ക്രിക്കറ്റ് ലോകം ഞെട്ടി; 19 വർഷത്തിന് ശേഷം മധുരപ്രതികാരം; കങ്കാരുപ്പടയെ വീഴ്ത്തി സിംബാബ്‌വെ

ടി20 ലോകകപ്പിൽ മുൻ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ 23 റൺസിന് പരാജയപ്പെടുത്തി സിംബാബ്‌വെ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു. കൊളംബോയിൽ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ സിംബാബ്‌വെ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ 19.3 ഓവറിൽ 146 റൺസിന് പുറത്തായി. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അട്ടിമറി വിജയത്തിന്റെ വക്കിൽ അഫ്ഗാനിസ്ഥാൻ കാലിടറി വീണെങ്കിൽ, സിംബാബ്‌വെ അത്തരം പിഴവുകളില്ലാതെ ആധികാരികമായി വിജയം പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച സിംബാബ്‌വെ നാല് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ 20 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 169 റൺസെന്ന മികച്ച സ്‌കോർ പടുത്തുയർത്തി. 56 പന്തിൽ നിന്ന് 64 റൺസെടുത്ത ഓപ്പണർ ബ്രിയാൻ ബെന്നറ്റാണ് സിംബാബ്‌വെയുടെ കരുത്തായത്. കൂട്ടിന് ടി. മറുമാനിയും (35) റയാൻ ബേളും (35) മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ ക്യാപ്റ്റൻ സിക്കന്ദർ റാസ (25*) പുറത്താകാതെ നിന്ന് സ്കോർ ഉയർത്തിയതും ടീമിന് കരുത്തായി. ബെന്നറ്റ് മറുമാനിക്കൊപ്പവും ബേളിനൊപ്പവും പടുത്തുയർത്തിയ അർദ്ധ സെഞ്ചുറി കൂട്ടുകെട്ടുകളാണ് ചരിത്ര വിജയത്തിന് അടിത്തറയിട്ടത്.
മറുപടി ബാറ്റിംഗിൽ ഓസ്‌ട്രേലിയൻ മുൻനിരയെ ബ്ലെസ്സിങ് മുസറബാനിയും ബ്രാഡ് ഇവാൻസും ചേർന്ന് അക്ഷരാർത്ഥത്തിൽ എറിഞ്ഞൊതുക്കി. വെറും 29 റൺസിനിടെ ജോഷ് ഇംഗ്ലിസ്, കാമറൂൺ ഗ്രീൻ, ടിം ഡേവിഡ്, ക്യാപ്റ്റൻ ട്രാവിസ് ഹെഡ് എന്നിവരെ പുറത്താക്കി സിംബാബ്‌വെ കളി തിരിച്ചുപിടിച്ചു. മുസറബാനി നാല് വിക്കറ്റും ബ്രാഡ് ഇവാൻസ് മൂന്ന് വിക്കറ്റും വീഴ്ത്തി ആധിപത്യം ഉറപ്പിച്ചു. എന്നാൽ അഞ്ചാം വിക്കറ്റിൽ മാറ്റ് റെൻഷോയും ഗ്ലെൻ മാക്‌സ്‌വെല്ലും ഒന്നിച്ചതോടെ ഓസീസ് തിരിച്ചുവരവിൻ്റെ സൂചനകൾ നൽകിയിരുന്നു.
നിർണ്ണായകമായ 77 റൺസിന്റെ ഈ കൂട്ടുകെട്ട് റയാൻ ബേളാണ് തകർത്തത്. 31 റൺസെടുത്ത മാക്‌സ്‌വെൽ പുറത്തായതോടെ ഓസീസ് വീണ്ടും സമ്മർദ്ദത്തിലായി. പരിക്കേറ്റിട്ടും ക്രീസിലെത്തിയ മാർക്കസ് സ്റ്റോയ്‌നിസിനും കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ല. ഒറ്റയാൾ പോരാട്ടം നടത്തിയ മാറ്റ് റെൻഷോ (65) 19-ാം ഓവറിൽ മുസറബാനിയുടെ പന്തിൽ പുറത്തായതോടെ ഓസ്‌ട്രേലിയയുടെ പ്രതീക്ഷകൾ അവസാനിച്ചു. അവസാന ഓവറിലെ റണ്ണൗട്ടുകൂടി പൂർത്തിയായതോടെ സിംബാബ്‌വെ വിജയമുറപ്പിച്ചു. ജനുവരി 20-ന് ശ്രീലങ്കയ്‌ക്കെതിരായ മത്സരം ഓസ്‌ട്രേലിയക്ക് ഇനി ഏറെ നിർണ്ണായകമാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.