കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തങ്ങളുടെ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി. ഹര്‍ജിയില്‍ പ്രോസിക്യൂഷന്റെയും ഇരയായ നടിയുടെയും ഭാഗത്തുനിന്ന് കടുത്ത എതിര്‍പ്പാണ് കോടതിയില്‍ ഉയര്‍ന്നത്.
കേസില്‍ നടന്നത് അതീവ ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കൃത്യമായി കണ്ടെത്തിയിട്ടുള്ളതാണെന്നും നടി കോടതിയെ ബോധിപ്പിച്ചു. ഈ ഘട്ടത്തില്‍ പ്രതികളുടെ ശിക്ഷ മരവിപ്പിച്ചാല്‍ അത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാണുന്നതിന് തുല്യമാകുമെന്ന് നടിയുടെ അഭിഭാഷകന്‍ വാദിച്ചു.
പ്രതികളുടെ ശിക്ഷ യാതൊരു കാരണവശാലും മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷനും കോടതിയില്‍ ശക്തമായി ആവശ്യപ്പെട്ടു. പ്രതികളുടെ ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്ന സര്‍ക്കാരിന്റെ അപ്പീല്‍ നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. ഒന്നാം പ്രതി പള്‍സര്‍ സുനി ഒരു കൊടും ക്രിമിനലാണെന്നും, മുന്‍പ് തുടര്‍ച്ചയായി ജാമ്യാപേക്ഷകള്‍ നല്‍കി കോടതിയുടെ സമയം കളഞ്ഞതിന് പ്രതിക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങി ഒരു മാസം തികയുന്നതിന് മുന്‍പ് തന്നെ പ്രതി വീണ്ടും മറ്റൊരു കേസില്‍ പ്രതിയായ കാര്യം പ്രോസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പ്രതി ഒരു സ്ഥിരം കുറ്റവാളിയാണെന്ന സര്‍ക്കാരിന്റെയും നടിയുടെയും വാദങ്ങള്‍ രേഖപ്പെടുത്തിയ കോടതി, കേസില്‍ ഇരുവിഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷമാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനായി മാറ്റിവെച്ചത്.
നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി മാറ്റി; പ്രതിള്‍ കൊടുംക്രിമിനലെന്ന് സർക്കാർ