പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സുരക്ഷാ ചുമതലയുള്ള എസ്.പി.ജിയുടെ (SPG) പേരിൽ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. വി.ഐ.പി സുരക്ഷാച്ചെലവുകൾ പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുമ്പോൾ, സുരക്ഷാസേനയുടെ യാത്രയ്ക്കായി വാഹനം വാടകയ്‌ക്കെടുത്തു എന്ന പേരിൽ 3.24 ലക്ഷം രൂപയുടെ വ്യാജ ബില്ലുകളാണ് ബി.ജെ.പി പാസ്സാക്കിയെടുത്തിരിക്കുന്നത്. പ്രോട്ടോക്കോൾ പ്രകാരം എസ്.പി.ജിക്കും സംസ്ഥാന പൊലീസിനുമാണ് സുരക്ഷാ ചുമതലയെന്നിരിക്കെ, ബി.ജെ.പി ഓഫീസിൽ നിന്ന് ഇന്നോവ ക്രിസ്റ്റ കാറുകൾ വാടകയ്‌ക്കെടുത്തു നൽകിയെന്നാണ് പാർട്ടിയുടെ രേഖകളിൽ കാണിച്ചിരിക്കുന്നത്.
കഴിഞ്ഞ മാർച്ച് 30, ഏപ്രിൽ 4 തീയതികളിൽ തിരുവല്ല, തിരുവനന്തപുരം എന്നിവിടങ്ങളിൽ നടന്ന പ്രധാനമന്ത്രിയുടെ പര്യടനത്തിനിടെ വാഹനം 5,029 കിലോമീറ്റർ ഓടിയതായാണ് ബില്ലുകളിലുള്ളത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇത്രയും ദൂരം വാഹനം സഞ്ചരിച്ചു എന്നത് വലിയ സംശയങ്ങൾക്കിടയാക്കുന്നുണ്ട്. പാർട്ടിയുടെ internal ഓഡിറ്റ് സംഘം തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
എസ്.പി.ജിയുടെ പേരിലുള്ള തട്ടിപ്പിന് പുറമെ മറ്റു പല ക്രമക്കേടുകളും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. ജെ.പി. നദ്ദയുടെ സന്ദർശന സമയത്തും സമാനമായ രീതിയിൽ വാഹനങ്ങളുടെ വ്യാജ കണക്കുകൾ ഉണ്ടാക്കിയിരുന്നു. വ്യാജ ജി.എസ്.ടി ബില്ലുകൾ ഉപയോഗിച്ചും, പ്ലക്കാർഡുകൾ വാങ്ങിയ വകയിൽ എട്ട് ലക്ഷത്തോളം രൂപ തട്ടിച്ചും തിരിമറി നടത്തിയിട്ടുണ്ട്. ഒരു സ്ഥാപനത്തിന്റെ പേരിലുള്ള ബില്ല് മാറ്റി മറ്റൊരു സ്ഥാപനത്തിന്റെ പേരിൽ സമർപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര നേതൃത്വം എ-ക്ലാസ് മണ്ഡലങ്ങൾക്ക് അനുവദിച്ച മൂന്നര കോടി രൂപ വീതമുള്ള ഫണ്ടും ഘടകകക്ഷികൾക്കുള്ള തുകയും പൂർണമായി താഴെത്തട്ടിൽ എത്തിയില്ലെന്ന വിമർശനവും ശക്തമാണ്. കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന പരാതികളെ തുടർന്നുണ്ടായ വിവാദങ്ങൾക്കൊടുവിലാണ് അഖിൽ മാരാർ അടക്കമുള്ളവർ പാർട്ടിയിൽ നിന്ന് രാജിവെച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകളും ശബ്ദരേഖകളും പുറത്തുവരുമെന്നാണ് സൂചന.