തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ വി.ഡി സതീശന്‍ സര്‍ക്കാരിന്റെ കന്നി ബജറ്റ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. സര്‍ക്കാര്‍ പുറത്തുവിട്ട ധവളപത്രത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ച്ചയിലാണെന്ന് വിലയിരുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ അവതരിപ്പിക്കുന്ന ബജറ്റ് ആയതിനാല്‍ തന്നെ, വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കടുത്ത നടപടികളും നികുതി പരിഷ്‌കരണങ്ങളും ഇന്നത്തെ പ്രഖ്യാപനങ്ങളില്‍ ഉണ്ടായേക്കുമെന്നാണ് രാഷ്ട്രീയ-സാമ്പത്തിക വൃത്തങ്ങള്‍ വിലയിരുത്തുന്നത്.
കേരള ചരിത്രത്തില്‍ ആര്‍. ശങ്കറിനും ഉമ്മന്‍ ചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിയെന്ന അപൂര്‍വ്വ ബഹുമതിയും ഇതോടെ മുഖ്യമന്ത്രി വി.ഡി സതീശന് സ്വന്തമാകും. തകര്‍ന്ന സമ്പദ്വ്യവസ്ഥയെ ശക്തമാക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്ന പ്രഖ്യാപനങ്ങളും ബജറ്റിന്റെ മുഖ്യ ആകര്‍ഷണമാകും.
ഇന്നത്തെ ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട നീക്കം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ (KIIFB) പുനഃസംഘടനയായിരിക്കുമെന്നാണ് സൂചന. സ്വതന്ത്ര ധനസമാഹരണ ഏജന്‍സിയായി തുടങ്ങി വികസനത്തിന്റെ ഒറ്റമൂലിയായി മുന്‍ സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടിയ കിഫ്ബിയെ കെട്ടിലും മട്ടിലും സമ്പൂര്‍ണ്ണമായി ഉടച്ചുവാര്‍ക്കാനാണ് സതീശന്‍ സര്‍ക്കാരിന്റെ നീക്കം. കിഫ്ബിയെ ഒരു റവന്യൂ മോഡലായി മാറ്റുന്നതിനൊപ്പം അതിന്റെ പൂര്‍ണ്ണ നിയന്ത്രണം ധനവകുപ്പിന് കീഴിലാക്കാനുള്ള പ്രഖ്യാപനവും ഇന്ന് ഉണ്ടായേക്കും.
ധനസ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയായിരിക്കും ഈ പുനഃസംഘടന. കിഫ്ബിയുടെ നിലവിലുള്ള പ്രൊജക്ട് മാനേജ്മെന്റ് സംവിധാനവും ക്വാളിറ്റി കണ്‍ട്രോളും മികച്ചതാണെന്ന് വിലയിരുത്തിയ സമിതി, ഇത് മറ്റ് വകുപ്പുകളിലേക്കും വ്യാപിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എന്നാല്‍, കിഫ്ബിയുടെ സാമ്പത്തിക സമാഹരണത്തിലും വിനിയോഗത്തിലും ധനവകുപ്പിന് നേരിട്ട് പൂര്‍ണ്ണ നിയന്ത്രണം കൊണ്ടുവരാനും, വരവുചെലവുകള്‍ പൊതുബജറ്റിന്റെ ഭാഗമാക്കുന്ന വിധത്തില്‍ നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്താനുമാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. കടുത്ത സാമ്പത്തിക അച്ചടക്കത്തിലേക്ക് സംസ്ഥാനത്തെ നയിക്കുന്ന ഒന്നായിരിക്കും ഇന്നത്തെ ബജറ്റെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
വിസ്മയ ബജറ്റിനൊരുങ്ങി കേരളം: വി.ഡി സതീശന്‍ സര്‍ക്കാരിന്റെ കന്നി ബജറ്റ് ഇന്ന്; കിഫ്ബി പുനഃസംഘടന ഉള്‍പ്പെടെ നിര്‍ണ്ണായക പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത