'സംസ്ഥാനത്ത് കാലവർഷ മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കും'; സുരക്ഷ ഉറപ്പാക്കാൻ വകുപ്പുകൾക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം
അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള ദുരന്തസാധ്യതകളും മുന്നില്‍ കണ്ട് എല്ലാ വകുപ്പുകളും കാലവര്‍ഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കാലവര്‍ഷ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ഓറഞ്ച് ബുക്കിലെ നിര്‍ദേശങ്ങള്‍ എല്ലാ വകുപ്പുകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കാലാവസ്ഥാ പ്രവചനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാക്കുന്നതിനായി കേന്ദ്ര ഏജന്‍സികളുമായും കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുമായും ഏകോപനം ശക്തമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡാമുകളുടെ സുരക്ഷ, മഴയുടെ ലഭ്യത, നീരൊഴുക്ക് എന്നിവ ശാസ്ത്രീയമായി നിരീക്ഷിക്കണം. കേന്ദ്ര ജല കമ്മീഷനും ഡാം സുരക്ഷാ അതോറിറ്റിയുമായും വകുപ്പുകള്‍ തുടര്‍ച്ചയായ ബന്ധം പുലര്‍ത്തണം. അണക്കെട്ടുകളിലെ ജലനിരപ്പ് റൂള്‍ കര്‍വിന് മുകളില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കണം. ദുരന്തസാധ്യതാ പ്രദേശങ്ങളിലെ ജനങ്ങളുടെ പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപന-വില്ലേജ് തലങ്ങളില്‍ പുതുക്കണം. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളിലെ കുടുംബങ്ങളുടെയും അതിഥി തൊഴിലാളികളുടെയും വിവരശേഖരണം നടത്തി മുന്നറിയിപ്പുകള്‍ സമയബന്ധിതമായി എത്തിക്കുന്ന സംവിധാനം ഒരുക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
മഴക്കാല പൂര്‍വ ശുചീകരണം എല്ലാ തദ്ദേശസ്ഥാപനങ്ങളും അടിയന്തരമായി പൂര്‍ത്തീകരിക്കണം. ഓടകള്‍, കൈത്തോടുകള്‍, കനാലുകള്‍ എന്നിവയിലെ തടസ്സങ്ങള്‍ നീക്കുകയും മാലിന്യനിര്‍മാര്‍ജനം വേഗത്തിലാക്കുകയും വേണം. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കണം.
ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കുന്ന കെട്ടിടങ്ങളില്‍ ശുചിമുറി, വൈദ്യുതി, ലൈറ്റ്, ഫാന്‍, അടുക്കള എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും ക്യാമ്പ് കേന്ദ്രങ്ങളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശങ്ങളില്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുമായി ചേര്‍ന്ന് പരിഹാര നടപടികള്‍ സ്വീകരിക്കണം. റോഡുകളിലെ കുഴികള്‍ അടയ്ക്കുകയും അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും വേണം. അതേസമയം സ്‌കൂളുകളുടെ സുരക്ഷ പരിശോധിച്ച് ചുറ്റുമതില്‍, മേല്‍ക്കൂര, സമീപത്തെ മരങ്ങള്‍ എന്നിവ അപകടാവസ്ഥയിലല്ലെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യ മേഖലയില്‍ ആവശ്യമായ മരുന്നുകളുടെ ലഭ്യത,ആന്റിവെനമുള്‍പ്പെടെയുള്ള മരുന്നുകളുടെ ലഭ്യത എന്നിവ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
പ്രാദേശിക അറിവുകളും ശാസ്ത്രീയ വിവരങ്ങളും സംയോജിപ്പിച്ച് ദുരന്തസാധ്യതകള്‍ തിരിച്ചറിയണം. മഴമാപിനികളുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ഡുതലം മുതല്‍ സംസ്ഥാനതലം വരെ എല്ലാ വകുപ്പുകളും ഏജന്‍സികളും ഏകോപിതമായി പ്രവര്‍ത്തിക്കണം. സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറിയും ജില്ലാതലത്തില്‍ കളക്ടര്‍മാരും പ്രവര്‍ത്തനങ്ങളുടെ ഏകോപനം ഉറപ്പാക്കണമെന്നും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്‍, റവന്യു വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വകുപ്പ് സെക്രട്ടറിമാര്‍, ജില്ലാകളക്ടര്‍മാര്‍, വിവിധ സേനാ പ്രതിനിധികള്‍, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്, ജ്യോഗ്രഫിക്കല്‍ സര്‍വേ ഓഫ് ഇന്‍ഡ്യ, ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ഇന്‍ഡ്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.