Logo
CHANGE MODE
Fri, Jun 05, 2026 • 02:43 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

കിഫ്ബിയെയും കിയാലിനെയും അഴിമതിയുടെ ഉപാധികളാക്കി മാറ്റുമ്പോള്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 24, 2019
1 min read Updated: June 04, 2026
Share:

കിഫ്ബിയെയും കിയാലിനെയും അഴിമതിയുടെ ഉപാധികളാക്കി മാറ്റുമ്പോള്‍
കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്‍കുതിച്ചു ചാട്ടത്തിനായി കൊണ്ടു വന്ന കിഫ്ബിയെ അഴിമതി നടത്താനുള്ള ഒന്നാന്തരം ഉപാധിയായി മാറ്റിയിരിക്കുകയാണ് സി.പി.എമ്മും ഇടതു സര്‍ക്കാരും. മലബാറിന്‍റെ ജനജീവിതത്തിലും വികസനത്തിലും വന്‍കുതിപ്പുണ്ടാക്കുന്നതിന് ലക്ഷ്യം വയ്ക്കുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ട് അതോറിറ്റി എന്ന കിയാലിനെയും അഴിമതിയുടെ തൊഴുത്തായി മാറ്റിയിരിക്കുന്നു. കോടികളുടെ പൊതുപണത്തിന്‍റെ ഇടപാട് നടക്കുന്ന രണ്ടു സ്ഥാപനങ്ങളിലും ഭരണഘടനാ സ്ഥാപനമായ സി.ആന്‍റ് എജിയുടെ പരിശോധന വേണ്ടെന്ന അമ്പരപ്പിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അധികാരത്തിന് പുറത്തു നില്‍ക്കുമ്പോള്‍ ഭരണം സുതാര്യമാകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് വല്ലാതെ വായിട്ടടിക്കുന്നവരാണ് ഈ രണ്ടു സ്ഥാപനങ്ങളിലും സി.എ.ജി കാല്‍കുത്തരുതെന്ന് പറയുന്നത്. ജനാധിപത്യ സംവിധാനത്തില്‍ നിയമസഭ വോട്ട് ചെയ്തു പാസ്സാക്കുന്ന ഓരോ പൈസയുമാണ് ഗവണ്‍മെന്‍റ് ചെലവഴിക്കുന്നത്. എന്നാല്‍ നിയമസഭയ്ക്കും ഭരണത്തിനും നമ്മുടെ ധനകാര്യ വ്യവസ്ഥിതിക്കും പുറത്ത് ഒരു ധനസമാഹാരണവും ചിലവിടലുമാണ് കിഫ്ബിയില്‍ നടക്കുന്നത്. ഒരു സ്വതന്ത്ര സാമ്രാജ്യത്തെപ്പോലെയാണ് അത് പ്രവര്‍ത്തിക്കുന്നത്. അതിന്‍റെ പ്രവര്‍ത്തനത്തില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നത് നിഗൂഢതയാണ്. മസാലാ ബോണ്ടു പോലെ ഗൂഢമായ വഴികളിലൂടെ കൊള്ളപ്പലിശയ്ക്ക് ധനസമാഹരണം നടത്തുന്നു. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി പണം ചിലവിടുകയും ചെയ്യുന്നു. വൈദ്യുതി ബേര്‍ഡില്‍ ട്രാന്‍സ് ഗ്രിഡ് നിര്‍മ്മിക്കുന്നതില്‍ കരാര്‍ നല്‍കിയതിലേതു പോലെ വന്‍ ക്രമക്കേടുകള്‍. അന്തമില്ലാത്ത ധൂര്‍ത്ത്, അഴിമതി... കഥകള്‍ ഓരോന്നായി പുറത്തു വന്നു തുടങ്ങിയട്ടേ ഉള്ളൂ. യു.ഡി.എഫ് കാലത്തുണ്ടായിരുന്ന ഓഡിറ്റിംഗ് യു.ഡി.എഫ് ഭരണ കാലത്ത് 1999 ല്‍ കൊണ്ടുവന്ന കിഫ്ബി നിയമത്തില്‍ സി.എ.