ടീം യുഡിഎഫ് റെഡി; കോണ്‍ഗ്രസില്‍ നിന്ന് 11 മന്ത്രിമാര്‍, രണ്ട് വനിതകള്‍; തിരുവഞ്ചൂര്‍ സ്പീക്കര്‍, ഷാനിമോള്‍ ഡെപ്യൂട്ടി സ്പീക്കര്
തിരുവനന്തപുരം: രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരുന്ന പുതിയ യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരുടെ ഔദ്യോഗിക പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രഖ്യാപിച്ചു. കോണ്‍ഗ്രസില്‍ നിന്ന് പതിനൊന്ന് മന്ത്രിമാരും ഘടകകക്ഷികളില്‍ നിന്നുള്ള ഒമ്പത് മന്ത്രിമാരും അടങ്ങുന്നതാണ് പുതിയ മന്ത്രിസഭാ നിര. ഏറെ നാളുകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് മന്ത്രിസഭയില്‍ രണ്ട് വനിതാ മന്ത്രിമാര്‍ ഒരുമിച്ച് വരുന്നത് എന്ന പ്രത്യേകതയും ഇത്തവണത്തെ പട്ടികയ്ക്കുണ്ട്. മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറാകുമ്പോള്‍, ഷാനിമോള്‍ ഉസ്മാനാണ് പുതിയ ഡെപ്യൂട്ടി സ്പീക്കര്‍. നഫീസത്ത് ബീവിക്ക് ശേഷം കാലങ്ങള്‍ക്ക് ശേഷമാണ് ഒരു വനിത നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് എത്തുന്നതെന്ന ചരിത്രപരമായ നേട്ടവും ഇതോടെ യാഥാര്‍ത്ഥ്യമാകുമെന്ന് നിയുക്ത മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരന്‍, എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ബിന്ദു കൃഷ്ണ, എം. ലിജു, ടി. സിദ്ദിഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിസഭയിലേക്ക് എത്തുന്നത്. ഘടകകക്ഷികളില്‍ നിന്ന് സി.പി. ജോണ്‍ (സി.എം.പി), മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ്), അനൂപ് ജേക്കബ് (കേരള കോണ്‍ഗ്രസ് - ജേക്കബ്), ഷിബു ബേബി ജോണ്‍ (ആര്‍.എസ്.പി) എന്നിവരും മന്ത്രിമാരാകും. മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗില്‍ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീര്‍, എന്‍. ഷംസുദ്ദീന്‍, വി.ഇ. അബ്ദുല്‍ ഗഫൂര്‍, കെ.എം. ഷാജി എന്നിവരാണ് മന്ത്രിസഭയിലേക്ക് എത്തുന്നത്. ചീഫ് വിപ്പ് പദവി കേരള കോണ്‍ഗ്രസിനാണെന്നും വ്യക്തിയെ പാര്‍ട്ടി തന്നെ പ്രഖ്യാപിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.
സാമൂഹികവും പ്രാദേശികവുമായ എല്ലാ ഘടകങ്ങളും കൃത്യമായി കണക്കിലെടുത്താണ് കോണ്‍ഗ്രസ് മന്ത്രിമാരെ തീരുമാനിച്ചതെന്ന് നിയുക്ത മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിക്കായി ഒട്ടേറെ വിയര്‍പ്പൊഴുക്കിയ, മന്ത്രിസ്ഥാനത്തിന് പൂര്‍ണ്ണമായും അര്‍ഹരായ ഒരുപാട് പേരെ പലവിധ പരിമിതികള്‍ കാരണം ഇത്തവണ പരിഗണിക്കാന്‍ സാധിച്ചിട്ടില്ലാത്തതില്‍ തനിക്ക് വലിയ ദുഃഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.ഐ.സി.സി നേതൃത്വത്തിന്റെ പൂര്‍ണ്ണമായ അനുവാദത്തോടെയാണ് ഈ അന്തിമ പട്ടിക തയ്യാറാക്കിയത്. സമുദായ സമവാക്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, 'മുഖ്യമന്ത്രിയെക്കാള്‍ വലിയ ശ്രീനാരായണീയന്‍ ആരാണുള്ളത്' എന്ന ചോദ്യത്തോടെയാണ് അദ്ദേഹം അര്‍ത്ഥഗര്‍ഭമായ മറുപടി നല്‍കിയത്.
മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് മുന്നണിയില്‍ ഏകദേശ ധാരണയായിട്ടുണ്ടെന്ന് വി.ഡി. സതീശന്‍ വ്യക്തമാക്കി. പതിവുപോലെ തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം വകുപ്പുകള്‍ അടങ്ങിയ കൃത്യമായ ലിസ്റ്റ് ഗവര്‍ണ്ണര്‍ക്ക് കൈമാറും. ഇത് സംബന്ധിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പുറത്തുവരുമ്പോള്‍ ജനങ്ങള്‍ക്ക് 'അടുത്ത വിസ്മയം' പ്രതീക്ഷിക്കാമെന്നും അദ്ദേഹം ശുഭപ്രതീക്ഷയോടെ കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.