"കപ്പെടുത്ത് അർജന്റീനയ്ക്ക് കൊടുത്തോളൂ"; റഫറിക്കെതിരെ ഫിഫയ്ക്ക് പരാതി നൽകി ഈജിപ്ത്; ലോകകപ്പിൽ വൻ വിവാദം
ലോകകപ്പ് പ്രീ ക്വാർട്ടറിൽ അർജന്റീനയ്‌ക്കെതിരായ തോൽവിക്ക് പിന്നാലെ റഫറി ഫ്രാങ്കോയിസ് ലെറ്റെക്‌സിയർക്കെതിരെ അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫയ്ക്ക് ഔദ്യോഗികമായി പരാതി നൽകി ഈജിപ്ത്. ഈജിപ്ത് ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ഹാനി അബു റിദയാണ് പരാതി സമർപ്പിച്ചതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മത്സരത്തിൽ റഫറിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവുകൾ അന്വേഷിക്കണമെന്നും, ഫ്രാങ്കോയിസിനെ ടൂർണമെന്റിലെ ബാക്കി മത്സരങ്ങളിൽ നിന്ന് നീക്കണമെന്നുമാണ് ഈജിപ്തിന്റെ പ്രധാന ആവശ്യം.
മത്സരത്തിനിടെ വലിയ തർക്കങ്ങൾക്കും നാടകീയ രംഗങ്ങൾക്കുമാണ് കളം സാക്ഷ്യം വഹിച്ചത്. ഈജിപ്ത് 1-0ത്തിന് മുന്നിട്ടുനിൽക്കുമ്പോൾ മുസ്തഫ സിക്കോ നേടിയ ഗോൾ 'വാർ' (VAR) പരിശോധനയ്ക്ക് ശേഷം റഫറി നിഷേധിച്ചിരുന്നു. ഗോളിന് മുൻപ് ഫൗൾ നടന്നു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു റഫറിയുടെ ഈ നടപടി. എന്നാൽ, പിന്നീട് എൻസോ ഫെർണാണ്ടസ് അർജന്റീനയുടെ വിജയഗോൾ നേടുന്നതിന് തൊട്ടുമുൻപ്, മുഹമ്മദ് സലയ്‌ക്കെതിരെ സമാനമായ രീതിയിൽ ഫൗൾ നടന്നിട്ടും റഫറി വാർ പരിശോധിക്കാനോ ഫൗൾ വിളിക്കാനോ തയ്യാറായില്ലെന്നാണ് ഈജിപ്തിന്റെ പ്രധാന ആരോപണം. മത്സരത്തിൽ രണ്ട് ഗോളിന് പിന്നിൽനിന്ന ശേഷമായിരുന്നു 3-2ന്റെ വമ്പൻ തിരിച്ചുവരവോടെ അർജന്റീന ക്വാർട്ടറിലെത്തിയത്.
റഫറിയിംഗിലെ പക്ഷപാതത്തിനെതിരെ ഈജിപ്ത് പരിശീലകൻ ഹൊസം ഹസ്സനും താരം മുസ്തഫ സിക്കോയും മത്സരശേഷം കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ടൂർണമെന്റിലെ വിജയി ആരാണെന്ന് മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ചതാണെന്നും, വെറുതെ കപ്പെടുത്ത് അർജന്റീനയ്ക്ക് കൊടുത്തുകൂടേ എന്നുമാണ് സിക്കോ പരിഹസിച്ചത്. തങ്ങൾ കടുത്ത അനീതിയാണ് നേരിട്ടതെന്നും ഫിഫ അർജന്റീനയോട് പക്ഷപാതം കാണിച്ചുവെന്നും പരിശീലകൻ ഹൊസം ഹസ്സനും ആരോപിച്ചു.
മത്സരത്തിനിടെ തനിക്ക് വംശീയ അധിക്ഷേപം നേരിട്ടതായി വ്യക്തമാക്കാൻ ഹസ്സൻ 'ക്രോസ്' ചിഹ്നം കാണിച്ചെങ്കിലും, അത് തള്ളിക്കളഞ്ഞ റഫറി ഹസ്സന് മഞ്ഞക്കാർഡ് നൽകുകയാണുണ്ടായത്. ഈ സംഭവങ്ങളിലെല്ലാം വ്യക്തമായ അന്വേഷണം വേണമെന്നാണ് ഈജിപ്ത് ഇപ്പോൾ ഫിഫയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.