“മോദി സർക്കാരിന്‍റെ രാഷ്ട്രീയ നാടകം പൊളിഞ്ഞു; വനിതാ സംവരണം ബിജെപി അട്ടിമറിച്ചു”:- കെ.സി. വേണുഗോപാൽ

Jaihind News Bureau
Saturday, April 18, 2026

വനിതാ സംവരണ ബിൽ പരാജയപ്പെട്ടത് ബിജെപിയുടെ രാഷ്ട്രീയ നാടകങ്ങൾക്കുള്ള തിരിച്ചടിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ. 543 അംഗങ്ങളുള്ള ലോക്‌സഭയിൽ കൃത്യമായി മൂന്നിലൊന്ന് സംവരണം ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണം. വെറുമൊരു ബിൽ കൊണ്ടുവന്ന് സ്ത്രീകളുടെ വോട്ട് തട്ടാമെന്ന ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്നും, ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് വോട്ടെടുപ്പിലൂടെ പൊളിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഈ സംവരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം നടക്കേണ്ടതെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ്.

ബിൽ പരാജയപ്പെട്ടതിലുള്ള ബിജെപിയുടെ നിരാശ അവരുടെ ജനാധിപത്യ വിരുദ്ധ സമീപനത്തിന്റെ തെളിവാണ്. കേവലം പ്രസംഗങ്ങളിലല്ലാതെ, വനിതാ സംവരണം പ്രായോഗികമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രാജ്യവ്യാപകമായി ശക്തമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ ബിജെപി നടത്തുന്ന കാപട്യം ജനമധ്യത്തിൽ തുറന്നുകാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭയിലെ വോട്ടെടുപ്പിൽ പ്രതിപക്ഷം ഒരേ മനസ്സോടെ ബില്ലിനെതിരെ വോട്ട് ചെയ്തത് വരാനിരിക്കുന്ന വലിയ രാഷ്ട്രീയ മാറ്റങ്ങളുടെ സൂചനയാണ്. കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയമായ നീക്കങ്ങളെ പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. എൻഡിഎ സഖ്യത്തിന് പുറത്തുള്ള പാർട്ടികളിൽ വൈഎസ്ആർ കോൺഗ്രസ് മാത്രമാണ് ബില്ലിനെ അനുകൂലിച്ചത് എന്നത് കേന്ദ്രത്തിന്റെ ഒറ്റപ്പെടൽ വ്യക്തമാക്കുന്നുവെന്നും കോൺഗ്രസ് നേതൃത്വം കൂട്ടിച്ചേർത്തു.