മില്ലര്‍ ഷോ; ബെംഗളൂരുവിനെ തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് ടോപ് ഫോറില്‍

Jaihind News Bureau
Saturday, April 18, 2026

ബെംഗളൂരു: ഐപിഎല്ലിലെ ആവേശം അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ആര്‍സിബി ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കെ ഡല്‍ഹി മറികടന്നു. വിജയത്തോടെ ആറ് പോയിന്റുമായി ഡല്‍ഹി ആദ്യ നാലില്‍ ഇടംപിടിച്ചപ്പോള്‍, തോല്‍വി വഴങ്ങിയെങ്കിലും എട്ട് പോയിന്റുള്ള ആര്‍സിബി പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.

തുടക്കത്തില്‍ 18 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ഡല്‍ഹിയെ കെ.എല്‍. രാഹുലിന്റെ (57) അര്‍ധസെഞ്ചുറിയാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അവസാന അഞ്ച് ഓവറില്‍ 46 റണ്‍സ് വേണ്ടിയിരുന്ന ഡല്‍ഹിയെ ഭുവനേശ്വര്‍ കുമാറും ഹേസല്‍വുഡും വരിഞ്ഞുമുറുക്കിയതോടെ ആര്‍സിബി വിജയം ഉറപ്പിച്ചു. എന്നാല്‍ അവസാന മൂന്ന് ഓവറില്‍ 37 റണ്‍സ് വേണമെന്നിരിക്കെ ട്രിസ്റ്റന്‍ സ്റ്റബ്‌സും (60*) ഡേവിഡ് മില്ലറും (22*) കളം നിറഞ്ഞു.

റൊമാരിയോ ഷെപ്പേര്‍ഡ് എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ഡല്‍ഹിക്ക് വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തില്‍ സിംഗിളുകള്‍ മാത്രം പിറന്നതോടെ ലക്ഷ്യം നാല് പന്തില്‍ 13 ആയി. എന്നാല്‍ അടുത്ത രണ്ട് പന്തുകളും സിക്‌സറിന് തൂക്കിയ മില്ലര്‍ അഞ്ചാം പന്തില്‍ ബൗണ്ടറി കൂടി നേടിയതോടെ ഡല്‍ഹി വിജയം ആഘോഷിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആര്‍സിബിക്ക് വിരാട് കോലിയും (19) ഫില്‍ സാള്‍ട്ടും (63) ചേര്‍ന്ന് വെടിക്കെട്ട് തുടക്കം നല്‍കിയെങ്കിലും മധ്യനിരയും വാലറ്റവും നിരാശപ്പെടുത്തി. ആദ്യ പത്തോവറില്‍ 99 റണ്‍സെടുത്ത ആര്‍സിബിക്ക് അവസാന പത്തോവറില്‍ വെറും 76 റണ്‍സേ നേടാനായുള്ളൂ. അവസാന രണ്ടോവറില്‍ വെറും 8 റണ്‍സ് മാത്രമാണ് പിറന്നത്. കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ലുങ്കി എന്‍ഗിഡി എന്നിവര്‍ ഡല്‍ഹിക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.