എലത്തൂരിലെ ദയനീയ പരാജയത്തിൻ്റെ പൂർണ്ണ ഉത്തരവാദിത്തം മുൻ മന്ത്രി എ.കെ. ശശീന്ദ്രനാണെന്ന് എൻ.സി.പി കോഴിക്കോട് ജില്ലാ നേതൃത്വം. പാർട്ടിക്കുള്ളിൽ ഉയർന്ന ശക്തമായ എതിർപ്പുകൾ അവഗണിച്ച് മത്സരത്തിനിറങ്ങിയ ശശീന്ദ്രൻ തന്നെ പരാജയത്തിന് മറുപടി പറയണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു. ആര് നിന്നാലും ഇടതുപക്ഷം ജയിക്കുന്ന എലത്തൂർ മണ്ഡലത്തിൽ ശശീന്ദ്രൻ്റെ ഏകാധിപത്യപരമായ നിലപാടുകളാണ് പാർട്ടിയെ പരാജയത്തിലേക്ക് നയിച്ചതെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ.
സ്ഥാനാർത്ഥി പ്രഖ്യാപനം വന്നത് മുതൽ എലത്തൂരിൽ എൻ.സി.പിയിൽ പടയൊരുക്കം തുടങ്ങിയിരുന്നു. ശശീന്ദ്രൻ മത്സരത്തിൽ നിന്ന് മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ട് എൻ.സി.പി ജില്ലാ കമ്മിറ്റി ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നുവെങ്കിലും, സി.പി.എം സംസ്ഥാന നേതൃത്വത്തിൻ്റെ പിന്തുണയോടെ അദ്ദേഹം വീണ്ടും മത്സരത്തിനിറങ്ങുകയായിരുന്നു. പാർട്ടിക്കുള്ളിലെ ഈ ഭിന്നത വോട്ടെടുപ്പിൽ പ്രതിഫലിച്ചു എന്നാണ് സൂചന.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുപ്പതിനായിരത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ശശീന്ദ്രൻ, ഇത്തവണ കോൺഗ്രസിലെ വിദ്യാ ബാലകൃഷ്ണനോട് പന്ത്രണ്ടായിരത്തിലധികം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. സുരക്ഷിതമെന്ന് കരുതിയ എലത്തൂരിൽ ഇത്ര വലിയ തിരിച്ചടി നേരിട്ടത് ഇടതുക്യാമ്പിനെയും ഞെട്ടിച്ചിട്ടുണ്ട്. പരാജയത്തിൻ്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ ശശീന്ദ്രൻ തയ്യാറാകണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് എൻ.സി.പിയിലെ ഒരു വിഭാഗം.