ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ എം.ഡി സ്ഥാനത്തുനിന്ന് ഐ.എ.എസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യരെ മാറ്റിയ നടപടി വിവാദമാക്കേണ്ട കാര്യമില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ. പുതിയ സര്‍ക്കാരുകള്‍ അധികാരത്തില്‍ വരുമ്പോള്‍ ഉദ്യോഗസ്ഥരെ അങ്ങോട്ടുമിങ്ങോട്ടും മാറ്റുന്നത് സ്വാഭാവികമായ നടപടി മാത്രമാണെന്ന് ശൈലജ പ്രതികരിച്ചു.
വിഴിഞ്ഞം തുറമുഖ എം.ഡിയെ മാറ്റിയത് വലിയൊരു 'ഡീലിന്റെ' ഭാഗമായിട്ടാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ രാഗേഷിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശനും രംഗത്തെത്തി. ദിവ്യ എസ്. അയ്യരെ മാറ്റിയത് തികച്ചും സ്വാഭാവികമായ നടപടിയാണെന്നും വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ കെ.കെ. രാഗേഷിന് എന്താണ് ഇത്ര പ്രത്യേക താല്പര്യമെന്നും തന്നെക്കൊണ്ട് കൂടുതല്‍ ഒന്നും പറയിപ്പിക്കരുതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ നേതൃമാറ്റം വരുത്തുന്ന രീതി സി.പി.എമ്മിനില്ലെന്നും കെ.കെ. ശൈലജ വ്യക്തമാക്കി. തോല്‍വിയില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമാണുള്ളത്, അത് വ്യക്തിപരമായ ഒന്നല്ല. തെറ്റ് തിരുത്തി വരുന്നവര്‍ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തുന്നതില്‍ കുഴപ്പമില്ലെന്ന എം.വി. ജയരാജന്റെ പ്രസ്താവനയില്‍ പാര്‍ട്ടി സെക്രട്ടറി തന്നെ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ താന്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും അവര്‍ പറഞ്ഞു. ഇടതുപക്ഷം ക്ഷീണിക്കരുത് എന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനുവേണ്ട തിരുത്തല്‍ നടപടികള്‍ പാര്‍ട്ടി നേതൃത്വം കൃത്യമായി കൈക്കൊള്ളുമെന്നും കെ.കെ. ശൈലജ കൂട്ടിച്ചേര്‍ത്തു.
'ഉദ്യോഗസ്ഥരെ മാറ്റുന്നത് സ്വാഭാവികം, വിവാദം അനാവശ്യം'; ദിവ്യ എസ്. അയ്യരെ മാറ്റിയതില്‍ കെ.കെ. രാഗേഷിന്റെ 'ഡീല്‍' ആരോപണം തള്ളി കെ.കെ. ശൈലജ