സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; നിർമാണം പൂർത്തിയാകും മുൻപേ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ; ആനുകൂല്യങ്ങളും മുടങ്ങി

Jaihind News Bureau
Friday, April 17, 2026

മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുങ്ങുന്ന ടൗൺഷിപ്പിലെ വീടുകളിൽ നിർമാണ അപാകത. ഒന്നാം ഘട്ടത്തിൽ നിർമിക്കുന്ന സോൺ ഒന്നിലെ രണ്ട് വീടുകളിലാണ് വിള്ളലുകൾ പ്രത്യക്ഷപ്പെട്ടത്. ചൂരൽമല സ്വദേശി നൗഫലിന് അനുവദിച്ച എട്ടാം നമ്പർ വീടിന്റെ മേൽക്കൂരയിലാണ് വിള്ളലുണ്ടായത്. തൊട്ടടുത്ത വീട്ടിലും സമാനമായ രീതിയിൽ വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ട്. ഉരുൾപൊട്ടലിനെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ള അത്യാധുനിക വീടുകളെന്ന സർക്കാർ പ്രഖ്യാപനത്തിനിടെയാണ് നിർമാണം പൂർത്തിയാകും മുൻപേ വിള്ളലുകൾ വീണത് എന്നത് ഗുണഭോക്താക്കളെ ആശങ്കയിലാഴ്ത്തുന്നു.

വിള്ളൽ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നിർമാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) അധികൃതരെ കണ്ട് നൗഫൽ പരാതി നൽകി. ഇതിനു പിന്നാലെ അധികൃതർ എത്തി മേൽക്കൂരയിൽ ലീക് പ്രൂഫ് ജോലികൾ നടത്തിയിട്ടുണ്ട്. എങ്കിലും നിർമാണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ദുരന്തബാധിതർക്കിടയിൽ വ്യാപകമായ പരാതി ഉയരുന്നുണ്ട്.

വീടുകളുടെ നിർമാണത്തിലെ അപാകതകൾക്ക് പുറമെ, ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തര സാമ്പത്തിക സഹായങ്ങളും മുടങ്ങിയ നിലയിലാണ്. മാർച്ചിലെ ദിനബത്തയും അവശ്യസാധനങ്ങൾ വാങ്ങാനുള്ള കൂപ്പണും ഇതുവരെ വിതരണം ചെയ്തിട്ടില്ല. ദുരന്തബാധിത കുടുംബത്തിലെ രണ്ട് പേർക്ക് പ്രതിദിനം 300 രൂപ നിരക്കിൽ മാസം തോറും ലഭിക്കേണ്ട 9000 രൂപയാണ് മുടങ്ങിയിരിക്കുന്നത്. പുനരധിവാസം വൈകുന്നതിനിടെ ലഭിക്കേണ്ട ചെറിയ സഹായങ്ങൾ പോലും മുടങ്ങുന്നത് കുടുംബങ്ങളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.