ടാറ്റൂവിനോടുള്ള ഹരം അത്രനല്ലതല്ല ,മനുഷ്യശരീരത്തിൽ കളർ മഷി അപകടകരം
ആൺ-പെൺ വ്യത്യാസമില്ലാതെ യുവാക്കളിൽ ഫാഷനും ഹരവും ലഹരിയുമായി മാറിയ ഒന്നാണ് ടാറ്റൂ. എന്നാൽ ഈ ഹരം മനുഷ്യശരീരത്തിൽ ആജീവനാന്തകാലം എങ്ങനെ പ്രവർത്തിക്കുന്നു, മനുഷ്യന്റെ പ്രതിരോധവ്യവസ്ഥയ്ക്ക് എങ്ങനെ വെല്ലുവിളിയാകുന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊന്നും അധികമാരും ചിന്തിക്കാറില്ല എന്നതാണ് സത്യം. ടാറ്റൂ ചെയ്യാൻ ഉപയോഗിക്കുന്ന മഷി ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് പുറത്തുവന്ന പഠനങ്ങളിൽ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്.
ടാറ്റൂവിൽ ഉപയോഗിക്കുന്ന മഷി ചർമത്തിന്റെ മധ്യപാളിയിലേക്കു പ്രവേശിക്കുമ്പോൾ തന്നെ ശരീരം ഇതിനെ ഒരു ബാഹ്യമായ വെല്ലുവിളിയായി തിരിച്ചറിയുന്നു. തുടർന്ന്, അധിനിവേശത്തെ ചെറുക്കാൻ ശരീരം പ്രതിരോധ കോശങ്ങളായ ശ്വേതരക്താണുക്കളെ അയയ്ക്കുന്നു. എന്നാൽ ടാറ്റൂ ചെയ്യാൻ ഉപയോഗിക്കുന്ന മഷിയുടെ കണികകൾ നശിപ്പിക്കാൻ കഴിയാത്തവിധം വലുതായതിനാൽ, പ്രതിരോധ കോശങ്ങൾക്ക് അവയെ പുറന്തള്ളാൻ കഴിയില്ല എന്നതാണ് സത്യം. ഇതിനാലാണ് ടാറ്റൂ ചെയ്യാൻ ഉപയോഗിക്കുന്ന മഷി ചർമത്തിൽ സ്ഥിരമായി തെളിഞ്ഞു കാണുന്നത്.
എന്നാൽ ഇത് കൊണ്ടൊന്നും പ്രശ്നം അവസാനിക്കുന്നില്ലെന്നും പുറത്തുവന്ന പഠനങ്ങളിൽ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളതെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ടാറ്റൂ മഷിയുടെ ചെറിയ കണികകൾ കാലക്രമേണ ചർമത്തിൽനിന്ന് വേർപെട്ട് ശരീരത്തിലുടനീളം സഞ്ചരിക്കുകയും രോഗപ്രതിരോധ ശേഷിയുടെ പ്രധാന കേന്ദ്രങ്ങളായ ലിംഫ് നോഡുകളിൽ ചെന്ന് അടിയുകയും ചെയ്യും. ശരീരത്തിലെ മാലിന്യങ്ങൾ അരിച്ചെടുക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്ന ലിംഫ് നോഡുകളിൽ ഇത്തരം അന്യവസ്തുക്കൾ കുന്നുകൂടുന്നത് കൊണ്ട് രോഗപ്രതിരോധ സംവിധാനത്തെ കടുത്ത സമ്മർദത്തിലാക്കുമെന്നും പഠനങ്ങൾ തെളിയിക്കുന്നു.
അമേരിക്കൻ റാപ്പർ എംജികെ തന്റെ ശരീരത്തിൽ കറുത്ത ടാറ്റൂ ചെയ്തു ഇതേ തുടർന്ന്, റാപ്പർ കടുത്ത രോഗബാധിതനാവുകയും ചർമത്തിൽ മഞ്ഞനിറം വരികയും ഉണ്ടായി. ലിംഫ് നോഡുകൾക്കുണ്ടായ തകരാറുകൾമൂലമാണ് ചർമത്തിന് മഞ്ഞനിറം ഉണ്ടായതെന്നാണ് ഡോക്ടർമാർ വ്യക്ത്തമാക്കുന്നത്.ടാറ്റൂ മേഖലയിൽ കൃത്യമായ നിയന്ത്രണങ്ങൾ ഇല്ലാത്തതാണ് സമൂഹത്തിലെ മറ്റൊരു പ്രധാന വെല്ലുവിളി. ഇന്ന് ഉപയോഗിക്കുന്ന പല ആധുനിക ടാറ്റൂ മഷികളും യഥാർഥത്തിൽ വാഹനങ്ങളുടെ പെയിന്റ്, പ്ലാസ്റ്റിക്, പ്രിന്റർ ടോണർ തുടങ്ങിയ വ്യാവസായിക ആവശ്യങ്ങൾക്കായി വികസിപ്പിച്ചെടുത്തവയാണ്. ഇവയിൽ നിക്കൽ, ക്രോമിയം, ഈയം തുടങ്ങിയ ഹാനികരമായ ഹെവി മെറ്റലുകളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ടെന്നും പഠനങ്ങൾ പറയുന്നു.
നിറമുള്ള മഷികൾ, പ്രത്യേകിച്ച് ചുവപ്പ്, മഞ്ഞ, ഓറഞ്ച് എന്നിവ വിട്ടുമാറാത്ത വീക്കത്തിനും കടുത്ത അലർജിക്കും കാരണമാകുമെന്ന് മെഡിക്കൽ മൈക്രോബയോളജിസ്റ്റുകൾ ചാണ്ടിക്കാണിക്കുന്നുണ്ട്. ചുവന്ന മഷി ഉപയോഗിച്ചതിനെത്തുടർന്നുണ്ടായ കടുത്ത അലർജി കാരണം ഒരാൾക്ക് വിയർക്കാനുള്ള ശേഷിയും ശരീരത്തിലെ രോമങ്ങളും പൂർണമായി നഷ്ടപ്പെട്ട സംഭവം വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ടാറ്റൂ ചെയ്ത ചർമത്തിൽ സൂര്യപ്രകാശം ഏൽക്കുമ്പോഴോ അല്ലെങ്കിൽ ലേസർ ഉപയോഗിച്ച് ടാറ്റൂ നീക്കം ചെയ്യുമ്പോഴോ മഷി ജനിതക നാശത്തിന് കാരണമാകുന്ന രാസവസ്തുക്കളായി മാറാൻ സാധ്യതയുണ്ട്. കറുത്ത മഷിയിൽ വാഹനങ്ങളുടെ പുകയിൽ കാണപ്പെടുന്നതിന് സമാനമായ ഹൈഡ്രോകാർബണുകൾ അടങ്ങിയിട്ടുണ്ടെന്നും പഠനങ്ങൾ പറയുന്നു. ടാറ്റൂ കാൻസറിന് കാരണമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, ടാറ്റൂ ചെയ്തവരിൽ ചർമത്തിലെ കാൻസർ സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.