തിരുവനന്തപുരം: ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനകാലം പൂര്‍ണ്ണമായും പരാതിരഹിതമായിരിക്കണമെന്നും മുന്‍വര്‍ഷങ്ങളിലുണ്ടായ പാളിച്ചകള്‍ ഒരു കാരണവശാലും ആവര്‍ത്തിക്കരുതെന്നും ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ നിര്‍ദ്ദേശം നല്‍കി. കൃത്യമായ മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും അയ്യപ്പഭക്തന്മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതില്‍ യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ശബരിമല തീര്‍ത്ഥാടന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തീര്‍ത്ഥാടനത്തിന് വളരെ നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ ആരംഭിക്കണമെന്ന് മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ തീര്‍ത്ഥാടന കാലത്തിന്റെ ആദ്യ ആഴ്ചയിലുണ്ടായതു പോലുള്ള അമിത തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. തിരക്ക് മൂലം ചില തീര്‍ഥാടകര്‍ക്ക് പന്തളത്ത് വെച്ച് യാത്ര അവസാനിപ്പിക്കേണ്ടി വന്ന സാഹചര്യം ഇത്തവണ ഒഴിവാക്കണം. ശബരിമല തീര്‍ത്ഥാടനത്തിന്റെ പൂര്‍ണ്ണ ചുമതല ദേവസ്വം ബോര്‍ഡിനാണെങ്കിലും സംസ്ഥാന സര്‍ക്കാരിന് ഇതില്‍ വലിയ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഭക്തര്‍ ഇത്തവണ എത്താന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതയോടെയുള്ള മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉടന്‍ തന്നെ ഉന്നതതല യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
തീര്‍ത്ഥാടനകാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ശബരിമലയിലേക്കുള്ള എല്ലാ പ്രധാന റോഡുകളും കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തി സജ്ജമാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ഭക്തര്‍ക്കായി ആവശ്യത്തിന് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ ലഭ്യമാക്കുന്നതിനായി ഗതാഗത മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പൂര്‍ണ്ണ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി കെ. മുരളീധരന്‍ പറഞ്ഞു.
വലിയ വാഹനങ്ങളില്‍ ബുക്ക് ചെയ്ത് വരുന്ന തീര്‍ത്ഥാടകരെ നിലക്കലില്‍ നിര്‍ബന്ധിച്ച് ഇറക്കിവിടുന്നത് മൂലം അവര്‍ക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയും ബുദ്ധിമുട്ടുകളും ഒഴിവാക്കണം. ഇത്തരം വാഹനങ്ങളെ പമ്പയിലേക്ക് നേരിട്ട് കടത്തിവിടുന്ന കാര്യം പോലീസും ദേവസ്വം ബോര്‍ഡും സംയുക്തമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കും. തീര്‍ത്ഥാടന മേഖലകളിലെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ ജീവനക്കാരുടെ കുറവുണ്ടെങ്കില്‍ എം.എല്‍.എമാര്‍ക്ക് അത് അറിയിക്കാമെന്നും, ഇക്കാര്യത്തില്‍ അടിയന്തര നിയമന നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുനല്‍കി. തീര്‍ത്ഥാടനകാലത്തിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇത്തരമൊരു വിപുലമായ അവലോകനയോഗം വിളിച്ചുചേര്‍ത്ത മന്ത്രിയുടെ നടപടിയെ യോഗത്തില്‍ പങ്കെടുത്ത എം.എല്‍.എമാര്‍ അഭിനന്ദിച്ചു.
തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ ആന്റോ ആന്റണി എം.പി, എം.എല്‍.എമാരായ അബിന്‍ വര്‍ക്കി, പഴകുളം മധു, എം.ജെ. സെബാസ്റ്റ്യന്‍, സി.വി. ശാന്തകുമാര്‍, കെ.യു. ജനീഷ് കുമാര്‍, വര്‍ഗീസ് മാമന്‍ എന്നിവര്‍ പങ്കെടുത്തു.
കൂടാതെ ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍, അംഗം കെ. രാജു, പത്തനംതിട്ട ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, പന്തളം കൊട്ടാരം പ്രതിനിധി പ്രദീപം കുമാര്‍ വര്‍മ്മ, ദേവസ്വം കമ്മീഷണര്‍ ബി. സുനില്‍കുമാര്‍, ചീഫ് എന്‍ജിനിയര്‍ രഞ്ജിത്ത് ശേഖര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ.ബി. ബിജു തുടങ്ങിയ പ്രമുഖ ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.
ശബരിമല തീര്‍ത്ഥാടനം പരാതിരഹിതമാകണം, മുന്‍വര്‍ഷത്തെ പാളിച്ചകള്‍ ആവര്‍ത്തിക്കരുത്: മന്ത്രി കെ. മു മുരളീധരൻരളീധരന്