ഒരിക്കൽപ്പോലും സിഗരറ്റ് വലിക്കാത്തവർ പോലും ഇന്ന് ശ്വാസകോശാർബുദ ഭീഷണിയിലാണ്. മലിനമായ നഗരങ്ങളിൽ ജീവിക്കുന്ന സ്ത്രീകൾ, മുപ്പതുകളിലുള്ള യുവാക്കൾ, വിഷവായു ശ്വസിച്ചു വളരുന്ന കുട്ടികൾ തുടങ്ങി ആർക്കും ഈ രോഗത്തിൽ നിന്ന് സുരക്ഷിതരായിരിക്കാൻ കഴിയില്ലെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ശ്വാസകോശാരോഗ്യത്തിന് അന്തരീക്ഷ മലിനീകരണം വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
ശ്വാസകോശാർബുദം ഇനി പുകവലിക്കാരുടെ മാത്രം രോഗമല്ലെന്നും ശ്വസിക്കുന്നവരുടെ രോഗമായി മാറിയിരിക്കുകയാണെന്നും പൾമണോളജി ആൻഡ് ചെസ്റ്റ് സർജറി വിദഗ്ധർ വ്യക്തമാക്കുന്നു. മലിനവായു ദീർഘകാലം ശ്വസിക്കുന്നത് ഇന്ത്യയിലെ രോഗികളുടെ സ്വഭാവത്തിൽ തന്നെ വലിയ മാറ്റങ്ങൾ വരുത്തുകയാണ്.
ഡൽഹിയിലെ ആറ് ആശുപത്രികളിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകൾ ആശങ്ക ഉയർത്തുന്നതാണ്. 2020 മുതൽ 2026 ജൂലൈ വരെയുള്ള കാലയളവിൽ 6,581 ശ്വാസകോശാർബുദ കേസുകളും 913 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതായത്, ഓരോ മാസവും ശരാശരി 83 പുതിയ കേസുകളും മൂന്ന് ദിവസത്തിലൊരിക്കൽ ഓരോ മരണവും റിപ്പോർട്ട് ചെയ്യപ്പെടുന്നു. എയിംസിൽ മാത്രം 4,860 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പുകവലിക്കാത്തവരുടെ എണ്ണം കൂടിവരികയാണ്.
ദേശീയതലത്തിലെ കണക്കുകളും ഗൗരവമേറിയതാണ്. ഗ്ലോബോകാൻ (GLOBOCAN) 2024 കണക്കുകൾ പ്രകാരം ഇന്ത്യയിൽ 1,12,659 പുതിയ ശ്വാസകോശാർബുദ കേസുകളും 98,687 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂന്നാമത്തെ അർബുദമാണിതെങ്കിലും, അർബുദ മരണങ്ങളിൽ ഒന്നാം സ്ഥാനത്താണ്.
രോഗികളുടെ പ്രായപരിധിയിലും പ്രകടമായ മാറ്റമുണ്ട്. മുൻപ് 50-കളിലും 60-കളിലുമുള്ളവരിലാണ് രോഗം കൂടുതലായി കണ്ടിരുന്നതെങ്കിൽ, ഇപ്പോൾ 40-കളിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. രോഗികളിൽ 10 ശതമാനവും മുപ്പതുകളിലുള്ളവരാണെന്നും ഇരുപതുകളുടെ അവസാനത്തിലുള്ളവർ പോലും ചികിത്സയ്ക്കെത്തുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്തുടനീളം വായുവിന്റെ ഗുണനിലവാരം താഴുകയാണ്. ഉത്തരേന്ത്യയിലും പ്രത്യേകിച്ച് ഡൽഹി-എൻസിആർ മേഖലയിലും വായു ഗുണനിലവാര സൂചികയും (AQI) PM2.5 അളവും അപകടകരമായ നിലയിലാണ്. രക്തത്തിൽ കലർന്ന് എല്ലാ അവയവങ്ങളെയും ബാധിക്കുന്ന സൂക്ഷ്മകണികകൾ ശൈത്യകാലത്ത് അളക്കാൻ കഴിയുന്നതിലും അപ്പുറത്തേക്ക് ഉയരാറുണ്ട്.