ജിക്ക് കിഫ്ബി ഫണ്ടുകള്‍ ഓഡിറ്റ് ചെയ്യാനുള്ള അധികാരം നല്‍കിയിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. കിഫ്ബി നിയമത്തില്‍ കിഫ്ബി ഫണ്ട് സ്‌കീമിനായി ഉണ്ടാക്കിയ ചട്ടം 16 (6) പ്രകാരമാണ് സി.എ.ജിക്ക് കിഫ്ബി ഫണ്ടുകള്‍ ഓഡിറ്റ് ചെയ്യാനുള്ള അധികാരം നല്‍കിയിരുന്നത്. എന്നാല്‍ 2010ലും, 2016 ലും എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതികളിലൂടെ സി.എ.ജിക്കു നല്‍കിയിരുന്ന ഓഡിറ്റ് അവകാശം എടുത്തു കളയുകയായിരുന്നു. 1971 ലെ സി.എ.ജി നിയമം വകുപ്പ് 20 (2) പ്രകാരം കിഫ്ബിയുടെ ഫണ്ട് വിനിയോഗം ഓഡിറ്റ് ചെയ്യുവാനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് 2018 മാര്‍ച്ച് 15 ന് സി.എ.ജി സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കുകയുണ്ടായി. സി.എ.ജി ആക്ടിലെ 14 (1) പ്രകാരം സി.എ.ജിക്ക് സര്‍ക്കാര്‍ ഗ്രാന്റുകളുടെ പരിശോധന സ്വയമേവ ഏറ്റെടുക്കാന്‍ അധികാരമുണ്ട്. കിഫ്ബിയില്‍ അത് വളരെ പരിമിതമാകും എന്നതാണ് കുഴപ്പം. കിഫ്ബിയുടെ 43,000 കോടി രൂപയുടെ പദ്ധതികളില്‍ സര്‍ക്കാര്‍ ഗ്രാന്റായ വെറും 10,000 കോടിയില്‍ മാത്രമാണ് സി.എ.ജിആക്ടിലെ 14 (1) പ്രകാരം ഓഡിറ്റ് ചെയ്യുവാന്‍ സാധിക്കുക. അതിനാലാണ് സി.എ.ജി ആക്ടിലെ 20 (2) പ്രകാരം കിഫ്ബി ഫണ്ട് സമ്പൂര്‍ണ്ണമായി ഓഡിറ്റ് ചെയ്യാനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് സി.എ.ജി കത്ത് നല്‍കിയത്. സര്‍ക്കാരിന്‍റെ വിചിത്ര മറുപടി പക്ഷേ അനുമതി നിഷേധിച്ചു കൊണ്ട് സര്‍ക്കാര്‍ സി.എ.ജിക്ക് നല്‍കിയ മറുപടി വിചിത്രമാണ്. നിലവിലെ കിഫ്ബി ആക്ട് പ്രകാരം സി.എ.ജിക്ക് ഓഡിറ്റ് അനുമതിയില്ലെന്നും അത് ചെയ്താല്‍ നിക്ഷേപകര്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നുമായിരുന്നു സര്‍ക്കാരിന്റെ മറുപടി. കൂടാതെ കിഫ്ബി ആക്ടിലെ സെക്ഷന്‍ 6-സി പ്രകാരം ഫണ്ട് വിനിയോഗം വിലയിരുത്താന്‍ ഫണ്ട് ട്രസ്റ്റി ആന്‍റ് അഡൈ്വസറി കമ്മീഷന്‍ രൂപീകരിച്ചുണ്ടെന്നും സര്‍ക്കാര്‍ മറുപടിയില്‍ വ്യക്തമാക്കി. ലോകത്തെവിടെയെങ്കിലും ഒരു സ്ഥാപനം സുതാര്യമാണെന്ന് അറിഞ്ഞാല്‍ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം കുറയും എന്ന് കേട്ടിട്ടുണ്ടോ? പക്ഷേ അങ്ങനെയാണ് കിഫ്ബി പറയുന്നത്. കള്ളപ്പണത്തിന്റെ ഖജനാവായ സ്വിസ് ബാങ്ക് മാത്രമേ സുതാര്യത പാടില്ലെന്ന് പറയുകയുള്ളൂ. ഓഡിറ്റിംഗിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ കത്തിന് 2/8/2018 ല്‍ സി.എ.ജി നല്‍കിയ മറുപടിയില്‍ സര്‍ക്കാരിന്റെ വാദങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്നു. ഫണ്ട് ട്രസ്റ്റി ആന്റ് അഡൈ്വസറി കമ്മീഷന്‍റെ അധികാരങ്ങള്‍ പരിമിതമാണെന്നും അവര്‍ക്ക് കിഫ്ബി ഫണ്ടുകളുടെ പൂര്‍ണ്ണമായ ഓഡിറ്റ് നടത്താനുള്ള അധികാരമില്ലെന്നുമാണ് സി.