തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതത്തിൽ സി.പി.എം താഴെത്തട്ടിലുള്ള കമ്മിറ്റികളിൽ നേതൃമാറ്റത്തിനായുള്ള വൻ പടയൊരുക്കം. പിണറായി വിജയനെ എം.എൽ.എ സ്ഥാനം രാജിവെപ്പിച്ച്, പകരം കെ.കെ. ശൈലജയെ മത്സരിപ്പിച്ചു വിജയിപ്പിച്ച് നിയമസഭയിലെ പ്രതിപക്ഷ നേതാവാക്കണമെന്ന് സി.പി.എം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി യോഗത്തിൽ ഒരംഗം ആവശ്യപ്പെട്ടു. പാർട്ടിയിൽ ഉയർന്നുവന്ന ഈ അസാധാരണ ആവശ്യം നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനുപുറമെ, ജനകീയ മുഖമുള്ള പി. ജയരാജനെ പാർട്ടിയുടെ മുഖ്യ നേതൃനിരയിലേക്ക് ഉയർത്തിക്കൊണ്ടുവരണമെന്ന ആവശ്യവും യോഗത്തിൽ ശക്തമായി ഉയർന്നു.
പാർട്ടിയിലെ വ്യക്തിപൂജാ വിവാദങ്ങളുമായി ബന്ധപ്പെട്ട് നേതൃത്വം ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി. മുൻപ് പി. ജയരാജന് അനുകൂലമായി സംഗീത ആൽബം (പാട്ട്) പുറത്തുവന്നപ്പോൾ അതിനെ ശക്തമായി എതിർക്കുകയും അച്ചടക്കനടപടി സ്വീകരിക്കുകയും ചെയ്ത പാർട്ടി നേതൃത്വം, മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി സമാനമായ രീതിയിൽ പാട്ടുകൾ നിർമ്മിച്ചപ്പോൾ മൗനം പാലിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യം യോഗത്തിൽ ഉയർന്നു.
മുൻ മന്ത്രി വി.എൻ. വാസവനെതിരെയും ഏരിയ കമ്മിറ്റിയിൽ കടുത്ത അമർഷമാണുണ്ടായത്. മന്ത്രിയായിരുന്ന കാലയളവിൽ വി.എൻ. വാസവൻ സാധാരണക്കാരായ പാർട്ടി അണികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പൂർണ്ണമായും അകന്നുപോയെന്ന് യോഗത്തിൽ കുറ്റപ്പെടുത്തലുണ്ടായി. വലിയ മുതലാളിമാരുമായും സമുദായ നേതാക്കളുമായും മാത്രമാണ് അദ്ദേഹം ബന്ധം പുലർത്തിയത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ എന്നിവരുടെ പ്രവർത്തന ശൈലിക്കെതിരെയും യോഗത്തിൽ രൂക്ഷമായ വിമർശനങ്ങളുണ്ടായതായാണ് വിവരം.