കേരളം ആര് ഭരിക്കും?; യുഡിഎഫ് ക്യാമ്പുകളിൽ ആവേശം; നെഞ്ചിടിപ്പോടെ എല്‍ഡിഎഫും ബിജെപിയും; ആകാംക്ഷയുടെ മുൾമുനയിൽ കേരളം

Jaihind News Bureau
Sunday, May 3, 2026

കേരളത്തിന്റെ ജനവിധി അറിയാൻ ഇനി ഒരു ദിവസത്തിന്റെ മാത്രം അകലം. പോളിംഗ് അവസാനിച്ചത് മുതൽ ഭരണത്തുടർച്ചയിൽ ഉറച്ച വിശ്വാസം പ്രകടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിസഭായോഗത്തിൽ എല്ലാവർക്കും വിജയാശംസകൾ നേർന്നു. എക്സിറ്റ് പോളുകൾ അനുകൂലമല്ലെങ്കിലും 72 മുതൽ 75 വരെ സീറ്റുകൾ നേടി ഇടത് മുന്നണി അധികാരം നിലനിർത്തുമെന്നാണ് പാർട്ടി കേന്ദ്രങ്ങളുടെ വിലയിരുത്തൽ. എങ്കിലും താഴെത്തട്ടിലെ കണക്കുകൾ അത്ര ശുഭകരമല്ലെന്ന തിരിച്ചറിവ് എൽ.ഡി.എഫ് ക്യാമ്പുകളിൽ നേരിയ ആശങ്ക പടർത്തുന്നുണ്ട്.

അതേസമയം, യു.ഡി.എഫ് ക്യാമ്പുകളിൽ വലിയ ആവേശമാണ് പ്രകടമാകുന്നത്. വോട്ട് പെട്ടിയിലായ അന്ന് മുതൽ അധികാരം ഉറപ്പിച്ച പ്രതിപക്ഷ നിരയ്ക്ക്, ഭരണമാറ്റം പ്രവചിച്ച എക്സിറ്റ് പോളുകൾ കൂടുതൽ കരുത്ത് പകരുന്നു. 85-നും 90-നും ഇടയിൽ സീറ്റുകൾ നേടി നോർത്ത് ബ്ലോക്കിലേക്ക് മടങ്ങിയെത്താമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. ഒരു തരംഗം ആഞ്ഞടിച്ചാൽ സീറ്റ് നില 90-ഉം കടക്കുമെന്ന് ഉറപ്പാണ്.

ബി.ജെ.പി ക്യാമ്പിലാകട്ടെ, തുടക്കത്തിലുണ്ടായിരുന്ന അമിത ആത്മവിശ്വാസം എക്സിറ്റ് പോളുകൾക്ക് പിന്നാലെ അല്പം മങ്ങിയിട്ടുണ്ട്. പ്രവചനങ്ങൾ തെറ്റിച്ച് ഒരു കൊടുങ്കാറ്റായി ആരെങ്കിലും അധികാരത്തിലേറുമോ, അതോ നേരിയ ഭൂരിപക്ഷത്തിൽ ആരെങ്കിലും രക്ഷപ്പെടുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. ഒരു തൂക്കുസഭയ്ക്കുള്ള സാധ്യത പോലും തള്ളിക്കളയാനാവാത്ത വിധം ഉദ്വേഗജനകമായ ഒരു ക്ലൈമാക്സിലേക്കാണ് നാട് ഉറ്റുനോക്കുന്നത്.