എ.ജി യുടെ മറുപടി. കൂടാതെ തങ്ങളുടെ ഓഡിറ്റ് നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുകയെന്നും സി.എ.ജി ചൂണ്ടിക്കാട്ടി. പാര്‍ട്ടി വളര്‍ത്താന്‍ കിയാല്‍ പണം കിയാലിന്‍റെ കഥയും വ്യത്യസ്ഥമല്ല. യു.ഡി.എഫ് ഭരിച്ചിരുന്ന 2015-16 സാമ്പത്തിക വര്‍ഷം വരെ കണ്ണൂര്‍ എയര്‍പോര്‍ട്ടിലെ അക്കൗണ്ടുകള്‍ സി.എ.ജി ഓഡിറ്റിന് വിധേയമാക്കിയിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 28 ജൂണ്‍ 2017 ലാണു കിയാല്‍ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യുവാന്‍ സി.എ.ജിക്കു അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ കിയാല്‍ എം.ഡി. സി.എ.ജിക്കു കത്ത് നല്‍കിയത്. ഈ കത്തില്‍ ഉയര്‍ത്തിയ വാദങ്ങള്‍ വിചിത്രവും വസ്തുതാവിരുദ്ധവുമായിരുന്നു. കിയാലില്‍ സര്‍ക്കാരിന് വെറും 35 ശതമാനം മാത്രമേ ഓഹരികള്‍ ഉള്ളു എന്നും അതിനാല്‍ അത് കമ്പനി ആക്ട് പ്രകാരം സര്‍ക്കാര്‍ കമ്പനിയല്ല എന്നുമാണ് കിയാല്‍ നല്‍കിയ കത്തില്‍ പറയുന്നത്. ഇതിനു സി.എ.ജി നല്‍കിയ മറുപടിയില്‍ കിയാലിന്റെ ഈ വാദങ്ങളെല്ലാം പൊള്ളയാണെന്ന് തെളിയിക്കുന്നു. കിയാലില്‍ സര്‍ക്കാരിനും, പൊതുമേഖല സ്ഥാപനങ്ങള്‍ക്കും കൂടി 65 ശതമാനത്തോളം ഓഹരികള്‍ ഉണ്ടെന്ന വസ്തുത സി.എ.ജി മറുപടിയില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ഇത് സര്‍ക്കാര്‍ കമ്പനിയാണെന്നും, കമ്പനി നിയമപ്രകാരം ഈ കമ്പനിയെ 'ഡീംഡ് കമ്പനിയായി' കണക്കാക്കി സി.എ.ജി ഓഡിറ്റിന് വിധേയമാക്കണമെന്ന് സി.എ.ജി പറഞ്ഞു. കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തില്‍ നിന്നും ഇത് സംബന്ധിച്ചു വ്യക്തത വരുത്തിയ ശേഷമാണ് സര്‍ക്കാരിന് മറുപടി നല്‍കിയത് എന്നും സി.എ.ജി കത്തില്‍ വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാരിന്റെ വാദം പൊള്ളയാണെന്ന് സി.എ.ജി തെളിയിച്ചിട്ടും, കിയാല്‍ അക്കൗണ്ടുകളില്‍ ഓഡിറ്റിന് അനുമതി നല്‍കാത്തത് ദുരൂഹമാണ്. ഇതിന്റെ കാരണങ്ങള്‍ അന്വേഷിച്ച് അധികം തിരയേണ്ട കാര്യമില്ല. 2015-16 വര്‍ഷത്തിലെ സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തന്നെ ഇതിനുള്ള മറുപടി ഉണ്ട്. 2016 മാര്‍ച്ചില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്ന ശേഷം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജന്റെ തിരഞ്ഞെടുപ്പു പരസ്യത്തിനായി സി.പി.