
സസ്‌പെൻഷനിൽ തുടരുന്ന എൻ. പ്രശാന്ത് ഐഎഎസിനെതിരെ സർക്കാർ വീണ്ടും അച്ചടക്ക നടപടി ആരംഭിച്ചു. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിക്കുകയും ഭരണകൂടത്തെ വിമർശിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് ചീഫ് സെക്രട്ടറി പുതിയ നോട്ടീസ് നൽകിയിരിക്കുന്നത്. ഇതോടെ സർവീസ് കാലയളവിൽ എൻ. പ്രശാന്തിനെതിരെ എടുക്കുന്ന അച്ചടക്ക നടപടികളുടെ എണ്ണം എട്ടായി ഉയർന്നു. സസ്‌പെൻഷൻ കാലാവധി പുനഃപരിശോധിക്കാനുള്ള റിവ്യൂ കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് സർക്കാരിന്റെ ഈ നിർണ്ണായക നീക്കം.
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. എ. ജയതിലകിനെതിരെ സോഷ്യൽ മീഡിയയിലൂടെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് 2024 നവംബർ 11-നാണ് പ്രശാന്തിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. അതേ ദിവസം തന്നെ മതാടിസ്ഥാനത്തിൽ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ കെ. ഗോപാലകൃഷ്ണനെയും സസ്‌പെൻഡ് ചെയ്തിരുന്നു. ഒരേ ദിവസം രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ സസ്‌പെൻഷനിലായത് കേരള സിവിൽ സർവീസ് ചരിത്രത്തിലെ തന്നെ അസാധാരണമായ സംഭവമായിരുന്നു.
എന്നാൽ, സസ്‌പെൻഷൻ നടപടികളിൽ സർക്കാർ വിവേചനം കാണിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. സമാന സാഹചര്യത്തിൽ നടപടി നേരിട്ട കെ. ഗോപാലകൃഷ്ണനെ പിന്നീട് സർവീസിൽ തിരിച്ചെടുത്തപ്പോൾ, പ്രശാന്തിനെതിരെയുള്ള നടപടികൾ ഓരോ ഘട്ടത്തിലും നീട്ടിക്കൊണ്ടുപോകുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. പ്രശാന്തിനെതിരെ തുടർച്ചയായുണ്ടാകുന്ന ഈ അച്ചടക്ക നടപടികൾ പകപോക്കലാണെന്ന വിമർശനവും ഇതിനോടകം ഉയർന്നിട്ടുണ്ട്.