ഞാൻ കോൺഗ്രസുകാരൻ , മരിച്ചാൽ ത്രിവർണ പതാക പുതപ്പിക്കണം : ടി പത്മനാഭൻ

Jaihind News Bureau
Tuesday, February 2, 2021

താനെന്നും കോൺഗ്രസുകാരനാണെന്നും മരിച്ചാൽ ത്രിവർണ പതാക പുതപ്പിക്കണമെന്നും മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരൻ ടി.പത്മനാഭൻ. കെ.പി.സി.സി.യുടെ നൂറാം വാർഷികത്തിൽ പ്രമുഖ വ്യക്തികളെ ആദരിക്കുന്ന ‘പ്രതിഭാദരം’ ചടങ്ങിലാണ് കോൺഗ്രസുമായുള്ള വർഷങ്ങളുടെ ആത്മബന്ധം അദ്ദേഹം വ്യക്തമാക്കിയത്.

എ ഐ സി സി യുടെ നേതൃത്വത്തിൽ കെ പി സി സി കേരളത്തിലെ പ്രതിഭകളെ ചേർത്ത് പിടിച്ചു കൊണ്ട് ‘പ്രതിഭാദരം’ പരിപാടിക്ക് ഉജ്ജ്വല തുടക്കം. വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കേരളത്തിലെ പ്രതിഭകളെ ആദരിക്കുന്നതിനായി കെപിസിസി നടപ്പിലാക്കുന്ന പ്രതിഭാദരം എന്നു പേര് നൽകിയിട്ടുള്ള പരിപാടിക്ക്, മലയാള സാഹിത്യലോകത്ത് ചെറുകഥകളുടെ രാജശില്പിയായി അറിയപ്പെടുന്ന ടി. പത്മനാഭനെ എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പൊന്നാടയണിയിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്. താരീഖ് അൻവറും, കോൺഗ്രസ് നേതാക്കളും ടി. പത്മനാഭന്‍റെ പള്ളിക്കുന്നിലെ വസതിയിൽ എത്തിയാണ് പൊന്നാട അണിയിച്ചത്.

കേരളത്തിൽ കോൺഗ്രസ് പാർട്ടി അധികാരത്തിൽ തിരിച്ചു വരേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. 1940ൽ തന്‍റെ കുട്ടിക്കാലത്തു ക്വിറ്റ് ഇന്ത്യ സമരം നടക്കുന്ന സാഹചര്യത്തിൽ ഉണ്ടായ ‘വ്യക്തിസത്യാഗ്രഹത്തിൽ’ പങ്കെടുത്ത ഓർമകളും അദ്ദേഹം പങ്കുവച്ചു. ജീവിതത്തിൽ ഇത് വരെ ഖാദി വസ്ത്രങ്ങൾ മാത്രം ധരിച്ചിട്ടുള്ളു ആളാണ് താനെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യ മാംസാദികളോ ലഹരി വസ്തുക്കളോ ജീവിതത്തിൽ ഉപയോഗിച്ചിട്ടില്ലെന്നും ഗാന്ധിയൻ ദർശനങ്ങൾ ആണ് തന്നെ മുന്നോട്ട് നയിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ത്രിവർണ പതാക പുതപ്പിച്ച് തന്‍റെ ഭൗതികശരീരം ചിതയിലേക്ക് എടുക്കണമെന്നതാണ് തന്‍റെ അന്ത്യാഭിലാഷമെന്നും പരിപാടിയിൽ സന്നിഹിതരായ കോൺഗ്രസ് നേതൃത്വത്തെ അദ്ദേഹം അറിയിച്ചു.

രാജ്യം നേരിടുന്ന വെല്ലുവിളികളും അതിനെ അതിജീവിക്കാൻ കോൺഗ്രസ് ശക്തിപ്പെടേണ്ടതിന്‍റെ ആവിശ്യകതയും അദ്ദേഹം ചൂണ്ടിക്കാണിച്ചു . എ ഐ സി സി സെക്രട്ടറി പി വി മോഹൻ, കെ പി സി സി ജനറൽ സെക്രട്ടറി കെ പി അനിൽ കുമാർ, കണ്ണൂർ ഡി സി സി പ്രസിഡന്‍റ് സതീശൻ പാച്ചേനി, കെ പി സി സി കോഡിനേറ്റർ എം.എ ഷഹനാസ് എന്നിവരും സന്നിഹിതരായിരുന്നു.