മധ്യപ്രദേശ് ബിജെപിയിൽ പൊട്ടിത്തെറി; മുൻ മന്ത്രിയും ബലേന്ദു ശുക്ല കോൺഗ്രസിൽ ചേർന്നു

Jaihind News Bureau
Friday, June 5, 2020

ജ്യോതിരാദിത്യസിന്ധ്യ എത്തിയതിന് പിന്നാലെയുള്ള പൊട്ടിത്തെറി മധ്യപ്രദേശ് ബിജെപിയിൽ തുടരുന്നു. മുൻ മന്ത്രിയും ബിജെപി നേതാവുമായ ബലേന്ദു ശുക്ല കോൺഗ്രസിൽ ചേർന്നു. ബിജെപിയിൽ നിന്ന് കൂടുതൽ നേതാക്കൾ കോൺഗ്രസിലേക്ക് എത്തും എന്നാണ് കണക്കുകൂട്ടൽ. ബിജെപിയിലെ പൊട്ടിത്തെറി വരുന്ന ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് അനുകൂലമാകും എന്നാണ് വിലയിരുത്തൽ.

കോൺഗ്രസ് വിട്ട് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നതിന് പിന്നാലെ വൻ പൊട്ടിത്തെറിയാണ് മധ്യപ്രദേശ് ബിജെപിയിൽ ഉണ്ടാകുന്നത്. പല നേതാക്കളും ബിജെപി വിടുമെന്ന വാർത്തകൾ പുറത്തുവരുന്നതിന് പിന്നാലെയാണ് മുൻ മന്ത്രികൂടിയായ ബലേന്ദ ശുക്ല കോൺഗ്രസിൽ ചേർന്നത്.

ജ്യാതിരാദിത്യ സിന്ധ്യയുമായുള്ള അഭിപ്രായ വ്യത്യാസമാണ് ശുക്ലയെ ബിജെപി വിടാൻ പ്രേരിപ്പിച്ചത്. കോൺഗ്രസിൽ ആയിരുന്ന ശുക്ല 2009ലാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.

മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ സാന്നിദ്ധ്യത്തിൽ ആയിരുന്നു ബലേന്ദ ശുക്ലയുടെ കോൺഗ്രസ് പ്രവേശം. ശുക്ല സ്വന്തം കുടുംബത്തിലേയ്ക്ക് മടങ്ങി എത്തിയെന്ന് കമൽനാഥ് പറഞ്ഞു.

24 മണ്ഡലങ്ങളിലേയ്ക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ശുഭപ്രതീക്ഷ നൽകുന്നതാണ് ബിജെപിയിൽ നിന്നുള്ള നേതാക്കളുടെ മടങ്ങിവരവ്.

മുൻ എംപിയും ബിജെപി നേതാവുമായ പ്രേംചന്ദ് ഗുഡ്ഡുവും മകൻ അജിത് ബൗരാസിയും നേരെത്തെ ബിജെപി വിട്ടു കോൺഗ്രസിൽ ചേർന്നിരുന്നു. നിലവിലെ തർക്കത്തിൽ കൂടുതൽ നേതാക്കൾ കോൺഗ്രസിലേയ്ക്ക് എത്തുമെന്നാണ് വിലയിരുത്തൽ.