തമിഴ് രാഷ്ട്രീയത്തില്‍ പുതിയ ചരിത്രമെഴുതി സൂപ്പര്‍ താരം വിജയ് ഇനി തമിഴ്നാട് മുഖ്യമന്ത്രി. രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ രാവിലെ നടന്ന വിപുലമായ ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രമുഖ ദേശീയ നേതാക്കള്‍ ചടങ്ങില്‍ സാക്ഷ്യം വഹിച്ചു.
120 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ടിവികെ സര്‍ക്കാര്‍ രൂപീകരിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷം തമിഴ്നാട് ഭരണത്തില്‍ പങ്കാളികളാകുന്നു എന്ന പ്രത്യേകതയും ഇത്തവണ കോണ്‍ഗ്രസിനുണ്ട്. കോണ്‍ഗ്രസ് പ്രതിനിധികളായി മേലൂര്‍ എംഎല്‍എ പി. വിശ്വനാഥന്‍, രാജേഷ് കുമാര്‍ എന്നിവര്‍ പുതിയ മന്ത്രിസഭയില്‍ അംഗങ്ങളാകും. അഞ്ച് ദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ രൂപീകരണം യാഥാര്‍ത്ഥ്യമാകുന്നത്.
108 സീറ്റുകളില്‍ വിജയിച്ച ടിവികെ, സ്വതന്ത്രരടക്കം 120 പേരുടെ പിന്തുണ കത്ത് ഹാജരാക്കിയതോടെയാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. തുടക്കത്തില്‍ എംഎല്‍എമാരുടെ എണ്ണത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ ഗവര്‍ണര്‍ കൂടിക്കാഴ്ചയ്ക്ക് വിമുഖത കാട്ടിയിരുന്നു. ലോക്ഭവനിലേക്കുള്ള യാത്രയ്ക്കിടെ വിജയ് പാതിവഴിയില്‍ നിന്ന് മടങ്ങിയത് വലിയ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും, പിന്തുണ കത്ത് കൈമാറിയതോടെ ഗവര്‍ണര്‍ ഉടന്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം അംഗീകരിക്കുകയായിരുന്നു.
തമിഴ്നാട് ഇനി 'ദളപതി' ഭരിക്കും; വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു