കാലടി സർവകലാശാലയിൽ വീണ്ടും നിയമന വിവാദം ; സി.പി.എം സഹയാത്രികയ്ക്ക് ജോലി നല്‍കാന്‍ ഏരിയാ കമ്മിറ്റിയുടെ ശുപാർശ കത്ത്
Jaihind TV News Report
Jaihind TV Web Desk
February 08, 2021
1 min read
•
Updated: June 05, 2026
കൊച്ചി : കാലടി സർവകലാശാലയിൽ വീണ്ടും അധ്യാപക നിയമന വിവാദം. നിയമന ശുപാർശയുമായി സി.പി.എം പറവൂർ ഏരിയാ കമ്മിറ്റി എറണാകുളം ജില്ലാ സെക്രട്ടറിക്കയച്ച കത്ത് പുറത്തായി. നിനിത കണിച്ചേരിക്കൊപ്പം സംഗീതയും ജോലിയിൽ പ്രവേശിച്ചു. സി.പി.എം ഏരിയാ കമ്മിറ്റിയുടെ ശുപാർശ കത്തിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.
കാലടി സംസ്കൃത സർവകലാശാലയിലെ നിയമന വിവാദങ്ങൾ തുടരുകയാണ്. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം
എം.ബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരി മുസ്‌ലിം സംവരണ വിഭാഗത്തിൽ മലയാളം അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിക്കപ്പെട്ടത് വിവാദമായതിന് പിന്നാലെയാണ് മറ്റൊരു ഉദ്യോഗാർത്ഥിയുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള സി.പി.എം പറവൂർ ഏരിയാ കമ്മിറ്റിയുടെ ശുപാർശ കത്ത് പുറത്താതായത്.
2019 സെപ്റ്റംബർ 22 ന് പറവൂർ ഏരിയ സെക്രട്ടറി ടി.ആർ ബോസ് എറണാകുളം ജില്ലാ സെക്രട്ടറിക്കയച്ച കത്താണ് വിവാദമായിരിക്കുന്നത്. സി.പി.എം പറവൂർ ഏരിയ കമ്മിറ്റിയുടെ സീൽ പതിപ്പിച്ച ലെറ്റർ പാഡിലാണ് ശുപാർശ കത്ത് എഴുതിയിട്ടുള്ളത്. സി.പി.എം സഹയാത്രികയായ ഡോ. സംഗീത തിരുവളിന് വേണ്ടിയാണ് ശുപാർശ കത്ത്. പറവൂർ പട്ടണത്തിലെ പാർട്ടി സഹയാത്രികയാണ് സംഗീത തിരുവാൾ എന്ന് ഏരിയാ സെക്രട്ടറി കത്തിൽ പരിചയപ്പെടുത്തുന്നുണ്ട്. കാലടി സംസ്കൃത സർവകലാശാലയിലെ മലയാളം അസിസ്റ്റന്‍റ് പ്രൊഫസർ തസ്തികയിൽ ധീവര കമ്മ്യൂണിറ്റി റിസർവേഷനിൽ ഡോ. സംഗീത തിരുവളിനെ ഇന്‍റർവ്യൂവിന് വിളിപ്പിച്ചിട്ടുണ്ട്. കഴിയാവുന്ന സഹായം ചെയ്തുകൊടുക്കണം എന്ന് ഏരിയാ സെക്രട്ടറി സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിക്ക് കൈമാറിയ കത്തിൽ ആവശ്യപ്പെടുന്നു. തുടർന്ന് ജില്ലാ സെക്രട്ടറി സർവകലാശാല അധികൃതർക്ക് നിയമനകാര്യത്തിൽ ശുപാർശ നൽകുകയും ചെയ്തു എന്നാണ് പുറത്തു വരുന്ന വിവരം.
എന്തായാലും ധീവര സമുദായ സംവരണത്തിൽ മലയാളം അസിസ്റ്റന്‍റ് പ്രൊഫസറായി സംഗീതയ്ക്ക് ജോലി ലഭിച്ചിട്ടുണ്ട്. നിനിത കണിച്ചേരിക്കൊപ്പം സംഗീതയും ജോലിയിൽ പ്രവേശിച്ചെന്ന് കാലടി സർവകലാശാല മലയാളം വിഭാഗം മേധാവി പ്രതികരിച്ചു. കത്ത് സംബന്ധിച്ച് ഒന്നും അറിയില്ലെന്നും മലയാളം വിഭാഗം മേധാവി പറയുന്നു. എന്തായാലും 5 വർഷത്തിനിടെ കാലടി സർവകലാശാലയിൽ നടന്ന മുഴുവൻ നിയമനങ്ങളും അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10