മോദിയെ വീണ്ടും പരിഹസിച്ച് ശിവസേന; വോട്ടിങ് മെഷീന്‍ ഉണ്ടെങ്കില്‍ ലണ്ടനിലും അമേരിക്കയിലും വരെ താമര വിരിയും..!

Jaihind Webdesk
Monday, February 11, 2019

Shivsena-Samna-slams-BJP

പ്രധാനമന്ത്രിയെയും ബിജെപിയെയും പരിഹസിച്ചും വിമര്‍ശിച്ചും ശിവസേന. വോട്ടിങ് യന്ത്രവും പൊള്ളയായ ആത്മവിശ്വാസവുമുണ്ടെങ്കില്‍ ലണ്ടനിലും അമേരിക്കയിലും വരെ താമര വിരിയും എന്ന വിമര്‍ശനവുമായാണ് പാര്‍ട്ടി മുഖപത്രമായ സാമ്‌ന ഇത്തവണ ബിജെപിയ്ക്കെതിരെ ആഞ്ഞടിച്ചത്.

ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയുമായി സഖ്യത്തിനുള്ള ശ്രമങ്ങള്‍ ബിജെപി തുടരുന്നതിനിടെയാണ് വീണ്ടും പാര്‍ട്ടിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ച് പാര്‍ട്ടി മുഖപത്രം സാമ്‌ന രംഗത്തെത്തിയത്. ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാതെ അവരുടെ ജീവിതം ദുഷ്കരമാക്കുന്ന പാര്‍ട്ടിയും ധാര്‍ഷ്ട്യത്തോടെ പെരുമാറുന്ന നേതാക്കളെയുമാണ് കാണാനാകുന്നതെന്ന് സാമ്‌ന മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

പൊള്ളയായ ആത്മവിശ്വാസം മാത്രമാണ് ഈ നേതാക്കളുടെയും പാര്‍ട്ടിയുടെയും കൈമുതലെന്നും അയോധ്യയിലെ ക്ഷേത്രനിര്‍മ്മാണമെന്ന വാഗ്ദാനം പോലും പാലിച്ചില്ലെന്നും അവിടെപ്പോലും താമര വിരിയിക്കാനാകാത്തതെന്താണെന്നും മുഖപ്രസംഗം ചോദിക്കുന്നു.

തൊഴിലില്ലായ്മ രൂക്ഷമാകുമ്പോഴും 24,000ഓളം അധ്യാപക തസ്തികകളാണ് മഹാരാഷ്ട്രയില്‍ ഒഴിഞ്ഞുകിടക്കുന്നത്. കര്‍ഷകരാകട്ടെ സംസ്ഥാനത്തുടനീളം പ്രതിഷേധത്തിലാണ്.

ഇത്രയേറെ ജനദ്രോഹ നയങ്ങളില്‍ സംസ്ഥാനം പൊറുതി മുട്ടുമ്പോഴും ഭരിക്കുന്നവര്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ മാത്രമാണ് ആശങ്കയെന്നും കുറ്റപ്പെടുത്തുന്ന മുഖപ്രസംഗം പൊള്ളയായ ആത്മവിശ്വാസവും വോട്ടിംഗ് യന്ത്രവും ഉണ്ടെങ്കില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല ലണ്ടനിലും അമേരിക്കയിലും വരെ താമര വിരിയും എന്നും പരിഹസിക്കുന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അവകാശപ്പെടുന്നത് കഴിഞ്ഞ തവണ കിട്ടിയ 42 സീറ്റില്‍ ഒരു സീറ്റെങ്കിലും കൂടുതല്‍ കിട്ടുമെന്നാണ്. എന്‍സിപി നേതാവ് ശരദ് പവാറിന്റെ തട്ടകമായ ബരാമതിയില്‍ പോലും ജയിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. ഇത്തരത്തിലാണ് ആത്മവിശ്വാസമെങ്കില്‍ പാര്‍ട്ടിക്ക് 548 സീറ്റും ജയിക്കാന്‍ കഴിയുമെന്ന് സാമ്‌ന പരിഹസിക്കുന്നു.

റഫേലിനെ പിന്തുണക്കുന്നവരെല്ലാം ദേശസ്‌നേഹികളും അതില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെയെല്ലാം ദേശവിരുദ്ധരുമാക്കുന്ന സ്ഥിതിയാണു ഉള്ളതെന്ന് കഴിഞ്ഞ ദിവസം സാമ്‌ന കുറ്റപ്പെടുത്തിയിരുന്നു. സത്യമേവ ജയതേ എന്ന മുദ്രാവാക്യമാണ് രാജ്യത്തെ നിലനിര്‍ത്തുന്നതെന്നും പ്രതിപക്ഷം മരിച്ചാലും സത്യം എപ്പോഴും ജീവനോടെയുണ്ടാകുമെന്നും സാമ്ന പറയുന്നു. എന്തിനാണ് അനാവശ്യമായി പ്രതിപക്ഷത്തെ പഴിക്കുന്നതെന്ന് സാമ്‌ന ചോദിച്ചിരുന്നു.