എം മുഖപത്രത്തിന് 25,000 രൂപയും, പിണറായി വിജയന്‍ നടത്തിയ നവകേരള യാത്രയുടെ പരസ്യത്തിനായി 25,000 രൂപയും കിയാല്‍ എം.ഡി അനുവദിച്ചതായി സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്. ഈ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പരസ്യത്തിനായി 50,000 രൂപയും സി.പി.എം മുഖപത്രത്തിന് നല്‍കിയിട്ടുണ്ട്. ഇവയെല്ലാം നിയമവിരുദ്ധമാണെന്നും നടപടി സ്വീകരിക്കണമെന്നും സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതോടെയാണ് സി.എ.ജിയുടെ ഓഡിറ്റിംഗിന് പൂട്ടു വീണത്. തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടാന്‍ മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും ശ്രമം കിഫ്ബിയിലും കിയാലിലും എന്തു കൊണ്ട് സി.എ.ജി ഓഡിറ്റിംഗ് അനുവദിക്കുന്നില്ല എന്ന കാര്യത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചും പുകമറ പരത്തിയും രക്ഷപ്പെടാനാണ് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ശ്രമിക്കുന്നത്. കിഫ്ബിയെ തകര്‍ക്കാനും വികസനം തടയാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഓഡിറ്റിംഗ് നടത്തണമെന്ന് പറയുന്നത് കിഫ്ബിയെ തകര്‍ക്കലും വികസനം തടയലുമാണോ? അത് കിഫ്ബിയെ സുതാര്യമാക്കുകയും ശക്തിപ്പെടുത്തുകയുമല്ലേ ഉള്ളൂ. കൊച്ചി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കമ്പനി എന്ന സിയാലില്‍ സി.എ.ജി ഓഡിറ്റിംഗ് നടക്കുന്നുണ്ടോ എന്നാണ് കിയാലില്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുടെ മറുചോദ്യം. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ മിനിസ്ട്ര്ി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്‌സിന്‍റെ രേഖകള്‍ പ്രകാരം കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കിയാല്‍ സംസ്ഥാന ഗവണ്‍മെന്‍റ് കമ്പനിയാണ്. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന സിയാല്‍ ഗവണ്‍മെന്‍റ് ഇതര കമ്പനിയുമാണ്. (Non-govt company). ഈ വസ്തുത മറച്ചു വച്ച് മനപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുകയാണ് അദ്ദേഹം. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ സര്‍ക്കാരിനും സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും കൂടി 64%ത്തോളം ഓഹരികളുണ്ട്. എന്നാല്‍ സിയാലില്‍ 32.41% ഓഹരികള്‍ മാത്രമേ ഉള്ളൂ. 51% ഓഹരികള്‍ ഉണ്ടെങ്കിലേ സര്‍ക്കാര്‍ കമ്പനിയാകൂ. ധനമന്ത്രി തോമസ് ഐസക്ക് ആകട്ടെ ജനങ്ങളെ മുഴുന്‍ വിഡ്ഢികളാക്കാനാണ് ശ്രമിക്കുന്നത്. കിഫ്ബിയില്‍ ഓഡിറ്റിംഗ് നടത്താന്‍ സി.എ.