സർക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി ഗൂഢാലോചനയില്‍ പങ്കാളിയായി ; സച്ചിന്‍ പൈലറ്റിനെതിരെ കോണ്‍ഗ്രസ് നടപടി

Jaihind News Bureau
Tuesday, July 14, 2020

സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പി.സി.സി അധ്യക്ഷസ്ഥാനത്ത് നിന്നും കോൺഗ്രസ് നീക്കി. സച്ചിൻ അനുകൂലികളായ രണ്ട് മന്ത്രിമാരേയും പദവികളിൽ നിന്ന് ഒഴിവാക്കി. ബി.ജെ.പി ഗൂഢാലോചനയിൽ സച്ചിൻ പങ്കാളിയായെന്ന് കോൺഗ്രസ്‌ വ്യക്തമാക്കി. ഗോവിന്ദ് സിംഗ് ദൊദാസ്ത്രയെ പുതിയ രാജസ്ഥാൻ പി.സി.സി അധ്യക്ഷനായി നിയമിച്ചു.

രാജസ്ഥാനിൽ കോണ്‍ഗ്രസ് സർക്കാർ പ്രതിസന്ധി നേരിടുന്നില്ല എന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് സച്ചിൻ പൈലറ്റ്, ഒപ്പമുള്ള വിശ്വേന്ദ്രസിംഗ്, രമേഷ് മീണ എന്നിവരെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കി. ഉപമുഖ്യമന്ത്രി, പ്രദേശ് കമ്മിറ്റി അധ്യക്ഷൻ എന്നി പദവികളിൽ നിന്നാണ് സച്ചിൻ പൈലറ്റിനെ നീക്കിയത്. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഈ ഗൂഢാലോചനയിൽ സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ള വിമതർ പങ്കാളികളായി എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

പ്രതിസന്ധി പരിഹരിക്കാൻ കോണ്‍ഗ്രസ് നേതൃത്വം പല തവണ സച്ചിൻ ഉൾപ്പെടെയുള്ളവരായി ചർച്ചകൾ നടത്തി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉൾപ്പെടെ ചർച്ചകൾക്ക് നേതൃത്വം നൽകി. പാർട്ടിക്ക് ഒപ്പം നിൽക്കാൻ രണ്ട് തവണ സച്ചിന് അവസരം നൽകി. എന്നാൽ സച്ചിനും സംഘവും ഇന്നത്തെ നിയമസഭാകക്ഷി യോഗം ബഹിഷ്കരിച്ചതിന് പിന്നാലെയാണ് ഇവരെ സുപ്രധാന പദവികളിൽ നിന്ന് നീക്കിയത്.

കുറഞ്ഞ കാലയളവിൽ പാർട്ടി നൽകാവുന്ന ഉയർന്ന പദവികൾ എല്ലാം സച്ചിൻ പൈലറ്റിന് നൽകി. എന്നിട്ടും സച്ചിന് നീതി പുലർത്താൻ കഴിഞ്ഞില്ല എന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.