‘ബ്രിജ് ഭൂഷനെതിരെ പരാതി നല്‍കിയ ആ 6 ഗുസ്തി താരങ്ങളില്‍ ഒരാള്‍ ഞാനാണ്’; വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്

Jaihind News Bureau
Sunday, May 3, 2026

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ ആറ് വനിതാ താരങ്ങളില്‍ ഒരാള്‍ താനാണെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട് വെളിപ്പെടുത്തി. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ഇരകളുടെ സ്വകാര്യത കണക്കിലെടുത്ത് ഇതുവരെ പേര് വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ തന്നെ പരസ്യ പ്രതികരണത്തിന് നിര്‍ബന്ധിതയാക്കുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ വിനേഷ് പറഞ്ഞു.

പാരീസ് ഒളിമ്പിക്‌സിന് ശേഷമുള്ള വിനേഷിന്റെ ആദ്യ മത്സരമായ നാഷണല്‍ ഓപ്പണ്‍ റാങ്കിംഗ് ടൂര്‍ണമെന്റ് ഉത്തര്‍പ്രദേശിലെ ഗോണ്ടയിലാണ് നടക്കുന്നത്. മെയ് 10 മുതല്‍ 12 വരെ നടക്കുന്ന ഈ മത്സരങ്ങള്‍ ബ്രിജ് ഭൂഷണിന്റെ സ്വാധീന മേഖലയായ ഗോണ്ടയില്‍ നടത്തുന്നതിനെ വിനേഷ് രൂക്ഷമായി വിമര്‍ശിച്ചു. ‘ബ്രിജ് ഭൂഷണിന്റെ വീട്ടിലും കോളേജിലും പോയി മത്സരിക്കേണ്ടി വരുന്ന സാഹചര്യം ആലോചിച്ചു നോക്കൂ. അവിടെയുള്ള ഓരോ വ്യക്തിയും അയാളുമായി ബന്ധമുള്ളവരായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍ മാനസികമായ സമ്മര്‍ദ്ദം നേരിട്ടുകൊണ്ട് 100 ശതമാനം മികവ് പുലര്‍ത്താന്‍ കഴിയില്ല,’ വിനേഷ് പറഞ്ഞു. മത്സരത്തിന് പോകുമ്പോള്‍ തനിക്കൊപ്പമുള്ള ടീമിനോ അഭ്യുദയകാംക്ഷികള്‍ക്കോ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കുമെന്ന് താരം മുന്നറിയിപ്പ് നല്‍കി.

ഗുസ്തി ഫെഡറേഷന്‍ ഇപ്പോഴും നിയന്ത്രിക്കുന്നത് താനാണെന്ന് ബ്രിജ് ഭൂഷണ്‍ പരസ്യമായി അവകാശപ്പെടുമ്പോഴും സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്ന് വിനേഷ് കുറ്റപ്പെടുത്തി. താനൊരു മനുഷ്യനെ കൊന്നിട്ടുണ്ടെന്ന് ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞ വ്യക്തിയാണ് ബ്രിജ് ഭൂഷണ്‍. അയാള്‍ക്ക് എന്തും ചെയ്യാന്‍ സാധിക്കുന്ന മാനസികാവസ്ഥയാണെന്നും താരം ചൂണ്ടിക്കാട്ടി. പാരീസ് ഒളിമ്പിക്‌സിലെ ഭാരക്കൂടുതല്‍ മൂലം അയോഗ്യയാക്കപ്പെട്ടതിനെ തുടര്‍ന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്ന വിനേഷ്, പിന്നീട് തീരുമാനം മാറ്റിയിരുന്നു. 57 കിലോ വിഭാഗത്തിലാണ് വിനേഷ് ഇപ്പോള്‍ മത്സരിക്കാനൊരുങ്ങുന്നത്. 2026-ലെ ഏഷ്യന്‍ ഗെയിംസിലേക്കുള്ള യോഗ്യതയില്‍ നിര്‍ണ്ണായകമാണ് ഈ ടൂര്‍ണമെന്റ്.

തനിക്ക് പ്രത്യേക ആനുകൂല്യങ്ങളൊന്നും വേണ്ടെന്നും, ഗുസ്തി മാറ്റിലെ തീരുമാനങ്ങള്‍ ഏതെങ്കിലും ഗുണ്ടയുടെ ഇഷ്ടത്തിനനുസരിച്ചല്ല, മറിച്ച് താരങ്ങളുടെ അധ്വാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്നും വിനേഷ് വ്യക്തമാക്കി. മാധ്യമങ്ങളും കായിക ലോകവും ഈ മത്സരങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കണമെന്നും താരം അഭ്യര്‍ത്ഥിച്ചു.