മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിക്ക് വേണ്ടി കുഴലൂതുന്നു: കെ സുധാകരന്‍ എംപി
Jaihind TV News Report
Jaihind TV Web Desk
September 24, 2022
1 min read
•
Updated: June 05, 2026
തിരുവനന്തപുരം: കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയും സിപിഎമ്മും ബിജെപിക്ക് വേണ്ടി കുഴലൂത്ത് നടത്തുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായി പോരാടുമ്പോള്‍ അതിനെ പ്രതിരോധിക്കാനും പരാജയപ്പെടുത്താനും കേരളത്തില്‍ അരയും തലയും മുറുക്കി രംഗത്തെത്തുന്നത് സിപിഎമ്മിന്‍റെ ഏക മുഖ്യമന്ത്രി പിണറായി വിജയനാണ്. അതിനാലാണ് ജനസ്വീകാര്യത ലഭിച്ച രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ തുടരെത്തുടരെ മുഖ്യമന്ത്രി വിമര്‍ശിക്കുന്നത്. സംഘപരിവാറിന്‍റെ പ്രത്യയശാസ്ത്രം അദ്ദേഹം കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാത്തതും മുസ്‌ലിം നാമധാരികളുടെ പേരില്‍ യുഎപിഎ ചുമത്തി ജയിലിലടച്ചതും അതിനുള്ള ഉദാഹരണങ്ങളിലൊന്നാണ്.
ദേശീയതലത്തില്‍ ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് മാത്രമാണെന്ന് രാജ്യത്തെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വം തിരിച്ചറിയുകയും മതേതര ജനാധിപത്യ ചേരി ശക്തിപ്പെടുത്താനുള്ള ശ്രമം തുടരുകയും ചെയ്യുമ്പോഴും സിപിഎം കേരള ഘടകം അന്ധമായ കോണ്‍ഗ്രസ് വിരോധം മുലം ഭൂരിപക്ഷ വര്‍ഗീയ ശക്തികള്‍ക്ക് രാഷ്ട്രീയ പിന്തുണ നല്‍കുകയാണ്. ആര്‍എസ്എസ് സൈദ്ധാന്തികരുടെ ലേഖനങ്ങളും വിചാരധാരകളും കണ്ണൂര്‍ സര്‍വകലാശാലയില്‍ പഠിപ്പിക്കാനുള്ള വിവാദ സിലബസിന് അനുകൂല തീരുമാനമെടുത്ത വ്യക്തിയെ വീണ്ടും കണ്ണൂര്‍ വിസി ആക്കാന്‍ എല്ലാ ചട്ടങ്ങളും സത്യപ്രതിജ്ഞാ ലംഘനവും നടത്തി ഇടപെട്ട വ്യക്തിയായ മുഖ്യമന്ത്രിക്ക് കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണുള്ളതെന്നും സുധാകരന്‍ ചോദിച്ചു.
വത്സന്‍ തില്ലങ്കേരി പോലുള്ള ഇടനിലക്കാരുടെ സഹായത്തോടെ ആര്‍എസ്എസ് ബന്ധം പരിപോഷിപ്പിക്കുന്ന കേരള മുഖ്യമന്ത്രി സംഘപരിവാര്‍ മനസുള്ള വ്യക്തിയാണ്. ബിജെപി നേതൃത്വത്തോട് എന്നും മൃദുസമീപനം സ്വീകരിച്ചിട്ടുള്ള അദ്ദേഹം അമിത് ഷായ്ക്ക് പറന്നിറങ്ങാന്‍ ഉദ്ഘാടനം പോലും കഴിയാത്ത കണ്ണൂര്‍ വിമാനത്താവളം തുറന്നുനല്‍കിയും ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ പ്രത്യേക താല്‍പര്യമെടുത്ത് ഉദ്യോഗസ്ഥ സംഘത്തെ അയച്ചും ബിജെപിയോടുള്ള മമത കൂടുതല്‍ പ്രകടമാക്കിയിട്ടുണ്ട്.
നയപരമായ തീരുമാനങ്ങളില്‍ സിപിഎം കേരളഘടകത്തിന്‍റെ കൈകടത്തലാണ് ദേശീയതലത്തില്‍ സിപിഎമ്മിന്‍റെ പ്രസക്തി കുറയാന്‍ കാരണം. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോയിനിന്ന് ഉറക്കെ സംസാരിക്കാന്‍ പോലും മുഖ്യമന്ത്രിക്കും സിപിഎമ്മിനും ത്രാണിയില്ല. അടുത്തിടെ കര്‍ണ്ണാടക സന്ദര്‍ശിച്ച കേരള മുഖ്യമന്ത്രി അവിടുത്തെ ബിജെപി മുഖ്യമന്ത്രിയുടെ സത്കാരം ആവോളം സ്വീകരിച്ചാണ് മടങ്ങിയത്.
ലാവലിന്‍ കേസ് അനിശ്ചിതമായി സുപ്രീംകോടതിയില്‍ മാറ്റിവെക്കുന്നതിന്‍റെ പൊരുള്‍ അന്വേഷിച്ചാലും മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്‍റെ ഓഫീസിനേയും സംശയനിഴലില്‍ നിര്‍ത്തിയ സ്വര്‍ണ്ണക്കടത്ത് കേസിലെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം നിലച്ചതിന്‍റെ പിന്നാമ്പുറം ചികഞ്ഞാലും സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാരയുടെ ആഴവും പരപ്പും കൂടുതല്‍ തെളിഞ്ഞ് വരും. ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കള്ളപ്പണക്കടത്തല്‍ കേസുകള്‍ പെടുന്നനെ നിലച്ചതും അവയെല്ലാം കോള്‍ഡ് സ്റ്റോറേജിലായതും ഇതേ സഖ്യത്തിന്‍റെ ഇടപെടല്‍ കൊണ്ടുതന്നെയാണെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10