ഫുട്‌ബോള്‍ ലോകം വടക്കേ അമേരിക്കയിലേക്ക്... ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തിരിതെളിയുമ്പോള്‍, ആതിഥേയരായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടന മത്സരവും, തുടര്‍ന്ന് നടക്കുന്ന ദക്ഷിണ കൊറിയ-ചെക്കിയ പോരാട്ടവും ഉള്‍പ്പെടെ ലോകകപ്പിന്റെ ആദ്യ ദിനത്തിലെ ആവേശകരമായ മത്സരങ്ങള്‍ക്കാണ് ഏവരും കാത്തിരിക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ മാമാങ്കത്തിന് മെക്‌സിക്കോ സിറ്റി വേദിയാകുന്നു. മെക്‌സിക്കോയിലെ ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ അസ്റ്റെക്കയില്‍ ആതിഥേയരായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടത്തോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാകുന്നത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 1:30-ന് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും, തുടര്‍ന്ന് 3 മണിക്ക് മത്സരം കിക്കോഫ് ചെയ്യും. കൃത്യം 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 2010-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന്റെ തനിയാവര്‍ത്തനമാണ് ഈ മത്സരം. അന്ന് മെക്‌സിക്കോയ്ക്കെതിരെ സിഫിവ ത്ഷബാലാല നേടിയ ചരിത്രപ്രസിദ്ധമായ ഗോള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇന്നും ആവേശമാണ്. അന്ന് കളത്തില്‍ ഉണ്ടായിരുന്ന റാഫേല്‍ മാര്‍ക്വേസ് ഇത്തവണ മെക്‌സിക്കോയുടെ പരിശീലക സംഘത്തില്‍ സഹപരിശീലകനായി വീണ്ടും കളത്തിലെത്തുന്നു എന്നത് പ്രത്യേകതയാണ്.
ടൂര്‍ണമെന്റിലെ രണ്ടാമത്തെ മത്സരത്തില്‍ ദക്ഷിണ കൊറിയയും ചെക്കിയയും ഏറ്റുമുട്ടുന്നു. ഗ്വാഡലജാരയിലെ എസ്റ്റാഡിയോ ചിവാസിലാണ് ഈ ഗ്രൂപ്പ് എ പോരാട്ടം നടക്കുന്നത്. 2006-ന് ശേഷം ആദ്യമായി ലോകകപ്പ് യോഗ്യത നേടിയ ചെക്കിയ വലിയ പ്രതീക്ഷയിലാണ് ടൂര്‍ണമെന്റിലേക്ക് ഇറങ്ങുന്നത്. മറുവശത്ത്, യോഗ്യതാ റൗണ്ടില്‍ തോല്‍വി അറിയാതെ കുതിച്ചാണ് ഹോങ് മ്യുങ്-ബോയുടെ നേതൃത്വത്തിലുള്ള ദക്ഷിണ കൊറിയ എത്തുന്നത്. ഇരു ടീമുകളും മുമ്പ് സൗഹൃദ മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നിട്ടുണ്ടെങ്കിലും, ലോകകപ്പ് വേദിയില്‍ ഇതാദ്യമായാണ് കൊമ്പുകോര്‍ക്കുന്നത്. താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പായതിനാല്‍ ഇരു ടീമുകള്‍ക്കും നോക്കൗട്ട് ഘട്ടത്തിലേക്കുള്ള സാധ്യതകള്‍ ഏറെയാണ്.
അഞ്ച് ആഴ്ച നീണ്ടുനില്‍ക്കുന്ന ഈ ഫുട്‌ബോള്‍ മാമാങ്കത്തില്‍ 16 നഗരങ്ങളിലായാണ് 104 മത്സരങ്ങള്‍ നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ദശലക്ഷക്കണക്കിന് ആരാധകരാണ് വടക്കേ അമേരിക്കയിലേക്ക് ഒഴുകിയെത്തുന്നത്.
ലോകകപ്പ് കിക്കോഫ്: ആദ്യ ദിനം വാശിയേറിയ പോരാട്ടങ്ങള്‍; മത്സരങ്ങള്‍ ആരൊക്കെ തമ്മില്