ദമ്പതികളുടെ മരണം ഭരണകൂട ഭീകരത ; കുട്ടികള്‍ക്ക് കെപിസിസി സഹായം നല്‍കും : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Tuesday, December 29, 2020

 

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീകൊളുത്തി മരിക്കാനിടയാക്കിയ സംഭവം സര്‍ക്കാരിന്‍റെ ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജന്റെയും അമ്പിളിയുടെയും  വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദമ്പതികളുടെ മരണത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. മേല്‍ക്കോടതി നടപടി വരുന്നതുവരെ സാവകാശം നല്‍കാതെ പൊലീസ് നടത്തിയ മന:പൂര്‍വ്വമായ നരഹത്യയാണിത്. ഇരുവരുടെയും മരണത്തിന് കാരണമായ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കുടിയൊഴിപ്പിക്കാനുള്ള കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്യുകയും ചെയ്തു. പൊലീസ് അവധാനതയോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ സമൂഹത്തിന്റെ നൊമ്പരമായി മാറിയ ആ രണ്ട് കുട്ടികളുടെ മതാപിതാക്കള്‍ക്ക് ജീവന്‍ നഷ്ടമാക്കില്ലായിരുന്നു. അച്ഛന്റേയും അമ്മയുടേയും വേര്‍പാടില്‍ ദു:ഖിക്കുന്ന കുട്ടികള്‍ക്ക് കെപിസിസി സഹായം നല്‍കും. ബുധനാഴ്ച നടക്കുന്ന ശവസംസ്‌ക്കാര ചടങ്ങുകള്‍ക്ക് ശേഷം അത് കെപിസിസി പ്രഖ്യാപിക്കുകയും അന്ന് തന്നെ അത് കൈമാറുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേരള മന:സാക്ഷിയെ ഞെട്ടിച്ച ഈ ദാരുണ സംഭവത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കണം. ഇത്തരം സംഭവങ്ങള്‍ക്ക് ആവര്‍ത്തിക്കാപ്പെടാതിരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. നിരാലംബരായ ആ കുടുംബത്തെ സഹായിക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാരിന്റെ വൈകി വന്ന വിവേകത്തെ സ്വാഗതം ചെയ്യുന്നു.ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ല. നെയ്യാറ്റിന്‍കരയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ അനാസ്ഥമൂലം വാഹനം കയറി യുവാവിന് ജീവന്‍ നഷ്ടമായതും പിഎസ് സി റാങ്ക് പട്ടികയില്‍ ഇടം നേടിയിട്ടും ജോലി കിട്ടാത്തതിനെ തുടര്‍ന്ന് മറ്റൊരു യുവാവ് ആത്മഹത്യ ചെയ്തതും കേരളം മറന്നിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെപി അനില്‍കുമാര്‍,മണക്കാട് സുരേഷ്,രതികുമാര്‍, ഡിസിസി പ്രസിഡന്റ്,  നെയ്യാറ്റിന്‍കര സനല്‍, കെപിസിസി സെക്രട്ടറി ഹരീന്ദ്രനാഥ് തുടങ്ങിയവരും കെപിസിസി പ്രസിഡന്റിനൊപ്പം വീട് സന്ദര്‍ശിച്ചു.