പ്രായമായ പുരുഷന്മാരിൽ മാത്രം കണ്ടുവന്നിരുന്ന രോഗം ഇന്ന് സ്ത്രീകളിലും യുവാക്കളിലും പുകവലിക്കാത്തവരിലും വ്യാപകമാണ്. സിഗരറ്റിലും ബീഡിയിലുമുള്ള അതേ അർബുദകാരികളായ രാസവസ്തുക്കൾ മലിനവായുവിലും അടങ്ങിയിരിക്കുന്നതിനാൽ പുകവലിക്കുന്നവരും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം കുറയുകയാണ്. മുതിർന്ന ശേഷമാണ് പലരും പുകവലിച്ചു തുടങ്ങുന്നതെങ്കിൽ, മലിനനഗരങ്ങളിൽ വളരുന്നവർ ജനനം മുതൽ തന്നെ വിഷവായു ശ്വസിക്കുന്നു. ഇതാണ് ചെറുപ്രായത്തിൽ തന്നെ അർബുദം പിടിപെടാൻ കാരണമാകുന്നത്.
ശസ്ത്രക്രിയകൾക്കിടെ ആരോഗ്യകരമായ പിങ്ക് നിറത്തിലുള്ള ശ്വാസകോശം കാണുന്നത് തന്നെ അപൂർവമായി മാറിയിരിക്കുകയാണ്. ഇന്ത്യയിലെ രോഗികളുടെ ശ്വാസകോശത്തിൽ കറുത്ത പാടുകൾ കാണുമ്പോൾ, കസാക്കിസ്ഥാനിൽ നിന്നുള്ള ഒരു യുവരോഗിയുടെ ആരോഗ്യകരമായ പിങ്ക് ശ്വാസകോശം കണ്ടപ്പോൾ ശസ്ത്രക്രിയ മുറിയിൽ അത്ഭുതമായി മാറിയ അനുഭവവും ആരോഗ്യപ്രവർത്തകർ പങ്കുവെക്കുന്നു. ഡൽഹിയിൽ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രോഗികളിലും ഈ അവസ്ഥ കാണപ്പെടുന്നുണ്ട്.
രോഗം മൂർച്ഛിച്ച ശേഷമാണ് ഭൂരിഭാഗം പേരും ചികിത്സ തേടുന്നത് എന്നതാണ് മറ്റൊരു പ്രതിസന്ധി. പ്രധാന ആശുപത്രികളിലെത്തുന്ന 90 ശതമാനം രോഗികളും നാലാം ഘട്ടത്തിലാണ് (Stage 4) രോഗം അറിയുന്നത്. വിട്ടുമാറാത്ത ചുമ, കഫത്തിൽ രക്തം എന്നിവ അവഗണിക്കരുത്. ഇന്ത്യയിൽ ക്ഷയരോഗം (TB) സാധാരണമായതിനാൽ പലപ്പോഴും ഇത്തരം ലക്ഷണങ്ങളെ ക്ഷയരോഗമായി തെറ്റിദ്ധരിച്ച് മാസങ്ങളോളം ചികിത്സിക്കുന്നത് രോഗനിർണയം വൈകിപ്പിക്കുന്നു.
ചെറിയ മുഴകൾ എക്സ്-റേയിൽ വ്യക്തമാകണമെന്നില്ല, അതിനാൽ സിടി സ്കാൻ (CT Scan) ആവശ്യമായി വരും. ബയോപ്സി പരിശോധന നടത്തുന്നത് അർബുദം പടരാൻ കാരണമാകുമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. പുകവലിക്കാത്തവരിലെ അപകടസാധ്യത നേരത്തെ കണ്ടെത്താൻ 'ലോ-ഡോസ് സിടി സ്ക്രീനിംഗ്' സംവിധാനം ഇന്ത്യയിൽ കൊണ്ടുവരേണ്ടതുണ്ട്.
മാസ്കുകളും എയർ പ്യൂരിഫയറുകളും പൂർണ പരിഹാരമല്ല. ജീവിതകാലം മുഴുവൻ എയർ പ്യൂരിഫയർ ഉള്ള മുറിയിൽ അടച്ചിരിക്കാൻ ആർക്കും സാധിക്കില്ല. കുട്ടികളെ വീടിനുള്ളിൽ ഒതുക്കുന്നത് അവരുടെ വളർച്ചയെ ബാധിക്കും. പൊടിയും പുകയും ഉറവിടത്തിൽ തന്നെ നിയന്ത്രിക്കുകയും മലിനീകരണ നിയന്ത്രണ നടപടികൾ ശക്തമാക്കുകയുമാണ് യഥാർത്ഥ പരിഹാരം. ആരോഗ്യമുള്ള ഭാരതത്തിലൂടെ മാത്രമേ വികസിത ഭാരതം സാധ്യമാകൂ എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പുകവലിക്കാത്തവരിലും ശ്വാസകോശാർബുദം കൂടുന്നു; കാരണം മലിനവായു, ജാഗ്രതാ നിർദേശവുമായി ആരോഗ്യവിദഗ്ധർ