വരാന്‍ പോകുന്നത് ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്ദാനപ്പെരുമഴയുടെ മാത്രം ബജറ്റ് : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Thursday, January 14, 2021

 

തിരുവനന്തപുരം : കടം പെരുകി സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ അവസാന ബജറ്റില്‍ വരാന്‍ പോകുന്നത് ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്ദാനപ്പെരുമഴ മാത്രമായിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കൊവിഡ് ഉണ്ടാക്കിയ സാമ്പത്തിക മരവിപ്പിനേക്കാള്‍ വലുതാണ് ഈ സര്‍ക്കാര്‍ വരുത്തി വച്ച പൊതുകടം. അഞ്ചു വര്‍ഷം മുമ്പ് ഒന്നര ലക്ഷം കോടി രൂപ പൊതുകടം ഉണ്ടായിരുന്ന കേരളത്തിന്‍റെ കടബാധ്യത ഇന്ന് മൂന്നു ലക്ഷം കോടിയായി. പെന്‍ഷന്‍, ശമ്പളം, പലിശ എന്നിവയ്ക്ക് സര്‍ക്കാരിന് 80,000 കോടി രൂപയാണ് വേണ്ടത്. ഇതിന് പുറമെയാണ് മറ്റു വികസന പദ്ധതികള്‍ക്കും സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കും പണം കണ്ടെത്തേണ്ടത്. വന്‍ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ആശ്രയിക്കുന്ന കിഫ്ബിയില്‍ ആവശ്യത്തിന് പണം ഇല്ലെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ഉയര്‍ന്ന പലിശയ്ക്ക് ഇനിയും കടം എടുക്കാന്‍ കഴിയുമോയെന്നാണ് സര്‍ക്കാരും ധനമന്ത്രിയും ആലോചിക്കുന്നത്. കടം വാങ്ങി കുലം മുടിക്കുന്ന മുടിയനായ പുത്രന്‍റെ സ്ഥാനത്താണ് ഇപ്പോള്‍ ധനമന്ത്രിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഈ സര്‍ക്കാരിന്‍റെ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ തൊഴിലില്ലായ്മ പെരുകി. യുവാക്കള്‍ക്കായി ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല അവരെ വഞ്ചിക്കുകയും ചെയ്തു. തൊഴിലില്ലായ്മ ദേശീയ നിരക്കിനേക്കാള്‍ ഉയര്‍ന്നതാണ് കേരളത്തില്‍. ദേശീയ തലത്തില്‍ 6.1 ശതമാനമായിരിക്കെ ഇവിടെയത് 11.4 ശതമാനമാണ്. തൊഴിലില്ലായ്മ രൂക്ഷമായി തുടരുമ്പോഴും സിപിഎം അനുഭാവികള്‍ക്കും ഇഷ്ടക്കാര്‍ക്കും പിന്‍വാതില്‍ വഴി സര്‍ക്കാര്‍ ജോലി നല്‍കി സ്ഥിരപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ജനത്തിന് ഇപ്പോള്‍ ആവശ്യം അവര്‍ക്ക് ഉപജീവനത്തിനുള്ള തൊഴിലാണ്. അത് നല്‍കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞില്ല.യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തോടൊപ്പം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞിരുന്നെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബജറ്റില്‍ 1500 കോടി പ്രഖ്യാപിച്ച മലയോര ഹൈവെയുടെ പ്രവര്‍ത്തനം എങ്ങും എത്തിയില്ല. 2000 കോടിയുടെ തീരദ്ദേശ പാക്കേജ്, 5000 കോടിയുടെ ഇടുക്കി പാക്കേജ്, 2000 കോടിയുടെ വയനാട് പാക്കേജ്, 1000 കോടിയുടെ കുട്ടനാട് പാക്കേജ് തുടങ്ങിയ പ്രഖ്യാപനങ്ങളും കഴിഞ്ഞ ബജറ്റില്‍ നടത്തിയിട്ടും അവ പ്രാബല്യത്തില്‍ വരുത്താന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പ്രളയാനന്തരം നവകേരളം നിര്‍മിക്കാന്‍ 7192 പദ്ധതികള്‍ക്കാണ് ഈ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. എന്നാല്‍ നാളിതുവരെ ഒരു പദ്ധതിയും പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനായില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കൃഷി, ടൂറിസം മേഖലകളും ചെറുകിട വ്യവസായങ്ങളും നിര്‍മ്മാണ മേഖലയും കേരള സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങള്‍മൂലം കിതയ്ക്കുകയാണ്. അടിസ്ഥാന സൗകര്യവികസന രംഗത്ത് യു.ഡി.എഫ് തുടങ്ങി വച്ചതല്ലാതെ പുതിയതായി ഒന്നും തുടങ്ങാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞില്ല. കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, ഗെയില്‍ പദ്ധതി എന്നിവയെല്ലാം അതിന് ഉദാഹരണമാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം കൊണ്ട് 245 പാലങ്ങളാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ചത്. സംസ്ഥാന പാത നവീകരണം വേഗത്തിലാക്കി. എന്നാല്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് റോഡുകളുടെ നവീകരണം പഴങ്കഥയായി. വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇതിനെല്ലാം കാരണം ഈ സര്‍ക്കാരിന് ധനകാര്യം ചെയ്യുന്നതിലെ ദീര്‍ഘ വീക്ഷണം ഇല്ലായ്മയും കെടുകാര്യസ്ഥതയുമാണ്. കൊവിഡ് കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച 20,000 കോടിയുടെ സാമ്പത്തിക പാക്കേജിന്‍റെ നിജസ്ഥിതി എന്താണെന്നു പോലും പൊതുജനത്തിന് ബോധ്യമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.