതൽ കരുത്തേകുന്നതാണ് അടുത്തിടെ നടന്ന വൻ ഫണ്ടിങ്. പ്രോസസ് (Prosus), ആക്സൽ (Accel), വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റൽ (WestBridge Capital) എന്നിവരുടെ നേതൃത്വത്തിൽ മേയിൽ നടന്ന 240 മില്യൺ ഡോളറിന്റെ ഫണ്ടിങ് റൗണ്ടോടെ കമ്പനിയുടെ ആകെ സമാഹരിച്ച നിക്ഷേപം 798 മില്യൺ ഡോളറായി.

ഫണ്ടിങ് പൂർത്തിയായതോടെ റാപ്പിഡോയുടെ മൂല്യം ഏകദേശം 300 കോടി ഡോളറായി, അതായത് ഏകദേശം 25,000 കോടി രൂപയായി, ഉയർന്നതായാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ റൈഡ്-ഹെയ്‌ലിങ് വിപണിയിൽ റാപ്പിഡോയുടെ വളർച്ചയും മത്സരശേഷിയും ശക്തമാകുന്നതിന്റെ സൂചനയായാണ് പുതിയ കണക്കുകൾ വിലയിരുത്തപ്പെടുന്നത്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10