പ്രതിപക്ഷ ഉപനേതൃ പദവി തങ്ങൾക്ക് തന്നെ ലഭിക്കുമെന്ന കാര്യത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ഈ പദവി സംബന്ധിച്ച ഒരു അധ്യായവും അടഞ്ഞിട്ടില്ല. 'അധ്യായം അടഞ്ഞു' എന്ന് ആരാണ് പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു. എൽ.ഡി.എഫ് മുന്നണി തകരുന്ന രീതിയിലുള്ള യാതൊരുവിധ നടപടിയും സി.പി.ഐയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. മുന്നണിയിലെ മറ്റൊരു കക്ഷിയായ ആർ.ജെ.ഡി.യുമായി തങ്ങൾക്ക് യാതൊരു തർക്കവുമില്ലെന്നും സി.പി.എമ്മും സി.പി.ഐയും തമ്മിൽ നിലവിൽ നല്ല ബന്ധമാണുള്ളതെന്നും ബിനോയ് വിശ്വം ആവർത്തിച്ചു.
പ്രതിപക്ഷ ഉപനേതാവ് പദവിക്കായി സി.പി.ഐ അവകാശവാദം കടുപ്പിക്കുന്നതിനിടെ, കഴിഞ്ഞ ദിവസം നടന്ന സി.പി.എം - സി.പി.ഐ ഉഭയകക്ഷി ചർച്ച പ്രത്യേക തീരുമാനങ്ങളൊന്നുമില്ലാതെയാണ് പിരിഞ്ഞത്. ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ നേരിട്ട് സി.പി.ഐ ആസ്ഥാനമായ എം.എൻ സ്മാരകത്തിലെത്തിയാണ് ബിനോയ് വിശ്വം ഉൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം, പ്രതിപക്ഷ ഉപനേതാവ് പദവി ആർക്ക് നൽകണം എന്ന കാര്യത്തിൽ സി.പി.എം, സി.പി.ഐ സംസ്ഥാന ഘടകങ്ങൾ തമ്മിൽ ആലോചിച്ച് ഉചിതമായ തീരുമാനത്തിലെത്തുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയം ഇരുപാർട്ടികളും ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കുമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.