OPERATION SINDOOR| പാകിസ്ഥാന് നാണക്കേട്; ഇന്ത്യയുടെ അദംപൂര്‍ വ്യോമതാവളം ആക്രമിച്ചെന്ന വ്യാജവാദം പൊളിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്
Jaihind TV News Report
Jaihind TV Web Desk
June 08, 2025
1 min read
•
Updated: June 02, 2026
ന്യൂഡല്‍ഹി: ഇന്ത്യയുടെ അദംപൂര്‍ വ്യോമതാവളം ആക്രമിച്ചുവെന്ന പാകിസ്ഥാന്റെ വ്യാജപ്രചാരണം തെളിവുകള്‍ സഹിതം പൊളിഞ്ഞു. കഴിഞ്ഞ മാസം നടന്ന സൈനിക സംഘര്‍ഷത്തിനിടെ പഞ്ചാബിലെ അദംപൂര്‍ വ്യോമതാവളത്തില്‍ ആക്രമണം നടത്തിയെന്നും സുഖോയ് എസ്-30 എംകെഐ വിമാനം തകര്‍ത്തെന്നും ചില പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഈ വാദങ്ങളെല്ലാം പൊള്ളയാണെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നതോടെ പാകിസ്ഥാന്‍ വീണ്ടും പ്രതിരോധത്തിലായി.
ജിയോ-ഇന്റലിജന്‍സ് വിദഗ്ദ്ധനായ ഡാമിയന്‍ സൈമണ്‍ ആണ് പാകിസ്ഥാന്റെ കള്ളം തുറന്നുകാട്ടിയത്. പാകിസ്ഥാന്‍ അവകാശവാദം ഉന്നയിച്ച സംഘര്‍ഷത്തിന് രണ്ട് മാസം മുന്‍പ്, 2025 മാര്‍ച്ചില്‍ എടുത്ത ഉപഗ്രഹ ചിത്രം അദ്ദേഹം പങ്കുവെച്ചു. ഈ ചിത്രത്തില്‍, ഒരു മിഗ്-29 വിമാനം അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരിക്കുന്നതും എഞ്ചിന്‍ ടെസ്റ്റിംഗ് പാഡിന് സമീപം കാണുന്ന കറുത്ത പുക സാധാരണ നടപടിക്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിശദീകരിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂറില്‍' കനത്ത നഷ്ടം നേരിട്ടതിന് പിന്നാലെ, ഇന്ത്യയുടെ ആക്രമണങ്ങളെ ഇകഴ്ത്തിക്കാട്ടാന്‍ പാകിസ്ഥാന്‍ നിരന്തരം വ്യാജപ്രചാരണങ്ങള്‍ നടത്തുകയായിരുന്നു. എന്നാല്‍ ഇവയെല്ലാം ഒന്നൊന്നായി പരാജയപ്പെടുകയാണ്.
എസ്-400 തകര്‍ത്തെന്ന വാദവും പൊളിഞ്ഞു
ഇതിന് മുന്‍പ്, ചൈന നിര്‍മ്മിത ജെഎഫ്-17 വിമാനത്തില്‍ നിന്നുള്ള മിസൈല്‍ ഉപയോഗിച്ച് അദംപൂരിലെ റഷ്യന്‍ നിര്‍മ്മിത എസ്-400 വ്യോമ പ്രതിരോധ സംവിധാനം (സുദര്‍ശന്‍ ചക്ര) തകര്‍ത്തതായും പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. പാകിസ്ഥാന്റെ ഡ്രോണുകളെയും മിസൈലുകളെയും തടയുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഈ എസ്-400 സംവിധാനമായിരുന്നു.
എന്നാല്‍ ഈ വാദവും പൊളിഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദംപൂര്‍ സന്ദര്‍ശനത്തോടെയാണ്. സംഘര്‍ഷം അവസാനിച്ചതിന് മൂന്ന് ദിവസത്തിന് ശേഷം മെയ് 13-ന് അദംപൂര്‍ വ്യോമതാവളത്തിലെത്തിയ പ്രധാനമന്ത്രി, സൈനികരെ അഭിവാദ്യം ചെയ്യുമ്പോള്‍ കേടുപാടുകള്‍ സംഭവിക്കാത്ത എസ്-400 സംവിധാനവും മിഗ്-29 വിമാനവും പശ്ചാത്തലത്തില്‍ വ്യക്തമായി കാണാമായിരുന്നു. യാതൊരു കേടുപാടുമില്ലാത്ത ഒരു സ്ഥലത്തെ മണ്ണ് വട്ടമിട്ട് കാണിച്ച് 'എസ്-400 തകര്‍ത്തു' എന്നായിരുന്നു പാക് സൈന്യത്തിന്റെ പ്രചാരണം.
തന്ത്രപ്രധാനമായ അദംപൂര്‍ വ്യോമതാവളം
ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യോമതാവളമായ അദംപൂര്‍, പാകിസ്ഥാനുമായുള്ള മുന്‍കാല യുദ്ധങ്ങളില്‍, പ്രത്യേകിച്ച് 1965-ല്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. പാക് അതിര്‍ത്തിയില്‍ നിന്ന് വെറും 100 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഇതിന്റെ തന്ത്രപരമായ സ്ഥാനം ഇന്ത്യയുടെ വടക്കന്‍ വ്യോമ പ്രതിരോധത്തിന് അത്യന്താപേക്ഷിതമാണ്. 1965-ലെ യുദ്ധത്തില്‍ പാകിസ്ഥാന് കടന്നുകയറാന്‍ സാധിക്കാത്ത ഏക വ്യോമതാവളവും ഇതായിരുന്നു. 2022-ലാണ് ഇന്ത്യയുടെ ആദ്യ എസ്-400 യൂണിറ്റ് ഇവിടെ വിന്യസിച്ചത്. നിലവില്‍ മിഗ്-29, സുഖോയ് -30 എംകെഐ അടക്കമുള്ള ഇന്ത്യന്‍ വ്യോമസേനയുടെ പ്രധാന യുദ്ധവിമാനങ്ങള്‍ ഇവിടെയുണ്ട്. പഞ്ചാബ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ അദംപൂര്‍ വ്യോമതാവളം നിര്‍ണായകമാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10