ഉപരോധം നീക്കാതെ പിന്നോട്ടില്ല; അമേരിക്കക്കെതിരെ നിലപാട് കടുപ്പിച്ച് ഇറാന്‍; ഹോര്‍മൂസ് അടച്ചു

Jaihind News Bureau
Saturday, April 18, 2026

ന്യൂഡല്‍ഹി: അമേരിക്കന്‍ നാവിക ഉപരോധം തുടര്‍ന്നാല്‍ ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുമെന്ന് ആവര്‍ത്തിച്ച് ഇറാന്‍. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ അവകാശവാദങ്ങള്‍ തള്ളിയ ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍, നിലപാടുകള്‍ കടുപ്പിച്ചു. ബുധനാഴ്ചയ്ക്കകം ധാരണയിലെത്തിയില്ലെങ്കില്‍ ബോംബിങ് തുടരുമെന്ന ട്രംപിന്റെ മുന്നറിയിപ്പോടെ പശ്ചിമേഷ്യയില്‍ യുദ്ധഭീതി വര്‍ധിക്കുകയാണ്.

യുറേനിയം ശേഖരം കൈമാറുമെന്നും ആണവ പദ്ധതി ഉപേക്ഷിക്കുമെന്നുമുള്ള ട്രംപിന്റെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഇറാന്‍ മിലിട്ടറി കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്ക കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതായും ഇറാന്‍ കുറ്റപ്പെടുത്തി. ഉപരോധം നീക്കാതെ ഹോര്‍മൂസ് കടലിടുക്ക് തുറക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാന്റെ ചര്‍ച്ചാ സംഘത്തെ നയിക്കുന്ന പാര്‍ലമെന്റ് സ്പീക്കര്‍.

വിഷയത്തില്‍ ഇറാന്‍ നേതൃത്വത്തിനുള്ളിലെ അഭിപ്രായ ഭിന്നതകളും കഴിഞ്ഞ ദിവസം പുറത്തുവന്നു. ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നതായി വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചി എക്‌സ് (X) പ്ലാറ്റ്ഫോമില്‍ നടത്തിയ പ്രഖ്യാപനം ഇറാനില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചു. ഏകോപനമില്ലാത്ത പ്രഖ്യാപനമെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ ഇതിനെ വിമര്‍ശിച്ചു. വിദേശകാര്യമന്ത്രിയും സ്പീക്കറും തമ്മിലുള്ള ഈ ആശയക്കുഴപ്പം ഭരണതലപ്പത്തെ ഭിന്നതയായാണ് വിലയിരുത്തപ്പെടുന്നത്.

യുറേനിയം ശേഖരത്തിന് പകരമായി ഉപരോധങ്ങള്‍ നീക്കുകയോ അമേരിക്ക പണം നല്‍കുകയോ ചെയ്യുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരം ഒത്തുതീര്‍പ്പുകള്‍ക്ക് ഇറാന്‍ വഴങ്ങുന്നില്ലെന്നാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.