
സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വീഴ്ചയുണ്ടായെന്ന പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നിലപാട് ഏകപക്ഷീയമാണെന്ന് ഡിസിസി പ്രസിഡന്‍റ്
കെ. പ്രവീൺ കുമാർ ആരോപിച്ചു. കമ്മീഷന്റെ വിശദീകരണം അംഗീകരിക്കാനാവില്ലെന്നും വിഷയത്തിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചട്ടലംഘനം നടന്നിട്ടില്ലെന്ന കമ്മീഷന്റെ വാദം തെറ്റാണെന്നും, നിബന്ധനകൾ കാറ്റിൽ പറത്തിക്കൊണ്ടുള്ള നീക്കങ്ങളാണ് വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപം നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്‌ട്രോങ്ങ് റൂമിന് തൊട്ടടുത്തായി മെറ്റീരിയൽ റൂം സ്ഥാപിക്കാൻ അനുമതി നൽകിയത് ആരാണെന്ന് അദ്ദേഹം ചോദിച്ചു. അതീവ സുരക്ഷാ മേഖലയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചത് ഗുരുതരമായ ചട്ടലംഘനമാണ്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വരണാധികാരികളെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യം. ചട്ടലംഘനം നടന്നിട്ടില്ലെന്ന ഔദ്യോഗിക ഉത്തരവ് ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടെണ്ണൽ വേളയിൽ സംശയമുള്ള വിവിപാറ്റുകൾ എണ്ണണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാനാണ് യു.ഡി.എഫ് തീരുമാനം. വോട്ടിന്റെ സുതാര്യത ഉറപ്പുവരുത്താൻ ഇത് അനിവാര്യമാണെന്ന് പ്രവീൺ കുമാർ വ്യക്തമാക്കി. ജനവിധി അട്ടിമറിക്കാനുള്ള ശ്രമങ്ങളെ നിയമപരമായി നേരിടുമെന്നും വോട്ടെണ്ണൽ ദിവസം കർശന ജാഗ്രത പുലർത്തുമെന്നും അദ്ദേഹം പറഞ്ഞു.