ഗവര്‍ണർ ബി.ജെ.പിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നു ; നടപടി ജനാധിപത്യ വിരുദ്ധമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Wednesday, December 23, 2020

Mullapaplly-Ramachandran

 

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷക ദ്രോഹ നിയമങ്ങള്‍ക്കെതിരെ കേരളത്തിന്‍റെ പ്രതിഷേധം രേഖപ്പെടുത്താനും പ്രമേയം പാസാക്കാനും പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

രാജ്യതലസ്ഥാനത്ത് കഴിഞ്ഞ ഒരു മാസക്കാലമായി കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. കേരളത്തിലെ കര്‍ഷകരെയും ദോഷകരമായി ബാധിക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ കാര്‍ഷിക നിയമം. സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ ബി.ജെ.പിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്.

സംസ്ഥാന വിഷയമാണ് കൃഷി. അതുകൊണ്ട് തന്നെ ഗവര്‍ണറുടെ നടപടി ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്. സംസ്ഥാനത്ത് ഭരണഘടനാപരമായ ഉന്നത പദവി വഹിക്കുന്ന ഗവര്‍ണര്‍, ഔദ്യോഗിക കാര്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.