ക്രൂരതയ്ക്ക് കൊലക്കയര്‍; ആലുവ കേസില്‍ അസ്ഫാക് ആലത്തിന് വധശിക്ഷ
Jaihind TV News Report
Jaihind TV Web Desk
November 14, 2023
1 min read
•
Updated: June 04, 2026
ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു. ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി മയക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി, പിന്നീട് മൃതദേഹം ആലുവ മാര്‍ക്കറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും അതിവേഗ വിചാരണയില്‍ തെളിഞ്ഞിരുന്നു. പ്രതി മുന്‍പും സമാന കുറ്റകൃത്യം നടത്തിയത് കൂടി കണക്കിലെടുത്താണ് മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് വിലയിരുത്തി ശിക്ഷ വിധിച്ചത്. പ്രതിക്ക് യാതൊരു മാനസാന്തരവും സംഭവത്തിന് ശേഷം ഉണ്ടായില്ലെന്നതും വധശിക്ഷ നല്‍കുന്നതിലേക്ക് കോടതിയെ നയിച്ചു.
ആലുവയില്‍ വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായത് 2023 ജൂലായ് 28 വൈകുന്നേരം മൂന്ന് മണിയോടെയാണ്. വൈകീട്ട് 3.30 ന് ആലുവയില്‍ ബസ് ഇറങ്ങിയ പ്രതി അസ്ഫാക്ക് ആലം കുട്ടിയുമായി മാര്‍ക്കറ്റിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് പോവുകയായിരുന്നു. 3.45 ഓടെ കുട്ടിയെ കാണാനില്ലെന്നറിഞ്ഞ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം തുടങ്ങി. വൈകിട്ട് 5 മണിയോടെ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി. സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു.കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പ്രതി വൈകിട്ട് 5.30 ഓടെ മൃതദേഹം പെരിയാറിന്റെ തീരത്ത് ഒളിപ്പിച്ചു. പിന്നീട് ആലുവ നഗരത്തിലേക്ക് മടങ്ങി. രാത്രി 9 മണിയോടെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. മദ്യ ലഹരിയിലായിരുന്ന പ്രതിയെ അധികം വൈകാതെ തന്നെ പിടികൂടി. എന്നല്‍ ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയില്‍ നിന്ന് പൊലീസിന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. രാത്രി മുഴുവന്‍ കുട്ടിക്കായി കേരളമൊട്ടാകെ തിരച്ചില്‍ തുടര്‍ന്നു. ജൂലായ് 29, ശനിയാഴ്ച രാവിലെയും കുട്ടിക്കായി അന്വേഷണം നടന്നു. ഇതിനിടെ രാവിലെ 11 മണിക്ക് ആലുവ മാര്‍ക്കറ്റിന് പിറകില്‍ കുറ്റിക്കാട്ടില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ജൂലൈ 30 ഞായറാഴ്ച ആലുവയില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു. തുടര്‍ന്ന് അതിവേഗത്തിലായിരുന്നു അന്വേഷണം നടന്നത്. ഓഗസ്റ്റ് 1, ചൊവ്വാഴ്ച നടന്ന തിരിച്ചറിയല്‍ പരേഡില്‍ പ്രതിയെ ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞു. ഓഗസ്റ്റ് 3, വ്യാഴാഴ്ച പ്രതിയുമായി ആലുവ മാര്‍ക്കറ്റ് പരിസരത്ത് പൊലീസ് തെളിവെടുപ്പ് നടത്തി. ഓഗസ്റ്റ് 6, ഞായറാഴ്ച പ്രതിയുമായി കുട്ടിയുടെ വീട്ടിലും ആലുവ മാര്‍ക്കറ്റിലും തെളിവെടുപ്പ് നടന്നു. വൈകാരികമായാണ് ഈ സമയത്ത് കുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതികരിച്ചത്. സെപ്തംബര്‍ 1 വെള്ളിയാഴ്ച, ക്രൂരകൃത്യം നടന്ന് 35-ാം ദിവസം പൊലീസ് എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ 645 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു.
ഒക്ടോബര്‍ 4, ബുധനാഴ്ചയാണ് കേസില്‍ വിചാരണ തുടങ്ങിയത്. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളിലായിരുന്നു വിചാരണ. 26 ദിവസത്തെ വിചാരണക്ക് പിന്നാലെ നവംബര്‍ നാല് ശനിയാഴ്ച പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പ്രതിയുടെ മാനസികാരോഗ്യം പരിശോധിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം പരിഗണിച്ച കോടതി ശിക്ഷാവിധി പുറപ്പെടുവിക്കുന്നത് നീട്ടിവച്ചു. പിന്നീട് മാനസിക പരിശോധന നടത്തിയെങ്കിലും അസ്ഫാക് ആലത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിന് പിന്നാലെ നടന്ന വാദത്തിനൊടുവിലാണ് കേസില്‍ ഇന്ന് വിധി പറയുമെന്ന് കോടതി വ്യക്തമാക്കിയത്. പ്രോസിക്യൂഷനും കുടുംബവും പ്രതീക്ഷിച്ചത് പോലെ ക്രൂരകൃത്യം നടത്തിയ പ്രതിക്ക് ഒടുവില്‍ കൊലക്കയര്‍ തന്നെ കോടതി വിധിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10