ജിക്ക് ഒരു തടസ്സവുമില്ലെന്ന് അദ്ദേഹം ഉരുവിട്ടു കൊണ്ടിരിക്കുന്നു. ഇവിടെയാണ് കള്ളത്തരം. കിഫ്ബിയിലെ സര്‍ക്കാര്‍ ഗ്രാന്‍റിന്മേല്‍ ഓഡറ്റിംഗ് നടത്തുന്ന കാര്യമാണ് അദ്ദേഹം പറയുന്നത്. കിഫ്ബി യുടെ 43000 കോടി രൂപയുടെ പദ്ധതികളില്‍ വെറും 10,000 കോടിയുടെ സര്‍ക്കാര്‍ ഗ്രാന്റിന്മേല്‍ ഓഡിറ്റിംഗ് നടത്താനാണ് സി.എ.ജിക്ക് കഴിയുക. 33,000 കോടി രൂപയുടെ വിനിയോഗത്തിലും ഓഡിറ്റിംഗ് ഇല്ല. ഇക്കാര്യം മറച്ചു വച്ചാണ് സി.എ.ജിക്ക് കിഫ്ബിയില്‍ ഓഡിറ്റിംഗ് നടത്താന്‍ തടസ്സമില്ലെന്ന് തോമസ് ഐസക്ക് പറയുന്നത്. പ്രതിപക്ഷം അന്നേ ചൂണ്ടിക്കാട്ടി കിഫ്ബി നിയമ ഭേദഗതി നിയമസഭയില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ തന്നെ കിഫ്ബി കണക്കുകള്‍ നിയമസഭയില്‍ വയ്ക്കാതിരിക്കുന്നതിന്റെയും ഓഡിറ്റിംഗ് നടക്കാതെ പോകുന്നതിന്റെയും അപകടം പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2-11-2016 ലാണ് കിഫ്ബി ഭേദഗതി ബില്‍ നിയസഭ പാസ്സാക്കിയത്. അതിന്റെ മൂന്നാം വായന വേളയില്‍ കൃത്യമായി ഇക്കാര്യം ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിയമസഭയ്ക്കും സര്‍ക്കാരിനും പുറത്ത് കിഫ്ബി വന്‍ധനസമാഹരണം നടത്തുകയും ട്രഷറിക്ക് പുറത്ത് കൂടെ അത് സമ്പദ്ഘടനയിലെത്തുകയും ചെയ്യുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധിയും ചൂണ്ടിക്കാട്ടിയിരുന്നു. അപാകതകള്‍ ഉണ്ടെങ്കില്‍ എല്ലാം പരിഹരിക്കുമെന്നും ആശങ്കകളൊന്നും വേണ്ടെന്നുമാണ് അന്ന് ധനമന്ത്രി ഉറപ്പ് നല്‍കിയത്. പക്ഷേ ഉറപ്പുകളൊന്നും പാലിക്കാതെ ധനമന്ത്രി സഭയെ കബളിപ്പിക്കുകയായിരുന്നു. പിറ്റേ വര്‍ഷം 6-03-2017 ല്‍ ലീഗ് അംഗം എം.ഉമ്മര്‍ ഇതേ വിഷയം ഒരു ക്രമപ്രശ്‌നമായി സഭയില്‍ ഉന്നയിച്ചു. കിഫ്ബി ആക്ടില്‍ പറയുന്ന ഫണ്ട് ട്രസ്റ്റ് അഡൈ്വസറി കമ്മീഷന്റെ സ്റ്റേറ്റ്‌മെന്റ് പോലും ധനമന്ത്രി സഭയില്‍ വച്ചിട്ടില്ലെന്ന് ഞാനും ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ എം.ഉമ്മര്‍ വീണ്ടും ക്രമപ്രശ്‌നമായി ഇത് സഭയില്‍ ഉന്നയിച്ചു. ഇതിന്മേല്‍ 4-07-19 ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കിഫ്ബിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് നിയമസഭയുടെയോ, സഭാ സമിതികളുടെയോ സ്‌കൂട്ടണിക്ക് വിധേയമാകാത്തത് വലിയ ഒരു പോരായ്മയാണെന്ന് റൂളിംഗ് നല്‍കുകയും ചെയ്തു. 