മോദിയുടെ വിദേശയാത്രകള്‍ക്ക് അഞ്ച് വര്‍ഷത്തില്‍ 557.51 കോടി രൂപ ചെലവ്; കരാറുകളുടെ ഫലവും നിക്ഷേപ കണക്കുകളും വ്യക്തമല്ലെന്ന് ആരോപണം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചെലവഴിച്ചത് 557.51 കോടി രൂപയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 2021 മുതല്‍ 2026 ആഗസ്റ്റ് വരെ നടത്തിയ വിദേശയാത്രകളുടെ ചെലവ് സംബന്ധിച്ച കണക്കുകളാണ് രാജ്യസഭയില്‍ വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരറ്റ് പുറത്തുവിട്ടത്.
രാജ്യസഭാ എംപി വി. ശിവദാസന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് സര്‍ക്കാര്‍ കണക്കുകള്‍ നല്‍കിയത്. എന്നാല്‍, ഈ സന്ദര്‍ശനങ്ങളിലൂടെ ഒപ്പുവെച്ച വിവിധ കരാറുകള്‍, ധാരണാപത്രങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ലഭിച്ച വിദേശ നിക്ഷേപം, പദ്ധതികളുടെ പുരോഗതി, തൊഴിലവസര സൃഷ്ടി തുടങ്ങിയ വിവരങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
കണക്കുകള്‍ പ്രകാരം 2021ല്‍ പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്കായി 36.12 കോടി രൂപയാണ് ചെലവഴിച്ചത്. 2022ല്‍ 55.8 കോടി രൂപയും, 2023ല്‍ 93.6 കോടി രൂപയും, 2024ല്‍ 109.5 കോടി രൂപയും, 2025ല്‍ 187.83 കോടി രൂപയും ചെലവായി. 2026ല്‍ ജൂലൈ വരെ മാത്രം 75 കോടി രൂപ ചെലവഴിച്ചതായും മറുപടിയില്‍ പറയുന്നു.
ഈ കാലയളവില്‍ വിവിധ രാജ്യങ്ങളുമായി 316 ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചതായും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, ഇതില്‍ എത്ര ധാരണാപത്രങ്ങള്‍ യാഥാര്‍ഥ്യമായ പദ്ധതികളായി മാറിയെന്നും എത്ര നിക്ഷേപം രാജ്യത്തെത്തിയെന്നും എത്ര പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്നും സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
2021 ഏപ്രില്‍ മുതല്‍ 2025 ഡിസംബര്‍ വരെ ഇന്ത്യക്ക് ലഭിച്ച ആകെ വിദേശ നിക്ഷേപം 381.8 ബില്യണ്‍ യുഎസ് ഡോളറാണെന്ന പൊതുവിവരം മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍, ഇത് പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങളുടെ നേരിട്ടുള്ള ഫലമാണെന്ന് തെളിയിക്കുന്ന രേഖകളോ കണക്കുകളോ നല്‍കിയിട്ടില്ലെന്ന് വി. ശിവദാസന്‍ എംപി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ യാത്രകളുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം, മറ്റ് കേന്ദ്ര വകുപ്പുകള്‍, വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ എന്നിവയ്ക്കുണ്ടായ അനുബന്ധ ചെലവുകള്‍ കൂടി കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. അവ കൂടി പരിഗണിച്ചാല്‍ യഥാര്‍ഥ ചെലവ് പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയ തുകയേക്കാള്‍ കൂടുതലായിരിക്കുമെന്നും ശിവദാസന്‍ പറഞ്ഞു.
വിദേശ സന്ദര്‍ശനങ്ങളുടെ ചെലവും അതിന്റെ ഫലങ്ങളും സംബന്ധിച്ച് കൂടുതല്‍ സുതാര്യമായ വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് വി. ശിവദാസന്‍ എംപി ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.