തിരുവനന്തപുരം: 2011-ൽ വി.എസ്. അച്യുതാനന്ദൻ സർക്കാരിന് തുടർഭരണം ലഭിക്കാതിരിക്കാൻ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ബോധപൂർവ്വം ശ്രമിച്ചിരുന്നതായി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ. സുരേഷ് കുമാറിന്റെ വെളിപ്പെടുത്തൽ. സംസ്ഥാനത്തെ 13 മണ്ഡലങ്ങളിൽ എൽഡിഎഫ് സ്ഥാനാർത്ഥികളെ തോൽപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അന്ന് സ്ഥാനാർത്ഥി നിർണ്ണയം നടത്തിയത്. ഇക്കാര്യം വി.എസ്. അച്യുതാനന്ദൻ തന്നെ നേരിട്ട് തന്നോട് പറഞ്ഞിരുന്നതായി വിഎസിന്റെ മുൻ അനുയായിയും മൂന്നാർ ദൗത്യസംഘം അംഗവുമായിരുന്ന സുരേഷ് കുമാർ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ 'വിഎസിനൊപ്പം എന്റെ ദിനങ്ങൾ' എന്ന പുതിയ പുസ്തകത്തിലാണ് രാഷ്ട്രീയ വൃത്തങ്ങളെ പിടിച്ചുലയ്ക്കുന്ന ഈ വെളിപ്പെടുത്തലുകളുള്ളത്.
സിപിഐയുടെ നേതൃത്വത്തിൽ വൻ പണപ്പിരിവ് നടക്കുന്നുവെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിഎസ് മൂന്നാർ കൈയേറ്റം തിരിച്ചുപിടിക്കാൻ ദൗത്യസംഘത്തെ ഇറക്കിയതെന്ന് പുസ്തകത്തിൽ പറയുന്നു. കൈയേറ്റം നിരീക്ഷിക്കാൻ മന്ത്രിമാരായ ബിനോയ് വിശ്വം, കെ.പി. രാജേന്ദ്രൻ എന്നിവരെ ചുമതലപ്പെടുത്തിയെങ്കിലും അവർ കൃത്യമായി പ്രവർത്തിച്ചില്ല. മൂന്നാർ ടൂറിസ്റ്റ് ഹോം എന്ന ഹോട്ടലിന് മുൻപിലെ സ്ലാബ് പൊളിക്കാൻ മണ്ണുമാന്തി യന്ത്രം എത്തുമ്പോൾ അത് സിപിഐ ഓഫീസാണെന്ന കാര്യം മറച്ചുവെച്ചിരുന്നു. എന്നാൽ ദൗത്യം ഒരു ഘട്ടം പിന്നിട്ടപ്പോൾ സിപിഎമ്മും സിപിഐയും ഒരുമിച്ച് വിഎസിനെ വരിഞ്ഞുമുറുക്കുകയായിരുന്നുവെന്നും സുരേഷ് കുമാർ ഓർക്കുന്നു.
വിവാദമായ ഓൺലൈൻ ലോട്ടറി കേസിനെക്കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്. താൻ ലോട്ടറി ഡയറക്ടറായിരിക്കെ എറണാകുളത്ത് അടച്ചുപൂട്ടിച്ച 25 ഓൺലൈൻ ലോട്ടറി ടെർമിനലുകൾ വിഎസിന്റെ മകൻ അരുൺകുമാറിന്റെ ഭാര്യാപിതാവിന്റേതായിരുന്നു. ഇക്കാര്യം അറിഞ്ഞിട്ടും ഓൺലൈൻ ലോട്ടറിക്കെതിരെയുള്ള തന്റെ പോരാട്ടത്തിന് വിഎസ് പൂർണ്ണ പിന്തുണ നൽകി. എന്നാൽ, ലോട്ടറിക്കാരുടെ കോടികളുടെ വിൽപനനികുതി വെട്ടിപ്പിനെതിരെ സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നതിൽ അന്നത്തെ ധനമന്ത്രി തോമസ് ഐസക് ബോധപൂർവ്വം വീഴ്ച വരുത്തിയെന്ന് വിഎസ് തന്നോട് പറഞ്ഞിരുന്നതായും സുരേഷ് കുമാർ പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.
കെ. സുരേഷ് കുമാറിന്റെ ഈ വിവാദ ഗ്രന്ഥം ഇന്ന് തിരുവനന്തപുരത്ത് വെച്ച് പ്രകാശനം ചെയ്യും. കോൺഗ്രസ് നേതാവ് കെ. സുധാകരൻ, മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാൽ പാഷയ്ക്ക് പുസ്തകം നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിക്കുന്നത്.