'ഏതൊരു സ്ഥാപനത്തിന്റെയും വിശ്വാസ്യത ധനസംബന്ധമായ കാര്യങ്ങളില്‍ പുലര്‍ത്തുന്ന നിതാന്ത ജാഗ്രതയും സൂക്ഷമതയും സുതാര്യതയും തന്നെയാണ്'- സ്പീക്കര്‍ റൂളിംഗില്‍ പറഞ്ഞു. സ്പീക്കര്‍ പറഞ്ഞ സുതാര്യതയും ജാഗ്രതയും അഴിമതിക്കായി സര്‍ക്കാര്‍ കാറ്റില്‍ പറത്തുകയാണ് ചെയ്തിരിക്കുന്നത്. ധൂര്‍ത്തിന്‍റെ പര്യായം വളരെ ദുരൂഹമായ കാര്യങ്ങളാണ് കിഫ്ബിയില്‍ നടക്കുന്നത്. കിഫ്ബിലെ പ്രോജക്ടുകള്‍ പരിശോധിക്കാനായി ഒരു അപ്രൈസല്‍ ഡിവിഷനുണ്ട്. ചീഫ് പ്രോജക്ട് എക്‌സാമിനര്‍ ആണ് തലവന്‍. മാസശമ്പളം 2.5 ലക്ഷം രൂപ. അദ്ദേഹത്തിന്റെ കീഴില്‍ വിദഗ്ധ സമിതിയുമുണ്ട്. ഈ സംവിധാനമുള്ളപ്പോള്‍ തന്നെ കിഫ്ബി പ്രോജക്ടുകള്‍ പരിശോധനക്കായി ടെറാനസ് എന്ന കമ്പനിയെയും ചുമതലപ്പെടുത്തി. ദുരൂഹത ചൂഴ്ന്നു നില്‍ക്കുന്നതാണ് ഈ കമ്പനി. കോടികളുടെ വമ്പന്‍ പദ്ധതികള്‍ പരിശോധിക്കാന്‍ ഇവര്‍ക്ക് എന്തു വൈദഗ്ധ്യമാണുള്ളതെന്ന് വ്യക്തമല്ല. 8 കോടി രൂപയോളം ഇതിനകം അവര്‍ക്ക് നല്‍കിയിട്ടുള്ളത്. 2 കോടി കൂടി ഉടനെ കൊടുക്കും. കിഫ്ബി മീഡിയാ മാനേജ് ഗ്രൂപ്പ് എന്നൊരു സാധനം ഉണ്ടാക്കിയിട്ടുണ്ട്. അതിന്‍റെ കോര്‍ഡിനേറ്റര്‍ക്ക് ശമ്പളം മാസം 80,000 രൂപ. വേറെ രണ്ടു പേര്‍ കൂടി ഉണ്ട്. എന്താണ് ഇവരുടെ ജോലി? കിഫ്ബിയില്‍ നടക്കുന്ന ധൂര്‍ത്തിന്‍റെ ചെറിയ ഉദാഹരണങ്ങള്‍ മാത്രമാണിവ. ഇതെല്ലാം മൂടിവയ്ക്കാനാണ് സി.എ.ജി ഓഡിറ്റിംഗ് വേണ്ടെന്ന് പറയുന്നത്. കിഫ്ബിയിലെ അഴിമതി മൂടിവയ്ക്കാനാണ് സി.എ.ജി ഓഡിറ്റിംഗ് വേണ്ടെന്ന് പറയുന്നതെന്ന പ്രതിപക്ഷ വാദം ബലപ്പെടുത്തുന്നതാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന് കെ.എസ്.ഇ.ബി ട്രാന്‍സ് ഗ്രിഡ് അഴിമതി. കിഫ്ബി വഴി നടപ്പാക്കുന്നതാണിതും. അഴിമതി നടത്താനുള്ള എല്ലാ സൗകര്യങ്ങളും കൗശലപൂര്‍വ്വം ഒരുക്കി നടപ്പാക്കുന്ന 600 കോടിയുടെ ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നതേയുള്ളൂ. തുടങ്ങിയിടത്ത് നില്‍ക്കുന്ന കിഫ്ബി അഞ്ച് വര്‍ഷം കൊണ്ട് 50000 കോടി രൂപയുടെ വികസന പ്രവര്‍ത്തനം നടത്തും എന്ന് അവകാശപ്പെട്ട് രൂപീകരിച്ച കിഫ്ബി ഒച്ചിഴയുന്ന വേഗത്തിലാണ് നീങ്ങുന്നത്.അടിസ്ഥാനസൗകര്യ വികസന നിധി 45,380.37 കോടി രൂപയുടെ പദ്ധതികള്‍ അനുവദിച്ചെങ്കിലും നിര്‍മാണം തുടങ്ങിയത് വെറും 7031 കോടിയുടെ പദ്ധതികള്‍മാത്രം. 558 ഓളം പദ്ധതികളില്‍ തുടങ്ങിയത് 228 എണ്ണം മാത്രം. കരാറുകാര്‍ക്ക് ഇതുവരെ നല്കിയത് വെറും 2300 കോടിരൂപ മാത്രവും. സംസ്ഥാനത്തെ ജനങളുടെ കണ്ണില്‍ പൊടിയിടാന്‍ നിരവധി പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതല്ലാതെ കിഫ്ബിയില്‍ മറ്റൊന്നും നടക്കുന്നില്ല. നൂതനമായ മാര്‍ഗ്ഗങ്ങളിലൂടെ സംസ്ഥാനത്തിന്റെ വികസനത്തിനായി വിവിധതരം ഫണ്ടും വായ്പകളുമായി 50,000 കോടി സമാഹരിക്കാന്‍ സാധിക്കും എന്ന