ഒറ്റക്കെട്ടായി നില്‍ക്കുന്ന കോണ്‍ഗ്രസിനെ ഒരു ശക്തിക്കും പരാജയപ്പെടുത്താനാകില്ല : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Wednesday, January 6, 2021

തിരുവനന്തപുരം : കൂട്ടായ നേതൃത്വത്തിന് കീഴില്‍ ഐക്യത്തോടെ പ്രവര്‍ത്തിച്ചാല്‍ ഏത് പ്രതിസന്ധികളെയും അതിജീവിച്ച് കോണ്‍ഗ്രസിന് ഉജ്വല വിജയം നേടാന്‍ സാധിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പോഷക സംഘടനകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയെന്ന വികാരത്തെക്കാള്‍ വലുതല്ല മറ്റൊരു വികാരവുമെന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാകണം. സംഘടനയെ ശക്തിപ്പെടുത്തുന്ന നടപടികളാണ് ഓരോ പ്രവര്‍ത്തകനില്‍ നിന്നും ഉണ്ടാകേണ്ടതെന്നും മുല്ലപ്പള്ളി ഓര്‍മ്മപ്പെടുത്തി.

തദ്ദേശ തെരഞ്ഞെടുപ്പിലെ പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും തെറ്റുകള്‍ തിരുത്തുകയും വേണം. കെ.പി.സി.സി നിര്‍ദ്ദേശിച്ച മാനദണ്ഡം അനുസരിച്ചും സമവാക്യങ്ങള്‍ ഉള്‍ക്കൊണ്ടും ജനസ്വീകാര്യതയുള്ള സ്ഥാനാര്‍ത്ഥികളെ അവതരിപ്പിച്ച ഇടങ്ങളില്‍ കോണ്‍ഗ്രസിന് ജയിക്കാനും തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വയ്ക്കാനും കഴിഞ്ഞു. ജനസ്വീകാര്യതയും കഴിവും പ്രതിബദ്ധതയും സ്വാഭാവശുദ്ധിയും ആയിരിക്കും മറ്റ് ഘടകങ്ങളെക്കാള്‍ സ്ഥാനാര്‍ത്ഥിത്വത്തിന് കെ.പി.സി.സി പരിഗണിക്കുന്ന യോഗ്യതകള്‍. യുവാക്കള്‍,വനിതകള്‍, ന്യൂനപക്ഷ-പാര്‍ശ്വവത്കരിപ്പെട്ട വിഭാഗങ്ങളില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അര്‍ഹമായ പ്രധാന്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉറപ്പാക്കും. ഇതിന് ഹൈക്കാമാന്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. ഒരു വിഭാഗത്തേയും അവഗണിക്കില്ലെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിന്‍റെ സാന്നിധ്യത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗത്തെ അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വിപുലമായ പദ്ധതികളാണ് നേതൃത്വം ആവിഷ്‌കരിച്ചിരിക്കുന്നത്. ജില്ലാതല അവലോകനങ്ങള്‍ക്ക് പിന്നാലെ ജനുവരി 6 മുതല്‍ 13 വരെ ജില്ലാതല പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഡി.സി.സി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളുടെ യോഗങ്ങള്‍ ഈ ദിവസങ്ങളില്‍ ചേരും. ജില്ലകളുടെ ചുമതല നല്‍കിയിട്ടുള്ള എ.ഐ.സി.സി സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ മൂന്ന് മേഖലകള്‍ തിരിച്ച് യോഗങ്ങളും ചേരും.

ഈ മാസം 11 മുതല്‍ 15 വരെ ബ്ലോക്ക് കണ്‍വെന്‍ഷനും തുടര്‍ന്ന് 20 വരെ മണ്ഡലം കണ്‍വന്‍ഷനും നടക്കും. റിപ്പബ്ലിക് ദിനമായ 26ന് ബൂത്തുകളുടെ ചുമതല മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറ്റെടുത്ത് പുനഃസംഘടിപ്പിക്കും. ഗൃഹസന്ദര്‍ശന പരിപാടികളും സംഘടിപ്പിക്കും. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ 30 ന് മണ്ഡലം തലത്തില്‍ 1506 കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പദയാത്രകളും സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.