നിതിന്‍ രാജിന്റെ മരണം: പോലീസിനും സര്‍ക്കാരിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ്

Jaihind News Bureau
Sunday, May 3, 2026

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പോലീസും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്ന ഗുരുതര ആരോപണവുമായി പിതാവ് രാജന്‍ രംഗത്ത്. കേസില്‍ പോലീസ് പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും തനിക്ക് നീതിക്ക് പകരം അനീതിയാണ് ലഭിക്കുന്നതെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ ആറ് ദിവസമായി ഡി.ഐ.ജി, കമ്മീഷണര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ഫലമില്ലാത്ത സാഹചര്യത്തിലാണ് കുടുംബം പരസ്യ പ്രതികരണത്തിന് മുതിര്‍ന്നത്.

കേസിലെ പ്രതിയായ ഡോക്ടര്‍ സംഗീതയ്ക്ക് പോലീസ് സ്റ്റേഷനില്‍ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചതെന്ന് രാജന്‍ ആരോപിച്ചു. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ ഡോക്ടര്‍ റാമിനെ പിടികൂടാന്‍ പോലീസ് യാതൊരുവിധ ശ്രമങ്ങളും നടത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അന്വേഷണത്തില്‍ പോലീസ് പുലര്‍ത്തുന്ന വിമുഖത പ്രതികളെ സംരക്ഷിക്കാനാണെന്നാണ് കുടുംബത്തിന്റെ പക്ഷം.

കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക രേഖകളോ സിസിടിവി ദൃശ്യങ്ങളോ പോലീസ് തങ്ങള്‍ക്ക് കൈമാറുന്നില്ലെന്നും രാജന്‍ പറഞ്ഞു. പ്രിന്‍സിപ്പലിന്റെ മുറിയിലെ ദൃശ്യങ്ങള്‍ മാത്രമാണ് തന്നെ കാണിച്ചത്. മകന്റെ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പോലീസ് മറച്ചുവെക്കുന്നത് കാരണം കോടതിയെ സമീപിക്കാന്‍ പോലും തനിക്ക് സാധിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പോലീസിന്റെ ഭാഗത്തുനിന്നുള്ള ഈ മെല്ലെപ്പോക്ക് അന്വേഷണത്തെ അട്ടിമറിക്കാനാണെന്നും നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.