സര്‍ക്കാരിന്റെ വീമ്പു പറച്ചിലും വെള്ളത്തിലായിരിക്കുന്നു. സര്‍ക്കാര്‍ നല്‍കിയതും വായ്പകളും ഉള്‍പ്പെടെ 11,000 കോടി രൂപ മാത്രമാണ് കിഫ്ബിയുടെ പക്കല്‍ ആകെയുള്ളത്. ഇതില്‍ 6830 കോടി രൂപയാവട്ടെ മോട്ടോര്‍വാഹന നികുതിയില്‍ നിന്നും പെട്രോള്‍ സെസില്‍നിന്നും സര്‍ക്കാര്‍ നല്‍കിയതാണ്. അതായത് കിഫ്ബിയിലെ 60 ശതമാനത്തിലേറെ പണവും എത്തിയത് സര്‍ക്കാരില്‍ നിന്നും. വരാനിരിക്കുന്നത് ഭീമമായ കടബാധ്യത സംസ്ഥാന ബജറ്റിന് പുറത്ത് അന്‍പതിനായിരം കോടിയുടെ പദ്ധതികള്‍ കിഫ്ബിയിലൂടെ നടപ്പിലാക്കും എന്നായിരുന്നു എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ അവകാശ വാദം. പ്രവാസി ചിട്ടി, ഫ്രീ ഫ്‌ളോട്ടിങ് ബോണ്ടുകള്‍, നബാര്‍ഡിന്‍റെ വാണിജ്യബാങ്കുകളും നിന്നും വായ്പ എന്നിവയിലൂടെ ഫണ്ട് സമാഹരിക്കാനായിരുന്നു കിഫ്ബി തീരുമാനിച്ചിരുന്നത്. 2017 ല്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞത് വിദേശപണ കമ്പോളത്തില്‍നിന്നും 1.5-3 ശതമാനം പലിശയ്ക്ക് വായ്പനല്‍കാന്‍ പലരും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും, 7-10 വര്‍ഷത്തെ മൊറട്ടോറിയവും 30 വര്‍ഷത്തെ തിരിച്ചടവ് കാലാവധി ലഭിക്കുകയും ചെയ്യുമെന്നുമാണ്. എന്നാല്‍ ധനമന്ത്രി പറഞ്ഞിരുന്നതില്‍ നിന്നും വിപരീതമായി ആറുമാസത്തിനു തിരിച്ചടവ് കാലാവധിയാരംഭിക്കുന്ന, 9 ശതമാനത്തിനടക്കം പലിശയുള്ള വായ്പകളാണ് കിഫ്ബി എടുത്തുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്‍റെ സഞ്ചിത നികുതി ഗ്യാരണ്ടിയായി നല്‍കി ലഭ്യമാക്കുന്ന വായ്പകളാണ് ഇവയെല്ലാം. ഇതിന്‍റെ തിരിച്ചടവ് ബാധ്യത മുഴുവന്‍ സംസ്ഥാന സര്‍ക്കാരിനും അതുവഴി പൊതുജങ്ങള്‍ക്കുമാണ്. മസാല ബോണ്ട്: കൊള്ളപലിശയും, അഴിമതിയും കിഫ്ബി പുറത്തിറക്കിയ 2150 കോടിയുടെ മസാല ബോണ്ടുകള്‍ വാങ്ങിയത് കേരളത്തില്‍ ഇന്നും കത്തി നില്‍ക്കുന്ന വലിയ അഴിമതിക്കഥയുടെ നായകരായ എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയെ നയിക്കുന്ന കനേഡിയന്‍ ഫണ്ടിംഗ് ഏജന്‍സിയായ സി ഡി പി ക്യുവാണെന്നത് ഞെട്ടലോടെയാണ് കേരളം തിരിച്ചറിഞ്ഞത്. വളരെ ആസൂത്രിതമായും ഗൂഢമായും നടത്തിയ രഹസ്യ നീക്കങ്ങളിലൂടെയാണ് ഇത് നടത്തിയെടുത്തത്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ പബ്ലിക് ഇഷ്യൂ ആയാണ് മസാലാ ബോണ്ടുകള്‍ ലിസ്റ്റ് ചെയ്തതെന്നും ലോകത്താര്‍ക്കും അത് വാങ്ങാമെന്നും സി.ഡി.പി.ക്യൂ വന്ന് വാങ്ങിയതില്‍ ഞങ്ങളെന്തു ചെയ്യാനെന്നുമായിരുന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞിരുന്നത്. മസാലാ ബോണ്ട് പബ്ളിക് ഇഷ്യൂ വഴിയാണ് സി.ഡി.പി.ക്യൂവിന് കൊടുത്തതെന്നും അതിനാല്‍ അതില്‍ കമ്മീഷനോ, അഴിമതിയോ ഒന്നും ഇല്ലെന്നുമാണ് ധനമന്ത്രിയും കിഫ്ബിയും സംസ്ഥാന സര്‍ക്കാരും ആവര്‍ത്തിച്ചു പറഞ്ഞു. പക്ഷേ എല്ലാം പെരും കള്ളങ്ങളായിരുന്നു. പബ്ളിക് ഇഷ്യൂ ആയിട്ടല്ല, പ്രൈവറ്റ് ഇഷ്യൂ ആയിട്ടാണ് മസാലാ ബോണ്ട് ആദ്യം പ്ളേസ്ചെയ്തതെന്നതിന്റെ തെളിവ് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ രേഖകള്‍ തന്നെയായിരുന്നു. സി.ഡി.പി.ക്യൂവിന്റെ ആസ്ഥാനമായ കാനഡയിലെ ക്യൂബക് പ്രവിശ്യയിലാണ് മസാലാ ബോണ്ട് പ്രൈവറ്റ് പ്ളേസ്മെന്റ് നടത്തിയത്. സി.ഡി.പി.ക്യൂ വാങ്ങിയത് ഇവിടെ നിന്നാണ്. മസാലാ ബോണ്ട് വില്പന നടത്താന്‍ എന്തിന് കാനഡ തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് ഉത്തരം നമ്മെ മറ്റു പലതിലും എത്തിക്കുന്നു. മസാലാ ബോണ്ട് വന്‍ നഷ്ടമാണ് ഉണ്ടാക്കിയത്. 2150 കോടിയുടെ മസാല ബോണ്ട് സി.ഡി.പി.ക്യു വാങ്ങിയിരിക്കുന്നത് അഞ്ച് വര്‍ഷത്തേക്കാണ്. 9.72 ശതമാനം പലിശ. അതായത് അഞ്ച് വര്‍ഷം കൊണ്ട് 1045 കോടി രൂപ പലിശയായി നല്‍കണം. എടുത്ത കടത്തിന്റെ ഏതാണ്ട് പകുതിയോളം പലിശ നല്‍കണം. 2150 കോടി രൂപക്ക് 5 വര്‍ഷം കൊണ്ട് 3195 കോടി രൂപ പലിശയടക്കം നല്‍കേണ്ടി വരും. ഇതിനകം നഷ്ടം പത്ത് കോടി 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇതിനകം തന്നെ പലിശ ഇനത്തില്‍ മാത്രം മസാല ബോണ്ടുകളില്‍ 10 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് പുറത്തു വന്നിട്ടുള്ള വിവരം. മസാലാ ബോണ്ടു വഴിയും നബാര്‍ഡില്‍ നിന്നും മറ്റും എടുത്ത വായ്പ വഴിയും ലഭിച്ച പണം ചിലവഴിക്കാതെ കുറഞ്ഞ പലിശയ്ക്ക് ബാങ്കുകളില്‍ ഇട്ടിരിക്കുന്നത് വഴിയാണ് വലിയ നഷ്ടമുണ്ടായത്. കിഫ്ബ്ക്ക് 2019-20 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ടു ക്വാട്ടറില്‍ മാത്രം 180 കോടി രൂപ പലിശയിനത്തില്‍ അങ്ങോട്ട് നല്‍കേണ്ടി വരുന്നുണ്ട്. എന്നാല്‍ ബാങ്ക് പലിശ 7 ശതമാനം മാത്രമായതിനാല്‍ ഇങ്ങോട്ട് കിട്ടുന്നത് 170 കോടി മാത്രമാണ്. അതായത് 9.7%ത്തിന് കടം വാങ്ങി 7% ത്തിന് ഇട്ടിരിക്കുന്ന മിടുക്കാണ് ഇവിടെ കാണുന്നത്. സംസ്ഥാനത്തിന് ചുരുങ്ങിയത് 10 കോടി രൂപയുടെ നഷ്ടവും ഇതിനകം തന്നെ സംഭവിച്ചിരിക്കുന്നു. സി.എ.ജി ഓഡിറ്റിംഗ് എന്ന വലിയ കടമ്പ ഇല്ലാതെ അഴിമതി നടത്താനുള്ള സംവിധാനമാക്കി കിഫ്ബിയെയും കിയാലിനെയും മാറ്റിയിരിക്കുന്നു. പൊതുപണം അങ്ങനെ തട്ടിയെടുക്കുന്നത് അനുവദിക്കാന്‍ കഴിയില്ല.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10